ഷിബിന്‍ വധക്കേസ്: പ്രതികള്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി
Posted on: 03 May 2015
നാദാപുരം : തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് സി.കെ. ഷിബിന്‍ വധിക്കപ്പെട്ട കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിട്ടു. നാദാപുരം പോലീസ് നല്കിയ റിപ്പോര്‍ട്ടിനെ ത്തുടര്‍ന്നാണ് കോടതി നേരത്തേയുള്ള ജാമ്യവ്യവസ്ഥയിലെ പ്രധാനഭാഗങ്ങള്‍ റദ്ദാക്കിക്കൊണ്ട് പുതിയ ഉത്തരവിട്ടത്.
നേരത്തേ കോഴിക്കോട് ജില്ല വിട്ട് പോകരുതെന്നും കേരളം വിട്ട് പോകുന്നുവെങ്കില്‍ കോടതിയുടെ അനുമതി വാങ്ങണമെന്നും കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഭേദഗതി വരുത്തിയാണ് ജില്ലയില്‍ പ്രവേശിക്കരുതെന്ന പുതിയ ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചത്.
തെയ്യമ്പാടി ഇസ്മായില്‍, സഹോദരന് തെയ്യമ്പാടി മുനീര്‍, കാളിയപറമ്പത്ത് അസ്ലം, വരാങ്കി താഴെക്കുനി സിദ്ധീഖ്, മണിയന്റവിട മുഹമ്മദ് അനീസ്, കളമുള്ളതില്‍ ഷുഹൈബ് എന്നിവര്‍ക്കാണ് കഴിഞ്ഞദിവസം കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷകന്റെ ഓഫീസില്‍ പോകാനും കോടതി ആവശ്യത്തിനും മാത്രമേ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും കോടതിയുടെ ഉത്തരവിലുണ്ട്.
പ്രതികളും പരിക്ക് പറ്റിയവരും കൊല്ലപ്പെട്ടവനും തൂണേരി പ്രദേശത്തുകാരാണെന്നും പ്രതികള്‍ നാട്ടില്‍ നില്‍ക്കുന്നത് അവരുടെ ജീവന് ഭീഷണിയാണെന്നും പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ 85 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഭരണകൂട, രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ തൂണേരി, എടച്ചേരി ഗ്രാമപ്പഞ്ചായത്തുകളില്‍ ശനിയാഴ്ച ഹാര്ത്താലാചരിച്ചു.
വിവിധ പഞ്ചായത്തുകളില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പബ്ലിക് പ്രോസിക്യൂട്ടറും പ്രതികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ജാമ്യം ലഭിച്ചതെന്നും ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ വി.പി. കുഞ്ഞികൃഷ്ണന് പറഞ്ഞു.
അതിനിടെ, പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്ന നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഫയല്‍ നാദാപുരം പോലീസ് റൂറല്‍ എസ്.പി.ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ജില്ലാ കളക്ടറില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കാപ്പ ചുമത്തിയാല്‍ കോടതിയില്‍ നിലനില്‍ക്കുമോയെന്ന കാര്യവും പോലീസ് നിയമവിദഗ്ധരുമായി ആലോചിക്കുന്നുണ്ട്.