സ്കൂള്‍ അഴിമതി മനുഷ്യാവകാശപ്രവര്‍ത്തകന്‍ നേരേ അക്രമം: രണ്ടുപേര്‍ക്കെതിരെ കേസ്
Posted on: 03 May 2015
കുറ്റിയാടി: വയോധികനായ മനുഷ്യാവകാശ പ്രവര്ത്തകന് ഡല്‍ഹി കേളപ്പനു (67) നേരെ അക്രമം. കായക്കൊടി വണ്ണാത്തിപ്പൊയില്‍ വെച്ചുണ്ടായ അക്രമത്തില്‍ പരിക്കേറ്റ കേളപ്പനെ വടകര ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയില്‍ കത്തിയണപ്പന്‍ ചാലില്‍ രവീന്ദ്രന്, എടപ്പള്ളി ചിറയില്‍ സന്തോഷ് എന്നിവര്‍ക്കെതിരെ തൊട്ടില്‍പ്പാലം പോലീസ് കേസ്സെടുത്തു. കായക്കൊടി നെടുമണ്ണൂര്‍ എല്‍.പി. സ്കൂളിന്റെ പേരില്‍ നടന്ന അഴിമതി പുത്തുകൊണ്ടുവന്നതിലെ ൈവരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പറയുന്നു. നെടുമണ്ണൂര്‍ സ്കൂള്‍ വിലയ്ക്കു വാങ്ങാനെന്ന വ്യാജേന ഇല്ലാത്ത ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ് നടത്തി ലക്ഷങ്ങള്‍ മുക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. സി.പി.എം. നേതൃത്വത്തിലെ ചിലര്‍ നടത്തിയ ഈ പണപ്പിരിവ് സംബന്ധിച്ച് കേളപ്പന് ഈയിടെ ചില വെളിപ്പെടുത്തലുകളും നടത്തി. സംഭവം വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു.
കുറ്റിയാടി: മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡല്‍ഹി കേളപ്പനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിറ്റിസണ്‍ ഫോറം ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് യോഗം ആവശ്യപ്പെട്ടു. പ്രൊഫ. വി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. മൊയ്തു കണ്ണങ്കോടന്‍, ടി. ഗോപിനാഥ്, പി. മജീദ്, മോഹന്‍ദാസ് കായക്കൊടി, യൂനുസ് ഹാജി, ഗഫൂര്‍ മേലോപ്പൊയില്, അന്‍വര്‍ കുറ്റിയാടി. റിയാസ് വേളം, പവിത്രന് മുക്കുറ്റി എന്നിവര്‍ സംസാരിച്ചു.