വരിഞ്ഞത്തിന്റെ അഭിഭാഷക ജീവിതത്തിന് 50; ഗുരുവന്ദനം 22ന്‌

Posted on: 20 Nov 2014കൊല്ലം: അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പിന്നിടുന്ന അഡ്വ. വരിഞ്ഞം എന്‍. രാമചന്ദ്രന്‍ നായരെ ആദരിക്കാന്‍ ശിഷ്യന്മാര്‍ 'ഗുരുവന്ദനം' പരിപാടി സംഘടിപ്പിക്കും. 22ന് രാവിലെ പത്തിന് ആനന്ദവല്ലീശ്വരം വിദ്യാധിരാജ എന്‍. എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഹൈക്കോടതി ജഡ്ജി പി.ബി.സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍, ജസ്റ്റിസ് ജി.ശശിധരന്‍, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. തുടര്‍ന്ന് പിറന്നാള്‍ സദ്യയും ഉണ്ടാകും.
1966ല്‍ ആദിച്ചനല്ലൂര്‍ കൊലക്കേസിലെ പ്രതിഭാഗം അഭിഭാഷകനായാണ് അഡ്വ. വരിഞ്ഞം കൊലക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്. കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിഭാഗം അഭിഭാഷകനായി തിളങ്ങി. ഒരു കുടുംബത്തിലെ അമ്മയെയും മൂന്നുമക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച ഇഞ്ചവിള കൊലക്കേസ്, അഞ്ചല്‍ തടിക്കാട് സ്വദേശി സി.പി.എം. നേതാവ് അഷ്‌റഫിനെ വധിച്ച കേസടക്കം നിരവധി കേസുകളില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി.
ഇ.കെ.നായനാര്‍, കെ.കെ.വിശ്വനാഥന്‍ തുടങ്ങിയ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കായി കോടതിയില്‍ ഹാജരായിട്ടുണ്ട്. ആയിരത്തോളം കൊലക്കേസുകളടക്കം പതിനായിരത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിഭാഗം അഭിഭാഷകനായിട്ടുണ്ട്.
അഡ്വക്കേറ്റുമാരായ എം.എ.സലാം, മരുത്തടി എസ്.നവാസ്, എന്‍.സതീഷ്‌കുമാര്‍, അഞ്ചല്‍ എന്‍.അശോകന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എസ്.എം.ഷെറീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam