മുരിങ്ങക്കായ കരിഞ്ഞുണങ്ങുന്നു. പ്രതിവിധി എന്താണ്?

Posted on: 24 Feb 2015

സുരേഷ് മുതുകുളംവീട്ടുപറമ്പില്‍ ഒരു മുരിങ്ങയുണ്ട്. സാമാന്യം നല്ല വിളവ് കിട്ടുന്നു. ഈയടുത്തിടെ ചില മുരിങ്ങക്കായകള്‍ കരിഞ്ഞുണങ്ങുന്നു. അറ്റത്താണ് കരിച്ചില്‍ ആദ്യം കാണുക. കായയുടെ പുറത്ത് ഒരുതരം ദ്രാവകവും പറ്റിയിരിപ്പുണ്ട്. ഇത് പരത്തുന്നത് എന്തുതരം പ്രാണിയാണ്? പ്രതിവിധി നിര്‍ദേശിക്കാമോ?


സണ്ണി തോമസ്, കുത്തിയതോട്ചോദ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ലക്ഷണങ്ങളില്‍നിന്ന് മുരിങ്ങയ്ക്ക് ഒരുതരം കായീച്ച ഉപദ്രവമാണെന്ന് കരുതാം. ഇത് നമ്മുടെ നാട്ടില്‍ അത്ര വ്യാപകമല്ല. എങ്കിലും ഉപദ്രവം കണ്ട സ്ഥിതിക്ക് ചില നിയന്ത്രണവിധികള്‍ പറയാം.

ഈച്ച കുത്തിയ കായകള്‍ മരത്തിലുള്ളതും നിലത്തുവീണതും നീക്കി നശിപ്പിക്കുക. മറ്റു കെണികളിലൊന്നും പെടുന്ന സ്വഭാവമില്ലാത്തതിനാല്‍ സിട്രൊണെല്ല പുല്‍ത്തൈലം, യൂക്കാലിപ്റ്റ്‌സ് തൈലം, വിനാഗിരി തുടങ്ങിയവ ഉപയോഗിച്ച് ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കുക. മുരിങ്ങച്ചുവട്ടിലെ മണ്ണിളക്കി വേപ്പിന്‍കുരുസത്ത് എമല്‍ഷന്‍ രണ്ടുലിറ്റര്‍ ഒഴിച്ചുകൊടുക്കുക. ഇത് പുഴുക്കളെ നശിപ്പിക്കും.

നിംബിസിഡിന്‍ പോലെയുള്ള വേപ്പിന്‍കീടനാശിനികള്‍ മൂന്നുമില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക.


Stories in this Section