പ്രതികള്‍ക്ക് ജാമ്യം: പ്രോസിക്യൂട്ടറുടെ പങ്ക് അന്വേഷിക്കണം
Posted on: 03 May 2015
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് ഷിബിന്റെ കൊലപാതകവുമായ ബന്ധപ്പെട്ട് മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം കിട്ടാനിടയായ സാഹചര്യത്തില്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിനും പ്രോസിക്യൂട്ടര്ക്കുമുള്ള പങ്ക് അന്വേഷണവിധേയമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പില്ലാത്തതുകൊണ്ടാണ് പ്രതികള്‍ക്ക് നിസ്സാരമായ ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഇത് പോലീസിന്റെ ആത്മവീര്യം കെടുത്താനും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും കാരണമാകും. ജാമ്യാപേക്ഷയെ എതിര്‍ക്കാതിരിക്കാന്‍ ആഭ്യന്തര വകുപ്പില്‍നിന്നും ലീഗ് നേതൃത്വത്തില്‍നിന്നും പ്രോസിക്യൂട്ടറുടെ ഓഫീസിന് സമ്മര്‍ദമുണ്ടായിട്ടുണ്ട്. ഷിബിന്റെ കൊലക്കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം. നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ഷിബിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാനും യുവമോര്‍ച്ച തയ്യാറാണ്.