സുഭിക്ഷ: ഓഡിറ്റ് റിപ്പോര്‍ട്ടിനെച്ചൊല്ലി ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ബഹളം
Posted on: 03 May 2015
പേരാമ്പ്ര: സുഭിക്ഷ പദ്ധതിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതിനും എം. കുഞ്ഞമ്മദിനെതിരെ വിജിലന്‍സ് കേസെടുത്തതിനും ശേഷം നടന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയോഗം ബഹളത്തിലായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞമ്മദ് 'സുഭിക്ഷ' വിഷയത്തില്‍ മറുപടി പറയണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് പ്രസിഡന്റും നിലപാടെടുത്തു. തുടര്‍ന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഡി.ആര്.ഡി.എ. പ്രോജക്ട് ഇംപ്ലൂമെന്റ് ടീം, ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതികള്‍, സുഭിക്ഷ കമ്പനി എന്നിവരോട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ജൂണ്‍ രണ്ടിനുള്ളില്‍ വിശദീകരണംതേടാനും ഭരണസമിതി തീരുമാനിച്ചു. ഇതില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷാംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു.
ജൂണ്‍ ആദ്യ ആഴ്ച ഉദ്യോഗസ്ഥരില്‍ നിന്നും പഞ്ചായത്ത് ഭരണസമിതികളില്‍ നിന്നും മറുപടി ലഭിച്ചതിനുശേഷം ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്ത് ഓഡിറ്റ് വിഭാഗത്തിനും സര്‍ക്കാറിനും മറുപടി നല്‍കുമെന്നാണ് ഭരണപക്ഷാംഗങ്ങള്‍ പറയുന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയ കമ്പനിയുടെ ചെയര്മാന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചര്‍ച്ച പാടില്ലെന്ന നിലപാടെടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് യു.ഡി.എഫ്. നേതാക്കള്‍ പിന്നീട് പറഞ്ഞു. ഇല്ലാത്ത അധികാരമുപയോഗിച്ച് വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമായ ഉദ്യോഗസ്ഥരോടും ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതികളോടും വിശദീകരണം തേടുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും ആരോപിച്ചു.
ഭരണസമിതി യോഗം നടക്കുന്നതിനിടെ എം. കുഞ്ഞമ്മദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫുകാര്‍ ബ്ലോക്ക് പഞ്ചായത്തിനു മുമ്പില്‍ ധര്‍ണ നടത്തി. യു.ഡി.എഫ്. ജില്ലാ ചെയര്മാന് അഡ്വ. പി. ശങ്കരന് ഉദ്ഘാടനം ചെയ്തു. എസ്.പി. കുഞ്ഞമ്മദ് അധ്യക്ഷതവഹിച്ചു. കെ. ബാലനാരായണന്‍, എ.വി. അബ്ദുള്ള, കെ. സജീവന്, രാജന് മരുതേരി, എസ്.കെ. അസൈനാര്‍, കെ.കെ. നാരായണന്, കെ.വി. രാഘവന്, ആവള ഹമീദ്, കല്ലൂര്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.