മദ്യലഹരിയില്‍ ഫയര്‍ഫോഴ്‌സിന് വ്യാജ തീപ്പിടിത്തസന്ദേശം നല്‍കിയ ആള്‍ അറസ്റ്റില്‍

Posted on: 20 Nov 2014ശാസ്താംകോട്ട: വീടിന് തീപ്പിടിക്കുന്നതായി മദ്യലഹരിയില്‍ വ്യാജസന്ദേശം നല്‍കി രാത്രിയില്‍ ഫയര്‍ഫോഴ്‌സിനെ വട്ടംചുറ്റിച്ച യുവാവിനെ പിടികൂടി.

കുന്നത്തൂര്‍ ഐവിളകോളനിയില്‍ കാഞ്ഞിരംവിള പടിഞ്ഞാറ്റതില്‍ സുരേഷി(35)നെയാണ് പിടികൂടിയത്. വ്യാജസന്ദേശം നല്‍കിയതിന് അറസ്റ്റ്‌ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനില്‍ വിളിച്ച് കുന്നത്തൂര്‍ ഐവിള കോളനിയില്‍ വീടിന് തീപ്പിടിച്ചതായും ഉടന്‍ എത്തിച്ചേരണമെന്നും മൊബൈല്‍ ഫോണ്‍ വഴി സന്ദേശം നല്‍കി. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനില്‍നിന്ന് രാത്രി 11.45ന് കുന്നത്തൂരിന്റെ പരിധിയുള്ള ശാസ്താംകോട്ട ഫയര്‍ സ്റ്റേഷനിലേക്ക് സന്ദേശം പാഞ്ഞു. ഉടന്‍തന്നെ സ്ഥലം തിട്ടപ്പെടുത്തുന്നതിനായി കൊട്ടാരക്കരയില്‍നിന്ന് കൈമാറിയ നമ്പരിലേക്ക് വിളിച്ചു. കുന്നത്തൂര്‍ ഗുരുമന്ദിരത്തിന്റെ അടുക്കല്‍ താന്‍ കാത്തുനില്‍ക്കുന്നതായും വരുമ്പോള്‍ വിളിച്ചാല്‍ മതിയെന്നും മറുപടി ലഭിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ സര്‍വ്വസന്നാഹവുമായി അഞ്ചംഗ ഫയര്‍ഫോഴ്‌സ് സംഘം കുന്നത്തൂര്‍ ഗുരുമന്ദിരം ജങ്ഷനിലെത്തി. തുടര്‍ന്ന് സുരേഷിന്റെ നമ്പരിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇയാള്‍ പറഞ്ഞ ഐവിള കോളനിയിലേക്ക് ഫയര്‍ഫോഴ്‌സ് വാഹനം പോകാത്തതിനാല്‍ ജീവനക്കാര്‍ പാതിരാത്രിയില്‍ ഇറങ്ങിനടന്ന് കോളനിയിലെത്തി. ഉറങ്ങിക്കിടന്ന പലരെയും വിളിച്ചുണര്‍ത്തി തീപ്പിടിത്തം അന്വേഷിച്ചെങ്കിലും കോളനിയില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു വിവരം. സംഭവം വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം പുലര്‍ച്ചെ 1.30ഓടെ തിരികെ ശാസ്താംകോട്ടയിലേക്ക് മടങ്ങി. ഫയര്‍‌സ്റ്റേഷനിലെത്തിയ ഉടന്‍ സുരേഷിന്റെ നമ്പരില്‍ വിളിച്ചപ്പോള്‍ അയാള്‍ ഫോണ്‍ എടുക്കുകയും മദ്യലഹരിയില്‍ പറഞ്ഞതാണെന്ന് അറിയിക്കുകയും ക്ഷമചോദിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് അധികൃതര്‍ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ വിളിച്ച നമ്പര്‍ മുഖേന മേല്‍വിലാസം ശേഖരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ഫയര്‍ഫോഴ്‌സിന് ആദ്യം നല്‍കിയിരുന്ന മേല്‍വിലാസവും വ്യാജമായിരുന്നു. 118-ബി വകുപ്പ് അനുസരിച്ചാണ് കേസ്സെടുത്തത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam