വനിതകള്‍ക്ക് നേരെ അതിക്രമം; പഞ്ചായത്തംഗത്തിനെതിരെ കേസ്‌

Posted on: 20 Nov 2014ചാത്തന്നൂര്‍: വനിതകള്‍ക്കെതിരെ അക്രമം കാട്ടുകയും വനിതാസമാജത്തിന്റെ മിനുട്ട്‌സ് ബുക്ക് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തതിന് ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തംഗവും സി.പി.എം. നേതാവുമായ ആര്‍.രംഗകുമാറിനെതിരെ ചാത്തന്നൂര്‍ പോലീസ് കേസെടുത്തു. വനിതാ സമാജം ഭാരവാഹികള്‍ എ.സി.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള വനിതാ സമാജത്തിന്റെ നാലര സെന്റ് വസ്തുവും കെട്ടിടവും ഗ്രാമപ്പഞ്ചായത്തിന് എഴുതി നല്‍കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഏഴിന് വൈകിട്ട് 4ന് വനിതാ സമാജത്തിന്റെ പൊതുയോഗം വിളിച്ചുകൂട്ടി. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും വനിതാ സമാജത്തിന്റെ വക വസ്തുവും കെട്ടിടവും ഗ്രാമപ്പഞ്ചായത്തിന് വിട്ടുനല്‍കരുതെന്നും പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും അഭിപ്രായപ്പെട്ടു. പൊതുയോഗത്തിന്റെ തീരുമാനം സമാജത്തിന്റെ മുന്‍ പ്രസിഡന്റും ഗ്രാമപ്പഞ്ചായത്തംഗവുമായ സരോജിനിദാസ് മിനുട്‌സ് ബുക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ രംഗകുമാര്‍ എത്തി മിനുട്‌സ് ബുക്ക് തട്ടിയെടുക്കുകയും വലിച്ചെറിയുകയും ഭാരവാഹികളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.
ഇതേക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരെ കേസെടുക്കുകയായിരുന്നു. വനിതാ സമാജത്തിന്റെ മിനുട്‌സ് പിടിച്ചെടുത്ത് വലിച്ചുകീറി എന്ന പരാതി വ്യാജമാണെന്നും തന്റെ പേരില്‍ ചാത്തന്നൂര്‍ പോലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും സി.പി.എം. പ്രാദേശിക നേതാവും ഗ്രാമപ്പഞ്ചായത്തംഗവുമായ ആര്‍.രംഗകുമാര്‍ പറഞ്ഞു. 12 വര്‍ഷമായി പ്രവര്‍ത്തനരഹിതമായ വനിതാ സമാജത്തെ പുനരുദ്ധരിക്കാനാണ് ശ്രമിച്ചത്.
അംഗവൈകല്യം വന്ന കുട്ടികളുടെയും മറ്റും പുനരുദ്ധാരണത്തിനു വേണ്ടി വനിതാസമാജം കെട്ടിടം വിനിയോഗിക്കാനാണ് ശ്രമിച്ചത്. ഇതിനുവേണ്ടി ത്രിതല പഞ്ചായത്തുകളുടെ ബജറ്റില്‍ ഏഴ് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഗ്രാമപ്പഞ്ചായത്തംഗം എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുത്തതെന്നും ആര്‍.രംഗകുമാര്‍ അറിയിച്ചു.
വനിതാസമാജത്തിന്റെ പിന്നില്‍ ശക്തമായ രാഷ്ട്രീയമുണ്ടെന്നും തന്നെ തേജോവധം ചെയ്യാനും കള്ളക്കേസില്‍ കുടുക്കാനുമാണ് യു.ഡി.എഫ്. ശ്രമിച്ചതെന്നും രംഗകുമാര്‍ പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam