ഗതാഗതം ദുരിതമായി:ആദിവാസികള്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു.

Posted on: 20 Nov 2014കോതമംഗലം:മാമലകണ്ടം എളംബ്ലാശ്ശേരി ആദിവാസികുടി മുതല്‍ അഞ്ചുകുടി ആദിവാസി കോളനി വരെയുള്ള റോഡ് കണ്ടാല്‍ ഉഴുതുമറിച്ച പുഞ്ചക്കണ്ടത്തേക്കാള്‍ കഷ്ടം.റോഡിന്റെ ശോചനീയവസ്ഥ പരിഹരിയ്ക്കാത്തതില്‍ ആദിവാസികളും നാട്ടുകാരും ചേര്‍ന്ന് റോഡില്‍ വാഴയും കപ്പയും നട്ട് പ്രതിഷേധിച്ചു. വാഹനങ്ങള്‍ പോയിട്ട് കാല്‍നടയാത്രപോലും ഇവിടെ ദുഷ്‌ക്കരമാണ്.റോഡിന്റെ ദുരിതാവസ്ഥ മാറ്റി സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡാണ്.കലുങ്ക് വിവാദത്തില്‍ കുരുങ്ങി ഹൈവേയുടെ പണികള്‍ നിലച്ചതോടെ രണ്ട് കിലോമീറ്റര്‍ വരുന്ന റോഡിന്റെ പണിയും പാതിവഴിയില്‍ നിലച്ചു.വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ആറ് ആദിവാസി കുടികളിലുള്ളവരുടെ ഏക ആശ്രയമാണ് ഈ റോഡ്.ബുധനാഴ്ച റോഡിന്റെ പണികള്‍ തുടങ്ങാനിരുന്നതാണ്.വനംവകുപ്പ് ഇടെപട്ട് പണിക്കെത്തിയ കരാറുകാരനെ മടക്കി അയച്ചതോടെ ജനങ്ങളുടെ പ്രതീക്ഷകളും അസ്തമിച്ചു.ആദിവാസി വൈദ്യന്‍ മാരിയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വാഴയും കപ്പയും മറ്റും നട്ട് പ്രതിഷേധിച്ചത്.ജീപ്പ് മാത്രം കടന്ന് പോകുന്ന റോഡാണ്.റോഡ് ചെളിക്കുളമായതോടെ എളംബ്ലാശ്ശേരി,അഞ്ചുകുടി,ഞണ്ടുകുളം,കോട്ടകുത്ത്,കുറത്തിക്കുടി,കാട്ടുകുടി തുടങ്ങിയ ആദിവാസി കുടികളിലെ നൂറ്കണക്കിന് ജനങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ വരെ ബുദ്ധിമുട്ടിലായി.അത്യാവശ്യമായി ആസ്​പത്രിയില്‍ പോകാനോ വീട്ടിലേയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനോ പറ്റാത്ത സ്ഥിതിയിലാണ് ഇവിടത്തെ പാവങ്ങള്‍.എളംബ്ലാശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ വരെ ടാറിംഗുണ്ട്.തുടര്‍ന്ന് അഞ്ചുകുടി വരെയുള്ള രണ്ട് കി.മീ. റോഡില്ല,വെള്ളക്കെട്ടും ചെളിയും മാത്രമേയുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് റോഡ് പണിക്കായി മണ്ണിട്ട് നിറച്ച് ഉറപ്പാക്കിയതാണ്.മെറ്റിലും മറ്റ് സാമഗ്രികളും ഇറക്കിയതാണ്.വെള്ളക്കെട്ടുമൂലം മണ്ണെല്ലാം ഇളകി ഗതാഗതം ദുരിതമാക്കിയത് മാത്രം മിച്ചം.ആറ് കോളനി നിവാസികള്‍ സഞ്ചരിയ്ക്കാന്‍ പറ്റാതെ നട്ടംതിരിയുകയാണ്.അധികാരികള്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ഈ മലയോരഗ്രാമം.


More News from Ernakulam