ക്വാമി ഏകതാവാരത്തിന് തുടക്കമായി

Posted on: 20 Nov 2014



കൊല്ലം: ദേശീയോദ്ഗ്രഥനവും ദേശഭക്തിയും മതസൗഹാര്‍ദ്ദവും പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ക്വാമി ഏകതാവാരത്തിന് ജില്ലയില്‍ തുടക്കം കുറിച്ചു. നെഹ്‌റു യുവകേന്ദ്ര, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. കളക്ടര്‍ പ്രണബ്‌ജ്യോതി നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ബി.ഉണ്ണിക്കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതസൗഹാര്‍ദ്ദ ഫൗണ്ടേഷന്റെ ഫണ്ട് ശേഖരണം നെഹ്‌റു യുവകേന്ദ്ര വളന്റിയര്‍ അഖില്‍ വിശ്വനാഥില്‍നിന്ന്് സ്റ്റാമ്പ് വാങ്ങി കളക്ടര്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുല്‍ റഷീദ്, അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന്‍ ജോസഫ്, നെഹ്‌റു യുവകേന്ദ്ര വളന്റിയര്‍മാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാരാചരണത്തിന്റെ ഓരോദിവസവും വിവിധവിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പ്രചാരണം നടത്തുന്ന്. ബുധനാഴ്ച ദേശീയോദ്ഗ്രഥന മതസൗഹാര്‍ദ്ദദിനമായി ആചരിച്ചു. ന്യൂനപക്ഷക്ഷേമദിനമായ 20ന് ന്യൂനപക്ഷങ്ങള്‍ക്കായി പ്രധാനമന്ത്രി അവതരിപ്പിച്ച പതിനഞ്ചിന പരിപാടിയുടെ പ്രചാരണം നടക്കും. ഭാഷാസൗഹാര്‍ദ്ദദിനമായ 21ന് ഭാഷാസ്‌നേഹം വളര്‍ത്തുന്നതിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ദുര്‍ബലവിഭാഗങ്ങളുടെ ദിവസം, സാംസ്‌കാരിക ഏകതാദിനം, വനിതാദിനം, പതാകദിനം എന്നിവയും ആചരിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam