മലപ്പത്തൂര്‍ ഭൂമി ഇടപാട്: പരിസ്ഥിതി സമിതി സമരത്തിന്‌

Posted on: 20 Nov 2014കൊല്ലം: വെളിയം പഞ്ചായത്തിലെ മാലയില്‍ മലപ്പത്തൂര്‍ ഭൂമി ഇടപാടിനെപ്പറ്റിയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി. ഇക്കാര്യം ഉന്നയിച്ച് സമിതി പ്രക്ഷോഭം നടത്തുമെന്ന് ചെയര്‍മാന്‍ ടി.കെ.വിനോദനും ജനറല്‍ സെക്രട്ടറി എസ്.ബാബുജിയും പറഞ്ഞു.
ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി അനധികൃത ഇടപാടിലൂടെ കൈവശപ്പെടുത്തുകയും എല്ലാ പരിസ്ഥിതി-വനാവകാശ-വന്യജീവി സംരക്ഷണ-ഭൂനിയമങ്ങളെയും ലംഘിച്ച് പാറക്വാറിയും ക്രഷര്‍ എം.സാന്‍ഡ് യൂണിറ്റുകളും സ്ഥാപിക്കുകയും ചെയ്യുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഫലമായി വിജിലന്‍സ് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാന്‍ തീവ്രശ്രമം നടക്കുന്നു. 2010ന് മുമ്പുള്ള ഭൂമി ഇടപാട് സംബന്ധിച്ച രേഖകള്‍ എല്ലാം വെളിയം വില്ലേജ് ഓഫീസില്‍നിന്ന് അപ്രത്യക്ഷമായി. അത് സംബന്ധിച്ച് വ്യാജരേഖകളുടെ മറവില്‍ പഞ്ചായത്തില്‍നിന്ന് ക്രഷര്‍ യൂണിറ്റ് നിര്‍മാണ അനുമതി സമ്പാദിച്ചു. ഇതിനുവേണ്ടി നല്ലില എസ്.ബി.ടി.യില്‍നിന്ന് കൃത്രിമ പ്രോജക്ട് നല്‍കി വന്‍തുക ലോണ്‍ ആയി കൈവശപ്പെടുത്തി. പഞ്ചായത്ത് ബി.എം.സി.യും ഗ്രാമസഭയും നടത്തിയ ഇടപെടലുകള്‍ അട്ടിമറിക്കപ്പെട്ടു-സമിതി കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷിച്ച് വസ്തുത ബോധ്യപ്പെട്ട മുന്‍ ആര്‍.ഡി.ഒ. നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം കൊട്ടാരക്കര തഹസില്‍ദാര്‍ നേരിട്ട് ഇടപെട്ട് ആര്‍.ഡി.ഒ.യുടെ ഉത്തരവ് മരവിപ്പിച്ചു. പരാതിയെ തുടര്‍ന്ന് റവന്യു അദാലത്തിലൂടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവാകുകയും ചെയ്തു. ഈ അന്വേഷണവും ഉദ്യോഗസ്ഥ-രാഷ്ട്രീയ സ്വാധീനത്തിലൂടെയും മന്ത്രിതല ഇടപെടലുകളിലൂടെയും അട്ടമറിക്കാന്‍ അവിശുദ്ധ നീക്കം നടക്കുകയാണ്. മാത്രമല്ല, ഏകോപന സമിതിയിലെ സമരത്തിന് നേതൃത്വം നല്‍കുന്ന അഡ്വ. വി.കെ.സന്തോഷ്‌കുമാറിനെ ഒറ്റപ്പെടുത്തി അധിക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സമരത്തെ മരവിപ്പിക്കുന്നതിനുള്ള ശ്രമവും നടത്തുന്നു. റവന്യു രേഖകള്‍ മോഷ്ടിക്കപ്പെട്ടതില്‍ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെയും വില്ലേജ് ഓഫീസറുടെയും പങ്കുകൂടി വിജിലന്‍സ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ഏകോപനസമിതി ആവശ്യപ്പെട്ടു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam