
കുട്ടികളില്‍ കാണുന്ന മാനസിക വൈകല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫോബിയ. അടിസ്ഥാനരഹിതവും അകാരണവുമായ അമിതഭയം ഏതെങ്കിലും വസ്തുവിനോടാവാം, ചില സാഹചര്യങ്ങളോടാവാം. പാറ്റ, എട്ടുകാലി, അട്ട, പുഴു എന്നിവയെക്കണ്ടാല്‍ പേടിച്ച് കരയുന്ന കുട്ടികളുണ്ട്. മഴ,കാറ്റ്,മിന്നല്‍, ഇടിമുഴക്കം എന്നിവയെ ഭയക്കും മറ്റുചിലര്‍. തുരങ്കം,പാലം, ഉയര്‍ന്ന സ്ഥലം, അടഞ്ഞുകിടക്കുന്ന മുറി എന്നിവയെ പേടിക്കുന്നവരുമുണ്ട്. ആള്‍ക്കൂട്ടത്തെ, ശബ്ദത്തെ, സ്കൂളിനെ...... അങ്ങനെ ഭയമുണ്ടാക്കുന്ന സാഹചര്യങ്ങളുടെ പട്ടിക നീണ്ടതാണ്.
ചിത്തഭ്രമം, വ്യക്തിത്വ വൈകല്യങ്ങള്‍ (പേഴ്സാണാലിറ്റി ഡിസോര്‍ഡര്‍) എന്നിവയുള്ള കുട്ടികള്‍ക്ക് ഫോബിയ ഉണ്ടാവാം. എന്നാല്‍ വീട്ടില്‍ ഒരപരിചിതന് വന്നാല്‍ പേടിച്ച് അകത്തേക്കോടുന്ന കുട്ടികളുണ്ട്. അതെല്ലാം ഫോബിയ ആവണമെന്നില്ല. അമിതഭയം എന്ന അസുഖമാണെങ്കില്‍ വിറളിപിടിച്ച പോലെ കുഞ്ഞ് ഓടിയൊളിക്കും. അത്തരം കുട്ടികളുടെ കണ്ണുകള്‍ മിഴിഞ്ഞിരിക്കാറുണ്ട്. മൂന്നുവയസ്സുമുതല്‍ കുട്ടികളില്‍ ഫോബിയ കാണാറുണ്ട്.
ഫോബിയ അങ്ങനെ പ്രശ്നമുണ്ടാക്കുന്ന അസുഖമൊന്നുമല്ല. പക്ഷേ നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഇത് ഭാവിയില്‍ ദൈനംദിന ജീവിതത്തെത്തന്നെ താറുമാറാക്കാം. സ്കൂള്‍ ഫോബിയ ഉള്ള കുട്ടിയാണെങ്കില്‍ ആ കുട്ടിയുടെ വിദ്യാഭ്യാസം തന്നെ അവതാളത്തിലാവാം. അടഞ്ഞ സ്ഥലത്തെ ഭയക്കുന്ന കുട്ടിയാണെങ്കില്‍ വാഹനയാത്രതന്നെ അസാധ്യമാവാം. കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാന്‍ അമ്മമാര്‍ പറയുന്നൊരു ചൊല്ലുണ്ട്. ദാ പൂച്ച വരും വേഗം കഴിച്ചോയെന്ന്. ഇതുപോലും കുട്ടികളില്‍ അകാരണമായ ഭയമുണ്ടാക്കുകയും ഭാവിയില്‍ ഫോബിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം.
മരുന്നില്ലാതെ ചികിത്സ
അമിതഭയം എന്ന അസുഖം മരുന്നുകൊണ്ട് മാറ്റാനാവില്ല. പടിപടിയായി പേടിമാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്. ഫോബിയ ഉണ്ടെന്ന് സംശയിച്ചാല്‍ മാനസികരോഗ വിദഗ്ധന്റെ നിര്‍ദേശങ്ങള്‍ തേടാം. കൗണ്‍സലിങ്ങാണ് പ്രധാനചികിത്സ. തുടര്‍ച്ചയായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ മതി. പാറ്റയെയാണ് പേടിയെങ്കില്‍ പാറ്റ ഒന്നും ചെയ്യില്ലെന്ന് കുഞ്ഞിനെ ബോധ്യപ്പെടുത്തണം.
View Slideshow
അമിതഭയമുള്ള കുട്ടികളെ ശ്രദ്ധിക്കണം. അവര്‍ക്ക് ഏതൊക്കെ സാഹചര്യങ്ങളാണ് ഭയമുണ്ടാക്കുന്നതെന്ന് കണ്ടെത്താം. എന്നിട്ട് പേടിമാറ്റിയെടുക്കാന് ശ്രമിക്കണം. പലപ്പോഴും ഇത്തരം ചികിത്സ നടത്താന്‍ അമ്മമാര്‍ക്ക് തന്നെ കഴിയും. അത് കൂടുതല്‍ ഫലപ്രദവുമാണ്. പാറ്റയെ ഭയക്കുന്ന കുട്ടിയെ ആദ്യംദൂരെ നിന്ന് അതിനെ കാണിക്കാം. പിന്നെ കുറച്ചുകൂടെ അടുത്തുനിന്ന്. ദിവസങ്ങള്‍ക്കകം അതിനെ നമ്മുടെ കൈയില്‍വെച്ച് പരിചയപ്പെടുത്താം. ഒടുവില്‍ പാറ്റയെ ഒന്ന് തൊട്ടുനോക്കാമെന്ന അവസ്ഥയിലെത്തും. ഇങ്ങനെ ഓരോന്നിനോടുമുള്ള അമിതഭയം മാറ്റിയെടുക്കാം. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ കുഞ്ഞിനെ പരിശീലിപ്പിക്കുന്നതാണ് ഏറെ നല്ലത്.
ഡോ.പി.സവിത