അന്ധതയെ തോല്‍പ്പിച്ച് ഷെമീറിന് എം.എ.യ്ക്ക് ഒന്നാംറാങ്ക്‌

Posted on: 20 Nov 2014തെന്മല: ക്ലാസുകള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് പഠിച്ച ഷെമീറിന് മുന്നില്‍ ഒടുവില്‍ അന്ധത തോറ്റു. എം.എ. ഇസ്ലാമിക് ഹിസ്റ്ററിയില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഒന്നാംറാങ്കോടെയാണ് ഈ മിടുക്കന്‍ ജയിച്ചുകയറിയത്.
തൊണ്ണൂറ് ശതമാനം അന്ധനായ ഷെമീര്‍ ഒന്നാംറാങ്ക് നേടിയതറിഞ്ഞതോടെ ഇടമണ്‍-34 താഴത്ത് വീട്ടില്‍ നാട്ടുകാരുടെ പ്രവാഹമാണ്. ഏക ആശ്രയമായ അമ്മ സല്‍മ എല്ലാവരെയും സ്വീകരിക്കുന്ന തിരക്കിലും. സാമ്പത്തികമായി വളരെ പ്രയാസത്തിലാണെങ്കിലും യൂണിവേഴ്‌സിറ്റി കോളേജില്‍ മകനെ അയച്ച് പഠിപ്പിക്കാന്‍ ഈ അമ്മ പെട്ടപാടുകള്‍ക്ക് കുറവില്ല.
സ്‌ക്രൈബിനെ വച്ചായിരുന്നു പരീക്ഷയെഴുതിയത്. കണ്ണ് കാണാത്തതിനാല്‍ അധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യും. അങ്ങനെയായിരുന്നു ബിരുദം മുതലുള്ള പഠനം. മലയാളം മാത്രമറിയാവുന്ന അമ്മയായിരുന്നു പത്താംതരം വരെ പാഠപുസ്തകങ്ങള്‍ വായിച്ച് നല്‍കിയിരുന്നത്. ഒറ്റക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം. പഠനകാലയളവില്‍ മിക്കപ്പോഴും ഉച്ചഭക്ഷണം വേണ്ടെന്ന് വച്ചിരുന്നതായി ഷെമീര്‍ പറയുന്നു. യാത്രയ്ക്ക് സഹായിയെ ആവശ്യമുണ്ടെങ്കിലും പണമില്ലാത്തതിനാല്‍ യാത്രാപാസുകൊണ്ട് ഒറ്റയ്ക്കായിരുന്നു യാത്ര.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.ഇ.സഞ്ജയ്ഖാന്‍ ഷെമീറിനെ വീട്ടിലെത്തി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.അശോക്കുമാര്‍, സേവാദള്‍ തെന്മല മണ്ഡലം പ്രസിഡന്റ് ഇടമണ്‍ സുമേഷ്, വിഷ്ണു, നൗഷാദ് എന്നിവരും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. സിവില്‍ സര്‍വീസ് നേടണമെന്നാണ് ആഗ്രഹമെന്ന് ഷെമീര്‍ പറയുന്നു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam