പോസ്റ്റര്‍ വഴി അപവാദ പ്രചാരണം; ശൂരനാട് രാജശേഖരന്‍ പരാതി നല്‍കി

Posted on: 20 Nov 2014കൊല്ലം: തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ വേണ്ടി കുന്നത്തൂരും പരിസരപ്രദേശങ്ങളിലും പോസ്റ്റര്‍ പതിച്ചിരിക്കുന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് കത്തുനല്‍കി.
സേവ് കോണ്‍ഗ്രസ് ഫോറം, കുന്നത്തൂര്‍ എന്ന പേരിലാണ് പ്രസ്സിന്റെ പേര് വയ്ക്കാത്ത പോസ്റ്റര്‍. ശാസ്താംകോട്ട കാര്‍ഷിക വികസനബാങ്കിലും മറ്റ് സഹകരണ സ്ഥാപനങ്ങളിലും നടന്ന നിയമനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്റെ നേതൃത്വത്തിലാണെന്നും അതിനെതിരെ ജോലി കിട്ടാതിരിക്കുന്ന കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാതാപിതാക്കള്‍ ജനപക്ഷയാത്ര കുന്നത്തൂരിലെത്തുന്ന ഡിസംബര്‍ 3ന് ഭരണിക്കാവ് കോണ്‍ഗ്രസ് ഭവന്റെ മുന്നില്‍ ഉപവാസം അനുഷ്ഠിക്കുമെന്നുമാണ് പോസ്റ്ററില്‍ അച്ചടിച്ചിരിക്കുന്നത്.
ഒരുതരത്തിലുള്ള അഴിമതിയും സ്വജനപക്ഷപാതവും തന്റെ ഭാഗത്തുനിന്നോ ബാങ്ക് നിയന്ത്രിക്കുന്ന ഭരണസമിതിയുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്ന് ശൂരനാട് രാജശേഖരന്‍ അറിയിച്ചു. ജനപക്ഷയാത്രയുടെ വിജയത്തില്‍ മനംനൊന്തവര്‍ തന്നെയും അതുവഴി കെ.പി.സി.സി.യെയും ജാഥയെയും പൊതുജനമധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കാന്‍ കരുതിക്കൂട്ടി ചെയ്തിട്ടുള്ള ഒരാക്രമണമായി ഇതിനെ കാണുന്നു. വരാന്‍പോകുന്ന സംഘടനാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യംവച്ച് നടത്തുന്ന ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു.
യഥാര്‍ഥ കുറ്റവാളികള്‍ ആരായിരുന്നാലും അവരെ സംഘടനാപരമായി ശിക്ഷിക്കണമെന്നും ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam