സേൈപ്ലകായ്ക്ക് 7 ലക്ഷത്തിന്റെ കുടിശ്ശിക; ശാസ്താംകോട്ട താലൂക്ക് ആസ്​പത്രിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സുകാര്‍ക്ക് മരുന്നില്ല

Posted on: 20 Nov 2014ശാസ്താംകോട്ട: മരുന്നു നല്‍കിയതിന് ലഭിക്കേണ്ട ഏഴ് ലക്ഷത്തോളം രൂപ കിട്ടാതായതോടെ ശാസ്താംകോട്ട താലൂക്ക് ആസ്​പത്രിയിലേക്കുള്ള മരുന്നു വിതരണം സപ്ലൈകോ നിര്‍ത്തിവച്ചു. ഇതോടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍പ്പെടുന്ന രോഗികള്‍ക്ക് നല്‍കാന്‍ മരുന്നില്ല.
അത്യാവശ്യമരുന്നുകള്‍ പോലും രോഗികള്‍ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. താലൂക്ക് ആസ്​പത്രിയല്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നത് സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ്. ഇത്തരത്തില്‍ കഴിഞ്ഞ ഏറെക്കാലമായി മരുന്ന് വിതരണം ചെയ്ത ഇനത്തില്‍ ആസ്​പത്രി അധികൃതര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ള തുക 7 ലക്ഷത്തോളമുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് റിലയന്‍സ് എന്ന സ്വകാര്യ കമ്പനി ഏറ്റെടുത്തതോടെയാണ് ആസ്​പത്രി കടക്കെണിയിലായത്. രോഗികള്‍ക്ക് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന മരുന്നുകളുടെയും മറ്റും ബില്ലുകള്‍ റിലയന്‍സ് അധികൃതര്‍ക്ക് പാസ്സാക്കുന്നതിനായി അയച്ചുകൊടുത്താല്‍ അവ വെട്ടിച്ചുരുക്കി പകുതി തുകപോലും അനുവദിച്ചു നല്‍കാറില്ലെന്ന് ആസ്​പത്രി അധികൃതര്‍ പറയുന്നു. ഇതുമൂലം സപ്ലൈകോയില്‍നിന്ന് എടുക്കുന്ന മരുന്നിന് കൃത്യമായി പണം നല്‍കാന്‍ കഴിയാറില്ലെന്നും അവര്‍ പറയുന്നു. ഇത്തരത്തില്‍ കുടിശ്ശികയായി വന്ന തുക 7 ലക്ഷത്തോളം വരും.
മരുന്നു വിതരണം നിലച്ചതോടെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുഴുവന്‍ മരുന്നും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. അതിനാല്‍ ഭൂരിഭാഗം രോഗികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കുന്നില്ല. എന്നാല്‍ ലാബ് ടെസ്റ്റും സ്‌കാനിങ്ങും സൗജന്യമായി ലഭിക്കുന്നുണ്ട്. രോഗികള്‍ പുറത്തുനിന്ന് വാങ്ങുന്ന മരുന്നിന്റെ ബില്ല് ആസ്​പത്രി അധികൃതര്‍ വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും തുക ലഭിച്ചാല്‍ അറിയിക്കുമെന്ന് പറഞ്ഞയയ്ക്കുകയാണ് ചെയ്യുന്നതെന്നും രോഗികള്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എന്ന് തുക തിരികെ കിട്ടുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയുമാണ്.
നിലവിലെ സാഹചര്യത്തില്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ള തുക കൊടുക്കാന്‍ ഒരു വഴിയുമില്ലെന്നും എച്ച്.എം.സി. വരുമാനത്തില്‍നിന്ന് ചെലവുകളും മറ്റും പരമാവധി ചുരുക്കിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുകയാണെന്നും ആസ്​പത്രി സൂപ്രണ്ട് ഡോ. കെ.പി. സുനില്‍കുമാര്‍ പറഞ്ഞു. ശമ്പളവും മറ്റുമായി മാസംതോറും കുറഞ്ഞത് 3 ലക്ഷം രൂപ കണ്ടെത്തേണ്ടി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ് സൗകര്യം ലഭ്യമാക്കുന്നതിന് നടപടിയായിട്ടുണ്ടെന്നും അടുത്താഴ്ചയോടെ തുടങ്ങാന്‍ കഴിയുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam