കുണ്ടംകുഴി കോട്ടയും നാശോന്മുഖം

Posted on: 09 Jul 2015


തോമസ് ബന്തടുക്കബന്തടുക്ക: 2010-ല്‍ പുരാവസ്തുവകുപ്പ് ബന്തടുക്ക, കുണ്ടംകുഴി കോട്ടകള്‍ അഭിവൃദ്ധിപ്പെടുത്തുന്ന കാലം. ബന്തടുക്ക കോട്ട കാണാനും ബന്ധുക്കളുടെ വീടുകളില്‍ പോകുന്നതിനുമായി കര്‍ണാടകത്തിലെ കോള്‍ച്ചാറില്‍നിന്ന് നാഗപ്പറാവു ബന്തടുക്കയിലെത്തി. എന്നാല്‍ കോട്ടകൊത്തളം പോയിട്ട് കോട്ടപോലും കാണാനാവാതെ അദ്ദേഹം തിരികെപോയി.
മുമ്പ് കോട്ടക്കാല്‍ എന്ന പേരിലായിരുന്നു ബന്തടുക്ക അറിയിപ്പെട്ടിരുന്നത്. സര്‍ക്കാര്‍ കണക്കുപ്രകാരം സര്‍വേനമ്പര്‍ 150-ല്‍ 9.16 ഏക്കര്‍സ്ഥലം കാണണം. ആകെ 12 കോട്ടകൊത്തളങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ കോട്ടയും കൊത്തളവും ഇല്ല. കൊത്തളത്തിന്റെ അവശിഷ്ടം അല്പമെങ്കിലും ഉണ്ടെങ്കില്‍ ബന്തടുക്ക ഗവ. ഹൈസ്‌കൂളിന്റെ ഓഫീസിനോട് ചേര്‍ന്നുമാത്രം.
കുടിയേറ്റപ്രദേശമായ ബന്തടുക്കയില്‍ കുടിയേറ്റക്കാരുടെ കൈയേറ്റമല്ല ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് 1932-ല്‍ കോട്ട അളന്നുമുറിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. കോട്ടസംരക്ഷണത്തിനായി എത്തിച്ചേര്‍ന്ന കര്‍ണാടക വംശജരായ ചേര്യക്കാര്‍ തുടങ്ങി മറ്റ് നിരവധിയാളുകളുടെ പേരിലാണിപ്പോള്‍ കോട്ടക്കാല്‍. കോട്ടയുടെ സമീപത്തായി കോണ്‍ഗ്രസ് പാര്‍ട്ടിഓഫീസും മറ്റ് ഒട്ടേറെ വാണിജ്യസ്ഥാപനങ്ങളും കോട്ടയുടെ ഉള്‍ഭാഗത്ത് ബി.ജെ.പി. ഓഫീസുമുണ്ട്.
16-ാം നൂറ്റാണ്ടിലാണ് കോട്ട സ്ഥാപിതമായതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. ഇക്കേരി രാജവംശമാണ് വിവിധ കോട്ടകള്‍ നിര്‍മിക്കുന്നതിന് മുന്‍കൈ എടുത്തത്. വിദേശരാജ്യങ്ങളുമായി മൈസൂര്‍ രാജ്യത്തിന് ബന്ധപ്പെടാനും വാണിജ്യാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് കോട്ട നിര്‍മിച്ചത്. അക്കാലത്ത് ബേക്കല്‍ തുറമുഖമായിരുന്നു ആശ്രയം. ഇവിടെനിന്ന് ഒരോ പന്ത്രണ്ട് കിലോമീറ്റര്‍ ഇടവിട്ട് കോട്ടയുണ്ടായിരുന്നു.
അങ്ങനെയാണ് ചന്ദ്രഗിരി, പൊവ്വല്‍, കുണ്ടംകുഴി, ബന്തടുക്ക കോട്ടകള്‍ ഉണ്ടായത്. കുണ്ടംകുഴി, ബന്തടുക്ക കോട്ടകളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് ഇക്കേരി രാജവംശത്തിലെ ശിവപ്പനായ്ക്കനായിരുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെത്തിയ കര്‍ണാടക വംശജര്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നു. ഇക്കേരി രാജവംശത്തെത്തുടര്‍ന്ന് ടിപ്പുസുല്‍ത്താനും മറ്റും ഇവിടെയെത്തി.
ടിപ്പുസുല്‍ത്താനോടൊപ്പം എത്തിയ സാഹിബുമാര്‍ ഇപ്പോഴും കുണ്ടംകുഴിയില്‍ കഴിയുന്നുണ്ട്. മൈസൂര്‍ മുസ്ലിം ഭരണത്തിനു കീഴിലായപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ ഇപ്പോഴും ഈ പ്രദേശങ്ങളില്‍ കാണാവുന്നതാണ്.
1956 വരെ കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകള്‍ ദക്ഷിണ കാനറയുടെ ഭാഗമായിരുന്നു. വടക്കും പടിഞ്ഞാറും െതക്കും പുഴകളാല്‍ ചുറ്റപ്പെട്ട ബേഡഡുക്ക കര്‍ണാടകത്തിലെ സുള്ള്യ നഗരത്തെ ആശ്രയിച്ചതും അങ്ങനെയായിരുന്നു.
ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് ആയുധങ്ങളും കുതിരകളും ഇറക്കുമതിചെയ്തത് ബേക്കല്‍തുറമുഖം വഴിയായിരുന്നു. അവിടെനിന്ന് ഇറക്കുമതിസാധനങ്ങള്‍ കര്‍ണാടകത്തിലേക്ക് കൊണ്ടുപോയത് ഈ പ്രദേശം വഴിയായിരുന്നു.
പന്ത്രണ്ടാം ധനകാര്യകമ്മീഷന്‍ പുരാവസ്തുവകുപ്പുമായിചേര്‍ന്ന് സര്‍വേ നടത്താന്‍ വന്നപ്പോള്‍ ബന്തടുക്ക കോട്ടയിലെ താമസക്കാര്‍ എതിര്‍ത്തിരുന്നു. ധനകാര്യകമ്മീഷന്റെ സഹായധനത്തോടെ കുണ്ടംകുഴി ബന്തടുക്ക കോട്ടകള്‍ നവീകരിക്കുകയുണ്ടായി. എന്നാല്‍, നിര്‍മാണപ്രവര്‍ത്തനം ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടിവന്നു. പിന്നീട് നാളിതുവരെ നിര്‍മാണ ജോലികള്‍ നടന്നില്ല.
കുണ്ടംകുഴി കോട്ടയില്‍ ഒരു കുടുംബം താമസിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലം മുഴുവന്‍ പഞ്ചലിംഗേശ്വരം ക്ഷേത്രത്തിന്റെ അധീനതയിലാണ്. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ സഹായധനത്തോടെ നിര്‍മാണജോലി നടന്നപ്പോള്‍ ക്ഷേത്രകമ്മിറ്റി എതിര്‍പ്പുമായി മുന്നോട്ടുവന്നിരുന്നു. കോട്ടയിലുള്ള തെങ്ങ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുമുണ്ടായി.
ചരിത്ര തിരുശേഷിപ്പുകള്‍ ഭാവിതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടവര്‍ കോട്ടയും കൊത്തളങ്ങളും വെട്ടിമുറിച്ചെടുത്തപ്പോള്‍ അധികൃതര്‍ അനങ്ങാപ്പാറനയം സ്വികരിച്ചതാണ് വിനയായത്.
More News from Kasargod