നമ്പൂതിരി വീണ്ടും 'മാതൃഭൂമി'യില്‍; ഇത്തവണ നടനായി

Posted on: 03 May 2015



കോഴിക്കോട്: വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ആര്‍ട്ടിസ്റ്റ് നമ്പൂതിരി വീണ്ടും 'മാതൃഭൂമി'യുടെ പടവുകള്‍ കയറി.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനാണ് അദ്ദേഹം സംവിധായകനോടൊപ്പം മാതൃഭൂമിയിലെത്തി താനായിത്തന്നെ ജീവിച്ചത്.
അതേസമയം, ഷാജി എന്‍. കരുണിനെ പിന്തുടര്‍ന്നും വേറൊരു ക്യാമറയും സംവിധായകനും ഉണ്ടായിരുന്നത് അപൂര്‍വ സന്ദര്‍ശനത്തിലെ കൗതുകമായി. സംവിധായകന്‍ ബിനുരാജാണ് ഷാജി എന്‍. കരുണിനെക്കുറിച്ച് എടുക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം സമാന്തരമായി നടത്തുന്നത്.
പതിറ്റാണ്ടുകളോളം മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി വരച്ച തന്റെ രേഖാചിത്രങ്ങള്‍ക്ക് നിമിത്തമായ ഇടങ്ങളിലൂടെയെല്ലാം സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ നിര്‍ദേശാനുസരണം ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മരണകള്‍ അയവിറക്കിനടന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും ജനറല്‍ മാനേജര്‍ (എച്ച്.ആര്‍.ഡി.) ആനന്ദും ചേര്‍ന്ന് നമ്പൂതിരിയെയും സംവിധായകന്‍ ഷാജി എന്‍. കരുണിനെയും സ്വീകരിച്ചു.
മാതൃഭൂമിയുടെ എം.എം. പ്രസ് ഓഫീസിലും ഡോക്യുമെന്ററിയുടെ ചിത്രീകരണമുണ്ടായി. ഷാജി എന്‍. കരുണിന്റെ സംവിധാനരീതികളാണ് ബിനുരാജിന്റെ ഡോക്യുമെന്ററിയുടെ വിഷയം.


More News from Kozhikode