ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തകര്‍ച്ച നല്ല സിനിമകളുടെ നഷ്ടത്തിന് കാരണമായി

Posted on: 20 Nov 2014ചാത്തന്നൂര്‍: ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ മന്ദീഭവിച്ചതോടെ മലയാളത്തിന് നല്ല സിനിമകളും നഷ്ടമായെന്ന് സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് പ്രാധാന്യം നേടിക്കൊടുത്തത് ലൈബ്രറി പ്രസ്ഥാനങ്ങളും ഫിലിം സൊസൈറ്റികളുമാണ്.
പാരിപ്പള്ളി ഗണേശ് സ്മാരക ഗ്രന്ഥശാലയില്‍ ആരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുരേഷ് ഉണ്ണിത്താന്‍.
ജനങ്ങളെ സ്വാധീനിക്കുന്ന ഏറ്റവും ശക്തമായ മാധ്യമം സിനിമയാണ്.
തമിഴ്, തെലുങ്ക് സിനിമകളുടെ പിന്നാലെ പോയി മലയാളസിനിമയ്ക്ക് ആസ്തിത്വം നഷ്ടപ്പെട്ടു. ഇതിന് മറ്റൊരു കാരണം ഇപ്പോഴത്തെ സീരിയലുകളാണെന്നും അദ്ദേഹം പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് അഡ്വ. എസ്.ആര്‍.അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. തിരക്കഥാകൃത്ത് രാജന്‍ കിഴക്കനേല, സംവിധായകന്‍ സുരേഷ് ഗോപാല്‍, കെ.ബി.മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍.വി.ജയപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി.സദാനന്ദന്‍ സ്വാഗതവും, ആര്‍.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത അയാള്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ചലച്ചിത്രമേള 26ന് സമാപിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam