ഭിക്ഷയെടുത്തും അനുഗ്രഹിച്ചും ഉഞ്ഛവൃത്തി; കര്‍ണാടകസംഗീതോത്സവത്തിന് സമാപനം

Posted on: 10 Feb 2015കാഞ്ഞങ്ങാട്: ഹൃദയം നിറയെ സംഗീതവും കൈയിലൊരു ഭിക്ഷാപാത്രവുമായി നടന്ന ത്യാഗരാജസ്വാമികളെ അനുസ്മരിച്ച് കാഞ്ഞങ്ങാട്ട് ഉഞ്ഛവൃത്തി നടത്തി. ത്യാഗബ്രഹ്മസംഗീതസഭ നടത്തിയ കര്‍ണാടകസംഗീതോത്സവത്തിന്റെ ഭാഗമായായിരുന്നു ഉഞ്ഛവൃത്തി. തിങ്കളാഴ്ച മേലാങ്കോട്ട് തുടങ്ങി നാടിന്റെ വിവിധഭാഗങ്ങളില്‍ ഭിക്ഷയെടുത്തു. ത്യാഗരാജസ്വാമികളുടെയും ശിഷ്യരുടെയും വേഷധാരികളായെത്തിയ ഉഞ്ഛവൃത്തിസംഘത്തെ നിലവിളക്കും നിറധാന്യങ്ങളുമായി വീട്ടുകാര്‍ സ്വീകരിച്ചു. ഓരോദിവസത്തെയും ഭിക്ഷാടനത്തില്‍ അന്നന്ന് കഴിക്കേണ്ട ആഹാരസാധനങ്ങള്‍ മാത്രമേ ത്യാഗരാജസ്വാമികള്‍ ശേഖരിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഉഞ്ഛവൃത്തിസംഘവും ഒരുദിവസം കഴിക്കേണ്ട അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ച് മടങ്ങി. സമാപനദിനമായ തിങ്കളാഴ്ചരാത്രി ഭിക്ഷാപാത്രത്തിലെ അരിയും ധാന്യങ്ങളും കൊണ്ട് ഭക്ഷണമുണ്ടാക്കി കഴിച്ചു. കാഞ്ഞങ്ങാട് മേലാങ്കോട്ട് എസ്.എസ്. കലാമന്ദിരത്തിലാണ് ത്യാഗരാജസ്വാമികളെയും കര്‍ണാടകസംഗീത കുലപതികളിലൊരാളായ പുരന്ദരദാസിനെയും അനുസ്മരിച്ച് സംഗീതോത്സവം നടന്നത്. സമാപനദിനത്തില്‍ പഞ്ചരത്‌നകീര്‍ത്തനാലാപനവും നടന്നു. വൈകിട്ട് താമരക്കാട് ടി.എന്‍.ഗോവിന്ദന്‍ നമ്പൂതിരി സംഗീതക്കച്ചേരി അവതരിപ്പിച്ചു. തുടര്‍ന്ന് ആഞ്ജനേയ ഉത്സവവും മംഗളകീര്‍ത്തനവും നടന്നു.


More News from Kasargod