മഞ്ഞപ്പട്ടുടുത്ത്, പീലിത്തിരുമുടിയുമായി നാടും നഗരവും

Posted on: 16 Sep 2014ആലപ്പുഴ: കാര്‍മുകില്‍ വര്‍ണ്ണന്റെ പിറന്നാള്‍ദിനത്തില്‍ നാടും നഗരവും മഞ്ഞപ്പട്ടിലാറാടി. ജന്മാഷ്ടമിയുടെ ആനന്ദനിര്‍വൃതിയില്‍ ശോഭായാത്രകള്‍ നാടെമ്പാടും നടന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ശോഭയാത്രകളില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് അണിചേര്‍ന്നത്. കൃഷ്ണന്റെയും രാധയുടെയും കുചേലന്റെയും വേഷധാരികളായ കുരുന്നുകള്‍ അമ്മമാരുടെ ഒക്കത്തിരുന്നും നടന്നും പൂഞ്ചിരി തൂകി. നിശ്ചലദൃശ്യങ്ങള്‍, ഉറിയടി തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി. ചെറുശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രകളായിട്ടാണ് വീഥികളിലൂടെ കടന്നു പോയത്. ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ ചെറുശോഭായാത്രകളുടെ വരവ് തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ െവെകിട്ടോടെ മഹാശോഭായാത്രകള്‍ ആരംഭിച്ചതോടെ നാടും നഗരവും ആലിലക്കണ്ണന്മാരും ഗോപികമാരെയുംകൊണ്ട് നിറഞ്ഞു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഏവൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമിക്ഷേത്രം, മംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന ശോഭായാത്രകളിലും ഉറിയടിയിലും അനേകായിരം ഭക്തര്‍ പങ്കെടുത്തു.


More News from Alappuzha