കേരളത്തില്‍ ഇനി ബ്ലേഡ് മാഫിയ പ്രവര്‍ത്തിക്കില്ല- ചെന്നിത്തല

Posted on: 21 Aug 2014കൊല്ലം: കേരളത്തില്‍ ഇനി ബ്ലേഡ് മാഫിയ പ്രവര്‍ത്തിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്ത് സംഭവിച്ചാലും അനധികൃത പണമിടപാടുകള്‍ നടക്കില്ല. എത്ര വന്‍കിട സ്ഥാപനങ്ങളായാലും നിയമത്തിന് അതീതരല്ലെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത ചിട്ടിസ്ഥാപനങ്ങള്‍ക്കെതിരെ ഓണത്തിനുശേഷം കടുത്ത നിയന്ത്രണം ഉണ്ടാകും.
കേരളശബ്ദം പത്രാധിപരായിരുന്ന ആര്‍.കൃഷ്ണസ്വാമിയുടെ സ്മരണയ്ക്ക് കേരളശബ്ദം വാരികയും കൊല്ലം പ്രസ്സ് ക്ലബ്ബും ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡ് ദീപിക സബ്ബ് എഡിറ്റര്‍ ശ്രീകാന്ത് എം.ഗിരിനാഥിന് നല്‍കി സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ജനത്തെ ഇപ്പോള്‍ ഏറ്റവും കബളിപ്പിക്കുന്നത് ചിട്ടിസ്ഥാപനങ്ങളാണെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ചിട്ടി ആക്ട് പ്രകാരമല്ലാതെ ഒരു ചിട്ടിസ്ഥാപനത്തെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഫരിദാബാദ് ചിട്ടിപോലുള്ള ഏര്‍പ്പാട് നടക്കില്ല. ധനകാര്യ, രജിസ്‌ട്രേഷന്‍, ആഭ്യന്തരവകുപ്പുകള്‍ ചേര്‍ന്ന് ചിട്ടി നടത്തിപ്പില്‍ നിയന്ത്രണം നടപ്പാക്കുന്നതിനൊപ്പം വരുന്ന ഒക്ടോബറോടെ കൂടുതല്‍ സുതാര്യമാക്കി കബളിപ്പിക്കല്‍ ഒഴിവാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പതിനായിരം രൂപയും ചിത്രകാരന്‍ ആശ്രാമം സന്തോഷ് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും മന്ത്രി ശ്രീകാന്തിന് കൈമാറി. സൈന്ധവ ബുക്‌സ് പ്രസിദ്ധീകരിച്ച വിമല രാജാകൃഷ്ണന്റെ വിരല്‍ത്തുമ്പിനുമപ്പുറം എന്ന ലേഖനസമാഹാരം മന്ത്രി ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസ്സ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ജഡ്ജിങ് കമ്മിറ്റിയംഗം ജയിംസ് ജോസഫ്, എസ്.ദേവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്സ് ക്ലബ് പ്രസിഡന്റ് ബിജു പാപ്പച്ചന്‍ സ്വാഗതവും കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ.രാജാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ആര്‍.കൃഷ്ണസ്വാമിയുടെ 33-ാമത് ചരമവാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങുകള്‍.
Tags:   Kollam District News. Kollam Local News. .  കൊല്ലം. . Kerala. കേരളം


More News from Kollam