ജില്ലയില്‍ മണല്‍ വാരല്‍ നിരോധനം നീക്കും

Posted on: 20 Nov 2014കാക്കനാട്: ജില്ലയില്‍ നിലവിലുണ്ടായിരുന്ന മണല്‍ വാരല്‍ നിരോധനം ഈ ആഴ്ച നീക്കും. ആറുമാസത്തേക്ക് നിരോധനം പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
നദികളില്‍ നിന്ന് മണലെടുക്കാന്‍ മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം നേരത്തേ അപേക്ഷ നല്‍കിയ ജില്ലകള്‍ക്കും മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ലാത്ത ജില്ലകളില്‍ ആറു മാസത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന ജില്ലാ അധികാരികളുടെ ഉറപ്പിന്‍മേല്‍ മൂന്നുമാസം വരെയും മണലെടുക്കുന്നതിനുള്ള അനുമതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കാമെന്നാണ് ഉത്തരവ്. മണല്‍ ഖനനം നടത്തുന്നതിന് നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും മണലിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടി ഏതാനും വ്യവസ്ഥകള്‍ പാലിച്ചാണ് താത്കാലിക അനുമതി നല്‍കിയത്.
മണല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ നദികളില്‍ നിന്ന് മണല്‍ ഖനനം നടത്തുന്നതിന് ആറുമാസം കഴിഞ്ഞും തുടര്‍ നടപടിയും മണലെടുക്കുന്നതിനുള്ള അനുമതിയും നല്‍കും. ഇതനുസരിച്ച് മണലെടുക്കുന്നതിനുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയ 20 നദികളില്‍ നിന്ന് മണല്‍ ഖനനം നടത്തുന്നതിന് അനുമതി ലഭിക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മൂന്നുമാസം മണലെടുക്കുന്നതിനുള്ള താത്കാലിക അനുമതിയാണ് നല്‍കുക. ഈ മൂന്നുമാസ കാലാവധിക്കുള്ളില്‍ ഇവര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കണം.
നദികളില്‍ നിന്ന് എത്ര മണല്‍ ഖനനം ചെയ്യാമെന്നതിനെക്കുറിച്ചാണ് പഠന റിപ്പോര്‍ട്ട് നല്‍കേണ്ടത്. സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിനാല്‍ ഈ ആഴ്ച തന്നെ മണല്‍ വാരലിന് ജില്ലാ ഭരണകൂടം അനുമതി നല്‍കുമെന്നാണ് സൂചന.


More News from Ernakulam