പൂര്‍ത്തിയായ മൂലവട്ടം മേല്‍പ്പാലവും പൂര്‍ത്തിയാകാത്ത പാക്കില്‍ കഞ്ഞിക്കുഴി ബൈപ്പാസും

Posted on: 04 Sep 2014കോട്ടയം: ഒരു നാടിന്റെ ചിരകാല സ്വപ്നമായിരുന്ന കോട്ടയം മൂലവട്ടം റെയില്‍വേ മേല്‍പ്പാലം നാളെ പൂര്‍ണ്ണമാവുകയാണ്. എന്നാല്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു സ്വപ്നം ഇന്ന് ദുരിതമായി മാറുകയാണ്. മൂലവട്ടം റെയില്‍വേ മേല്‍പ്പാലം പൂര്‍ത്തിയാകുമ്പോള്‍ കോട്ടയം നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ കഞ്ഞിക്കുഴിയില്‍ നിന്നും കൊല്ലാട് വഴി മൂലവട്ടം റെയില്‍വേ മേല്‍പ്പാലം കയറി എം സി റോഡില്‍ എത്തുവാന്‍ തുടങ്ങി വച്ച പാക്കില്‍ കഞ്ഞിക്കുഴി ബൈപ്പാസിന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍ നില്‍ക്കുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട പദ്ധതിയില്‍പെടുത്തി തുടങ്ങിവച്ച ഈ റോഡിന്റെ നിര്‍മ്മാണം എങ്ങും എങ്ങും എത്താതെ നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ജെ സി ബി ഉപയോഗിച്ച് നിലവില്‍ ഉണ്ടായിരുന്ന ടാറിംഗ് കുത്തിപ്പൊളിചിട്ടപ്പോള്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചു എങ്കിലും, കുത്തിപ്പൊളിച്ച റോഡ് 2 മാസം അങ്ങനെ തന്നെ കിടന്നു. തുടര്‍ന്ന് ജനങ്ങളും യാത്രികരും രോഷകുലരായതിനാല്‍ ഉടനെ തന്നെ ടാറിംഗ് പണികള്‍ പൂര്‍ത്തിയാക്കി.

എന്നാല്‍ ശക്തമായ മഴയ്ക്ക് ശേഷം കൊല്ലാട് ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പോലും സാധിക്കാത്തവണ്ണം വഴിയില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും, വെള്ളം നിറഞ്ഞ് കുളത്തിനു സമാനം ആവുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍ പോലും ഈ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുമ്പോള്‍ എന്ത് ചെയ്യും എന്നറിയാതെ നില്‍ക്കുകയാണ് നാട്ടുകാര്‍. ഉടനെ തന്നെ വലിയ പ്രധിഷേധങ്ങള്‍ക്ക് രൂപം നല്‍കുവാന്‍ വിവിധ സംഘടനകള്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

വാര്‍ത്ത അയച്ചത് അനീഷ് കെ നായര്‍

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം