വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിച്ച് കുടുംബശ്രീ നാടിന്റെ ശ്രീ ആകണം- വി.എസ്.

Posted on: 20 Nov 2014പത്തനാപുരം: വിഷവിമുക്ത പച്ചക്കറി ഉത്പാദനത്തിലൂടെ കുടുംബശ്രീ കുടുംബത്തിന്റെ മാത്രമല്ല നാടിന്റെയാകെ ശ്രീ ആകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
കെ.എന്‍.ബാലഗോപാല്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് നിര്‍മിച്ച കെട്ടിടത്തിന്റെയും കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിലയേറിയതും ഗുണമേന്മയില്ലാത്തതും മായം കലര്‍ന്നതുമായ ഭക്ഷ്യസാധനങ്ങള്‍ ഉപയോഗിക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത്. കൊടുംവിഷം കലര്‍ന്ന തമിഴ്‌നാടന്‍ പച്ചക്കറി കഴിച്ച് മുന്‍കാലത്ത് കേട്ടിട്ടില്ലാത്ത പലവിധ രോഗപീഡകള്‍ക്ക് മലയാളി കീഴ്‌പ്പെടുന്നു. ഇവിടെയാണ് പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാകാനുള്ള കുടുംബശ്രീയുടെ പ്രസക്തിയേറുന്നത്. പ്രാദേശിക കുടുംബശ്രീ വിപണനകേന്ദ്രങ്ങള്‍ എല്ലായിടത്തും തുടങ്ങുന്നത് ഏറെ പ്രയോജനകരമായിരിക്കും. കാര്‍ഷികരംഗത്ത് സ്ത്രീശാക്തീകരണത്തിലൂടെ മുന്നേറാനുള്ള സാധ്യത കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചത് എല്‍.ഡി.എഫ്. സര്‍ക്കാരാണെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കെ.എന്‍.ബാലഗോപാല്‍ എം.പി. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ശശിധരന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബിജു കെ.മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമാഖാന്‍, കിരണ്‍ കെ.കൃഷ്ണ, ജി. രാധാമോഹനന്‍, ഏലിയാമ്മ, കെ.ദിലീപ്കുമാര്‍, ആര്‍.എസ്.ബീന, എച്ച്.നജീബ് മുഹമ്മദ്, ബി.അജയകുമാര്‍, അഡ്വ. എസ്.വേണുഗോപാല്‍, എ.ബി.അന്‍സാര്‍, ഹരിപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam