ചമ്പന്നൂര്‍ പ്രദേശത്ത് നഗരസഭ മാലിന്യം തള്ളുന്നു

Posted on: 20 Nov 2014അങ്കമാലി: അങ്കമാലി നഗരസഭ ചമ്പന്നൂര്‍ പ്രദേശത്ത് മാലിന്യം തള്ളുന്നതായി പരാതി. രാത്രിയും പകലും വലിയ അളവില്‍ മാലിന്യം തള്ളുന്നതിനാല്‍ ജനം ദുരിതത്തിലാണ്. ചമ്പന്നൂര്‍ വ്യവസായ മേഖലയില്‍ 240 ഓളം വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യ പ്രശ്‌നം ഉയര്‍ത്തി നാട്ടുകാര്‍ സമരം ചെയ്തിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാലകളിലെ മാലിന്യങ്ങളും മാര്‍ക്കറ്റിലെ അവശിഷ്ടങ്ങളും കൊണ്ടുവന്ന് തള്ളുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെ മാലിന്യവുമായി എത്തിയ നഗരസഭാ വാഹനം നാട്ടുകാര്‍ തടഞ്ഞു. അതിനാല്‍ മാലിന്യവുമായി എത്തിയവര്‍ ഉടന്‍ സ്ഥലംവിട്ടു.
മാലിന്യം തള്ളുന്നതിനാല്‍ കൊതുക്, ഈച്ച, എലി എന്നിവയുടെ ശല്യവും ഏറിയിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ട നഗരസഭ തന്നെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കാന്‍ അവസരമൊരുക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അങ്കമാലിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്ലാത്തതിനാല്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുചെന്ന് തള്ളുകയാണ് പതിവ്.


More News from Ernakulam