തകര്‍ന്നുവീഴാറായ ഷെഡ്ഡിനുള്ളില്‍ കരുനാഗപ്പള്ളിയിലെ രക്ഷാപ്രവര്‍ത്തകര്‍

Posted on: 20 Nov 2014കരുനാഗപ്പള്ളി: ആലപ്പാടിന്റെ തീരങ്ങളില്‍ സുനാമി തിരമാലകള്‍ സംഹാര താണ്ഡവമാടിയപ്പോഴും പുത്തന്‍തെരുവിലെ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നാട് വിറങ്ങലിച്ചു നിന്നപ്പോഴും സ്വന്തം ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരാണ് കരുനാഗപ്പള്ളിയിലെ അഗ്നിശമന സേന. അപകടങ്ങള്‍ പതിവായ കരുനാഗപ്പള്ളിയില്‍ ചെറുതും വലുതുമായ ദുരന്തങ്ങളില്‍ നിരവധി ജീവനുകളാണ് ഇവരുടെ സമയോചിത ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്. എന്നിട്ടും ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ ഷെഡ്ഡിനുള്ളില്‍ കുടിയിറക്കല്‍ ഭീഷണിയിലാണ് കരുനാഗപ്പള്ളിയിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റ്. ദുരന്തമുഖങ്ങളില്‍ രക്ഷകരായി എത്തിയപ്പോള്‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞവരാരും ഇപ്പോള്‍ ഇവരുടെ രക്ഷയ്ക്കായി എത്തുന്നില്ല.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് സമീപം വാടകക്കെട്ടിടത്തിലാണ് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. ഏത് നിമിഷവും നിലം പതിക്കാവുന്ന തുറസ്സായ ഷെഡ്ഡില്‍ 39 ജീവനക്കാരാണ് ദുരന്തസ്ഥലങ്ങളില്‍ നിന്നെത്തുന്ന ഫോണ്‍ കോളുകള്‍ക്ക് കാതോര്‍ത്ത് 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്നത്. എന്നാല്‍, വര്‍ഷങ്ങളായി ഇവര്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്കുമുന്നില്‍ അധികൃതരും ജനപ്രതിനിധികളും കണ്ണടയ്ക്കുന്നു.
1989 ലാണ് കരുനാഗപ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ അനുവദിച്ചത്. ആദ്യം ലാലാജി ജങ്ഷനിലായിരുന്നു സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. 1999 ല്‍ ഇപ്പോഴുള്ള വാടകക്കെട്ടിടത്തിലേക്ക് സ്റ്റേഷന്‍ മാറ്റി. ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ പോലും ഇവിടെ സ്ഥലമില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. മഴയും കാറ്റും ഉണ്ടായാല്‍ ഷെഡ്ഡിന് മുകളിലെ ഷീറ്റുകള്‍ തകര്‍ന്നുവീഴുന്ന അവസ്ഥ. പോരാത്തതിന് ഇഴജന്തുക്കളുടെയും പട്ടികളുടെയും ശല്യവും. ഫയര്‍ ഫോഴ്‌സിന്റെ വാഹനങ്ങള്‍ ഇട്ടിരിക്കുന്ന കെട്ടിടവും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. നാല് മൊബൈല്‍ ടാങ്കര്‍ യൂണിറ്റുകളും ഒരു ആംബുലന്‍സുമാണ് ഇവിടെ ഉള്ളത്. ഷെഡ്ഡില്‍ സ്ഥലമില്ലാത്തതിനാല്‍ രണ്ട് മൊബൈല്‍ ടാങ്കര്‍ യൂണിറ്റുകള്‍ വെയിലും മഴയുമേറ്റ് വെളിയില്‍ കിടക്കുന്നു. ഈ ഷെഡ്ഡിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു വീഴുന്നത് പതിവാണ്. ഇതിനിടയില്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഈ ആവശ്യം ഉന്നയിച്ച് സ്ഥലം ഉടമ ആഭ്യന്തര വകുപ്പിനെ സമീപിച്ചതായും സൂചനയുണ്ട്.
ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായി. സ്വന്തമായി സ്ഥലമില്ലാത്തതാണ് ഏക തടസ്സം. ഫയര്‍ ഫോഴ്‌സ് യൂണിറ്റിന് ആവശ്യമായ 20 സെന്റ് സ്ഥലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളെയും സമീപിച്ചു. ഒരിടത്തുനിന്നും അനുകൂല നടപടി ഉണ്ടായില്ല. ഇതിനിടയില്‍ കരുനാഗപ്പള്ളിയില്‍ ഒഴിഞ്ഞുകിടക്കുന്ന പഴയ കെ.ഐ.പി. കെട്ടിടവും സ്ഥലവും വിട്ടുനല്‍കാന്‍ നടപടികള്‍ തുടങ്ങിയിരുന്നു. അന്ന് കളക്ടറായിരുന്ന കരുനാഗപ്പള്ളി സ്വദേശി ബി.മോഹനന്റെ ഇപെടീലിന്റെ ഫലമായിട്ടായിരുന്നു ഇത്. ഇതിനിടയില്‍ അദ്ദേഹം സ്ഥലംമാറി പോയതോടെ തുടര്‍ നടപടികളും നിലച്ചു.
കരുനാഗപ്പള്ളി നഗരത്തില്‍ പോലീസ് സ്റ്റേഷനോടു ചേര്‍ന്നുള്ള ഒരേക്കറിലധികം സ്ഥലത്തു നിന്നും 20 സെന്റ് സ്ഥലം വിട്ടുനല്‍കണമെന്ന ആവശ്യം ശക്തമാണ്. പോലീസ് ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ബാക്കി ഭാഗം കാടുമൂടി കിടക്കുകയാണ്. ദേശീയപാതയോട് ചേര്‍ന്നുള്ള ഈ സ്ഥലം വിട്ടുനല്‍കിയാല്‍ എന്തുകൊണ്ടും സൗകര്യമായിരിക്കും. എവിടെ അപകടം ഉണ്ടായാലും പെട്ടെന്ന് ഓടിയെത്താനും സാധിക്കും. ഫയര്‍ ഫോഴ്‌സും പോലീസും ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. സുനാമിദുരന്തം ഉണ്ടായപ്പോഴും ടാങ്കര്‍ ദുരന്തം ഉണ്ടായപ്പോഴും സ്ഥലത്തെത്തിയ മന്ത്രിമാരും ജനപ്രതിനിധികളും കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന് സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. ചവറയില്‍ ഫയര്‍ സ്റ്റേഷന്‍ തുടങ്ങുന്നതിനായി കെ.എം.എം.എല്‍. സ്ഥലം അനുവദിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ ആവശ്യമായ സ്ഥലം കിട്ടിയില്ലെങ്കില്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റ് ചവറയിലേക്ക് മാറ്റുന്നതിനും സാധ്യതയുണ്ട്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam