'ഭീകര' വേട്ടയില്‍ കൊല്ലം പോലീസ് പരീക്ഷ ജയിച്ചു

Posted on: 20 Nov 2014കൊല്ലം: ഭീകരരെ പിടിക്കുന്ന രണ്ടുദിവസത്തെ പരീക്ഷയില്‍ കൊല്ലം പോലീസ് വിജയിച്ചു. തീരദേശ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് കഴിയുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമായി കടല്‍വഴി കടത്തിവിട്ട ഒരു 'ഭീകരനെ' കൂടി പോലീസ് ബുധനാഴ്ച പിടികൂടി. കടല്‍വഴി വന്ന രണ്ടു ഭീകരരെ കുടുക്കിയതോടെ കൊല്ലത്തെ പോലീസ് ഭീകരവേട്ടയില്‍ വിജയിയായി.

രണ്ടുദിവസമായി നടന്ന മോക് ഡ്രില്ലില്‍ കോസ്റ്റ് ഗാര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് ഭീകരരാക്കി കരയിലേക്ക് വിട്ടത്. ബുധനാഴ്ച ശാസ്താംകോട്ട സ്വദേശിയും കൊച്ചി കോസ്റ്റ് ഗാര്‍ഡിലെ ഉദ്യോഗസ്ഥനുമായ വിഷ്ണു മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് വ്യാജ ആര്‍.ഡി.എക്‌സ്. നിറച്ച ബാഗുമായി വള്ളത്തില്‍ തങ്കശ്ശേരിവഴി കരയില്‍ കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍, തീരദേശ പോലീസിന്റെ യോദ്ധ ബോട്ടിലെത്തിയ എസ്.ഐ. രാജേന്ദ്രന്‍ നായര്‍, എ.എസ്.ഐ. ഷഹാല്‍, മറ്റ് ജീവനക്കാരായ റെസ്‌ക്യൂ കമാന്‍ഡര്‍ ബാബുക്കുട്ടന്‍, റെനോള്‍ഡ് ബേബി, അജയന്‍ എന്നിവര്‍ ചേര്‍ന്ന് തങ്കശ്ശേരി അഴിമുഖത്ത് വിഷ്ണുവിനെ പിടികൂടി ചോദ്യം ചെയ്തു. രാവിലെ കടലില്‍ പോയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നീണ്ടകര തുറമുഖം, പാലം, ഐ.ആര്‍.ഇ. എന്നിവയായിരുന്നു 'ഭീകര'ന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. അത്ഭുതമാതാ എന്ന ചൂണ്ടവള്ളത്തിലായിരുന്നു ഭീകരന്റെ യാത്ര.

ചൊവ്വാഴ്ച വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിലെ ചീഫ് സേഫ്റ്റി ഓഫീസര്‍ നിധീഷിനെയാണ് ഭീകരനായി പറഞ്ഞുവിട്ടത്. ഇയാളെ തീരദേശ പോലീസാണ് കടലില്‍വെച്ചുതന്നെ പിടികൂടിയത്. രണ്ട് ഭീകര വേട്ടയ്ക്കും കോസ്റ്റല്‍ സി.ഐ.രാമചന്ദ്രന്‍ നേതൃത്വം നല്‍കി.
രണ്ടുദിസമായി കൊല്ലത്തെ പോലീസ് വാഹനങ്ങള്‍ തീരപ്രദേശത്തും കടലിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ വി.സുരേഷ്‌കുമാര്‍, എ.സി.പി. കെ.ലാല്‍ജി എന്നിവരടങ്ങുന്ന സംഘമാണ് ഓച്ചിറമുതല്‍ പരവൂര്‍ വരെയുള്ള പോലീസ് സ്റ്റേഷനുകളുടെയും തീരദേശ പോലീസിന്റെയും പരിധിയില്‍ മോക് ഡ്രില്ലിന്റെ ഭാഗമായി പരിശോധനയ്ക്ക് ഉന്നതതല നേതൃത്വം നല്‍കിയത്.
സംസ്ഥാനമൊട്ടാകെ രണ്ടുദിവസമായി മോക് ഡ്രില്‍ നടക്കുന്നുണ്ടായിരുന്നു
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam