കാപ്പാട് : അസ്തമിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍
Posted on: 03 May 2015
കൊയിലാണ്ടി: കാപ്പാട് തീരത്ത് ചുഴിയില്‍പ്പെട്ട് മരിച്ച മൂന്നുപേരും ഒരേ കുടുംബാംഗങ്ങള്‍. മകന് ഇന്ദുധര്‍ (24) ചുഴിയില്‍പ്പെട്ട് മരണത്തോട് മല്ലടിക്കുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു വെങ്കിട്ടരാമനും ബന്ധു വെങ്കിടേഷും. ഇന്ദുധറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരും ചുഴിയില്‍പ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മൂവരെയും കരയ്ക്കെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
കര്‍ണാടകയിലെ മൈസൂരുവില്‍നിന്ന് രണ്ടുദിവസം മുമ്പാണ് ഇവര്‍ വിനോദയാത്രയ്ക്കായി കേരളത്തിലേക്കെത്തുന്നത്. വയനാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപതോളം പേര് അടങ്ങുന്ന സംഘം കാപ്പാട് എത്തിയത്. ഗാമാസ്തൂപത്തിന് സമീപത്തെ പുലിമുട്ടില്‍ നിന്നാണ് ബെംഗളൂരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായ ഇന്ദുധര്‍ ചുഴിയില്‍പ്പെട്ടത്.
സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും മണലെടുപ്പുമൂലം രൂപപ്പെട്ട കുഴിയും അശ്രദ്ധയുമാണ് ഒരു കുടുംബത്തെ തീരാദുഃഖത്തിലേക്ക് നയിച്ചത്. ദിവസേന ആയിരങ്ങള്‍ എത്തുന്ന കാപ്പാട് തീരം അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിനനുസരിച്ച് സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും.