ശ്രീശങ്കരാ കോളേജ് റോഡ് എബിവിപി ഉപരോധിച്ചു

Posted on: 20 Nov 2014കാലടി: മറ്റൂര്‍ കോളേജ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് എബിവിപി റോഡ് ഉപരോധിച്ചു. എല്‍കെജി വിദ്യാര്‍ഥികളടക്കം 5 വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള ആറായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന റോഡാണ് തകര്‍ന്ന്കിടക്കുന്നത്.
റീ ടാറിങ്ങെന്നപേരില്‍ മെറ്റില്‍പ്പൊടി വിതറി ആളുകളെ പറ്റിക്കുകയാണ് കരാറുകാര്‍ ചെയ്യുന്നതെന്ന് എബിവിപി ആരോപിച്ചു. വാര്‍ഡിലെ ജനപ്രതിനിധികള്‍ ഇതിന് മൗനസമ്മതം നല്‍കുന്നു. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുഴികളായി. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ റോഡിലെ കുഴികളില്‍ കിടക്കുന്ന ചെളിവെള്ളം ദേഹത്ത് തെറിക്കും. മെറ്റില്‍പ്പൊടിയിട്ട് നടത്തിയ പണിയായതിനാല്‍ വെയിലുള്ളപ്പോള്‍ പൊടിശല്യവും ഉണ്ടാകുന്നു. എത്രയുംവേഗം പരിഹാരം കണ്ടില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എബിവിപി മുന്നറിയിപ്പ് നല്‍കി.
ഉപരോധസമരം സംസ്ഥാന സമിതിയംഗം ആര്‍. അമ്പാടി ഉദ്ഘാടനം ചെയ്തു. അജി വി. നായര്‍ അധ്യക്ഷനായി. സുജിത് സുധാകരന്‍, പി.എസ്. വിവേക്, വിഷ്ണു എസ്. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


More News from Ernakulam