ഭൂപടത്തില്‍ വയലുകള്‍ എവിടെയാണ്‌

Posted on: 16 Feb 2015

രമേഷ്‌കുമാര്‍ വെളളമുണ്ട
വലിയ കുന്നുകള്‍ ഇന്ന് വയലിലേക്ക് പരക്കുന്നു.കര കവര്‍ന്ന ഭൂമിക്ക് മരുഭൂമി എന്ന് പേരിടാം..നെല്ലിനെ സംസ്‌ക്കാരമായി കണ്ട ജനതയും വയലിനെ ജീവനായി കണ്ട കര്‍ഷകനും എവിടയോ മറഞ്ഞുപോയി…ഇവിടെ വന്ന മറ്റം നാടിന്റെ വിലാസം തിരുത്തുന്നു.ഇനി നമുക്ക് വയനാടിനെ മരുനാട് എന്ന് വിളിക്കാം………..

മാനം തൊടുന്ന മലനിരകള്‍ക്ക് നടുവില്‍ പച്ചപരവതാനി പോലയായിരുന്നു വയനാടിന്റെ നെല്‍വയലുകള്‍.കമ്പളനാട്ടിയും കൊയ്ത്തും പത്തായപുരകളുമായി നെല്‍കൃഷിയുടെ ആരവങ്ങള്‍ ഈ നാടിന്റെ ചരിത്രമായിരുന്നു.കന്നുകാലി കൂട്ടങ്ങളും വലിയ ആലകളും വിശാലമായ നെല്‍ക്കളങ്ങളുമുള്ള കര്‍ഷക തറവാടുകള്‍ ഇന്നിവിടെയില്ല.നിറഞ്ഞു തുളുമ്പിയ പത്തായപുരകളും നാടിന് നഷ്ടമായി.സ്വയം പര്യാപ്തമായ ഭക്ഷ്യസംസ്‌കാരം അന്യമായതോടെ മറുനാട്ടില്‍ നിന്നും വരുന്ന അരിവണ്ടികളെ കാത്താണ് വയനാട്ടുകാരുടെയും ഇന്നത്തെ ജീവിതം.

കവുങ്ങുകള്‍ക്കും വാഴത്തോട്ടങ്ങള്‍ക്കും നടുവിലെ ഒരു തുണ്ട് പച്ചപ്പ് മാത്രമാണ് ഇന്ന് വയനാട്ടിലെ വയലുകള്‍.കൃഷി വന്‍ നഷ്ടമായതോടെ കര്‍ഷകരെല്ലാം മറ്റു തൊഴില്‍ തേടിപോകുന്നു..ഉത്പാദന ചെലവാകട്ടെ നൂറിരട്ടിയിലധികം കുതിച്ചുയര്‍ന്നത് ആരും അിറിഞ്ഞ ഭാവമില്ല.ആകെയുള്ള കൃഷിയിടങ്ങള്‍ വാഴകൃഷിക്ക് പാട്ടത്തിന് നല്‍കി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് കുറച്ചുകാലമെങ്കിലും അരിവാങ്ങുന്ന കര്‍ഷകരെയാണ് ഇവിടെ കാണാന്‍ കഴിയുക.

1973ല്‍ കേരളത്തിന്റെ അരിയുത്പാദനം 13.76 ലക്ഷം ടണ്ണായിരുന്നു.2005 എത്തിയപ്പോഴെക്കും 6.67 ലക്ഷം ടണ്ണായി കുറഞ്ഞു.8.81 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായുിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശേഷിക്കുന്നത് 2.89 ലക്ഷം ഹെക്ടര്‍ മാത്രമാണ്.8.88 കോടി പരമ്പരാഗത തൊഴില്‍ ദിനങ്ങള്‍ കൂടിയാണ് ഇതോടെ ഇല്ലാതായത്.കേരളത്തിന്റെ വാര്‍ഷിക ഉപഭോഗത്തില്‍ എട്ടുലക്ഷം ടണ്‍ അരിയുടെ കുറവാണ് അന്യസംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികത്തുന്നത്.1987ല്‍ ആറായിരം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ 2232ഹെക്ടര്‍ വയലുകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.20000 ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ പത്ത് വര്‍ഷം കൊണ്ട് അറുപത് ശതമാനത്തോളം നെല്‍കൃഷിയാണ് കറഞ്ഞത്.(അവലംബം:കാര്‍ഷിക സര്‍വെ 2012)

കാര്‍ഷിക മേഖലയില്‍ ഘടനാപരമായ പരിവര്‍ത്തനത്തിനും ഈ കാലയളവ് വേദിയായി.വയനാട്ടിലെ എഴുപത് ശതമാനത്തോളം കര്‍ഷകരും ദീര്‍ഘകാല വിളയെ ആശ്രയിച്ചവരായിരുന്നു.ഇവരൊക്കെ ഹ്രസ്വവിളകളുടെ പിറകെയാണ് ഇപ്പോള്‍.ഒരുവര്‍ഷം കൊണ്ട് പരമാവധിവിളവ് കൊയ്യാന്‍ കഴിയുന്ന വാഴകൃഷിയെ കൂട്ടുപിടിച്ചവരാണ് മിക്ക കര്‍ഷകരും.

നികന്നുപോയ നെല്‍പ്പാടങ്ങള്‍

ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പില്‍ വന്ന കാലത്ത് കേരളത്തില്‍ പന്ത്രണ്ട് ലക്ഷം ഹെക്ടര്‍ വയലുകളില്‍ നെല്‍കൃഷി ചെയ്തിരുന്നു.പാലക്കാടിനും വയനാടിനുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങള്‍.എന്നാല്‍ വയനാട് ജില്ല കൃഷിവകുപ്പ് രജിസ്റ്റര്‍ പ്രകാരം നെല്‍കൃഷിയുടെ ഗ്രാഫുകള്‍ താഴ്ന്നുകൊണ്ടേയിരിക്കുകയാണ്.1987ല്‍ 18418 ഹെക്ടര്‍ വയലില്‍ നഞ്ചകൃഷി നടന്നിരുന്നു.2006ല്‍ 9271ഹെക്ടറിലേക്ക് ഇതു ചുരുങ്ങി.മൂന്നിലൊന്നു നെല്‍ക്കര്‍ഷകരും കളം വിട്ടതിന്റെ സൂചനയാണിത്.മറ്റു വിളകള്‍ക്കെല്ലാം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയില്‍ മാറ്റമുണ്ടായപ്പോള്‍ നെല്ലിന് മാത്രം ഇന്നും പ്രിയമില്ല.'ഒരു രൂപയ്ക്ക് അരി കിട്ടുമ്പോള്‍ എന്തിനാ ഇപ്പം കൃഷി…….? എന്നാണ് തൊഴിലാളികളുടെയും ചോദ്യം.

അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കാന്‍ തൊഴിലാളികള്‍ ഉള്ളത് കൊണ്ട് മാത്രം വിശപ്പകറ്റുന്ന നാടിന്റെയും ചോദ്യം ഇതുതന്നെയാണ്.വ്യവസായികാടിസ്ഥാനത്തില്‍ പുരോഗമിക്കുന്ന വാഴകൃഷിയാണ് വയനാട്ടിലെ നെല്‍വയലുകളെ ശവപറമ്പാക്കി മാറ്റുന്നത്.90 കളില്‍ 1054 ഹെക്ടര്‍ മാത്രമുണ്ടായിരുന്ന നേന്ത്രവാഴകൃഷി ഇന്ന് 12842 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുകയാണ്.11517 ഹെക്ടര്‍ വയലുകള്‍ കവുങ്ങ് തെങ്ങ് തുടങ്ങിയ നാണ്യ വിള കൃഷികള്‍ക്കായി തരം മാറ്റപ്പെട്ടതായി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസ് രേഖകള്‍ പറയുന്നു.തോട്ടവിളകളായ കുരുമുളക് കാപ്പി എന്നിവയെല്ലാം രോഗത്തിന് കീഴയങ്ങിയതോടെ വാഴകൃഷിയിലേക്കാണ് കര്‍ഷകര്‍ തിരിഞ്ഞത്.ബാങ്കില്‍ നിന്നും കടം വാങ്ങിയും അന്യരുടെ സ്ഥലം പാട്ടത്തിനെടുത്തും യുവാക്കള്‍വരെ വാഴകൃഷിയിലേര്‍പ്പെടുന്ന കാഴ്ചയാണ് വയനാട്ടില്‍ കാണാന്‍ കഴിയുന്നത്.കാലവര്‍ഷക്കെടുതിയില്‍ വാഴ നശിച്ചാലും നല്ലൊരു തുക നഷ്ടപരിഹാരമായി കിട്ടുമെന്നത് വാഴകൃഷിക്ക് പ്രോത്സാഹനമാണ്.നെല്‍കൃഷിനശിച്ചാല്‍ സര്‍ക്കാര്‍ സഹായം വട്ടപൂജ്യമാണ്.നെല്‍കൃഷി വയലുകളെ ചതുപ്പ് നിലങ്ങളാക്കുമ്പോള്‍ വാഴകൃഷി വയലിനെ മരുപറമ്പാക്കുന്നു.മകരം പിന്നടുമ്പോഴെക്കും വയനാട് ഇന്ന് വരള്‍ച്ചയുടെ പിടിയിലാണ്.വലിയ ചാലുകള്‍വഴി വെള്ളം ഒഴുക്കി വിടുന്നതിനാല്‍ മഴക്കാലത്തും ഈ വയലുകളില്‍ ജലശേഖരണം നടക്കുന്നില്ല.തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും വടക്ക് കിഴക്കന്‍ കാലവര്‍ഷവും കൃത്യമായി ലഭിച്ചാലും വരള്‍ച്ച ഇന്ന് വയനാടിന്റെ സ്ഥിരം പ്രതിഭാസമാണ്.

കീടനാശിനിയുടെയും മാരകവിഷത്തിന്റെയും ഗന്ധം വയനാട്ടിലെ ഓരോ ഗ്രാമത്തിനുമുണ്ട്.കാന്‍സര്‍ പോലുള്ള പല രോഗത്തനും ഇത് കാരണമാകുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.നെല്‍കൃഷി രാസകീടനാശിനികളുടെ ഉപയോഗം താരതമ്യേന കുറയ്ക്കുമ്പോള്‍ വാഴകൃഷി ഇരട്ടിയാക്കുന്നു.

കൃഷി..ടൂറിസം

നഗരജീവിതത്തിന്റെ വീര്‍പ്പുമുട്ടലില്‍ നിന്നും മഞ്ഞ്കൂടാരത്തിലെ കുളിര് നുകരാന്‍ തിരക്കുകള്‍ക്ക് അവധി പറഞ്ഞ് ധാരാളം സഞ്ചാരികള്‍ ഇപ്പോഴും എത്തുന്നു. ഇവരെ സ്വീകരിക്കാന്‍ റിസോര്‍ട്ടുകളും ബഹുനില മന്ദിരങ്ങളും വയനാടിന്റെ ഗ്രാമങ്ങളിലും മലമടക്കുകളിലും നാള്‍ക്കുനാള്‍ ഉയരുന്നു. അതിന് വേണ്ടി അന്നദാതാവായിരുന്ന നെല്‍വയലുകള്‍ ആരും മണ്ണിട്ട് നികത്തും. വയലുകളുടെ നടുക്ക് കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പണിയും. ചതുപ്പുകളും തോടുകളും നികത്തി റോഡുകള്‍ നിര്‍മ്മിക്കും. കടല്‍ കടന്നെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ ചേറ് നിറഞ്ഞ കുപ്പായവും കൊരമ്പക്കുടയും ശീലമാക്കിയ കര്‍ഷകര്‍ ഇപ്പോള്‍ വേണമെങ്കില്‍ കോട്ടും ടൈയും ധരിക്കണം. കാര്‍ഷികജില്ല എന്ന് നൂറ്റാണ്ടുകളോളം പഴക്കമുള്ള ഖ്യാതിയില്‍നിന്നും ടൂറിസ്റ്റ് കേന്ദ്രമാവാനുള്ള പരിണാമദിശയില്‍ വയനാടിന് അന്യമാകുന്നത് തനത് സംസ്‌കൃതിയാണ്.

വയനാട്ടിലെ നെല്‍പ്പാടങ്ങള്‍ ഒരു ഗൃഹാതുരയോടെ ഓര്‍മ്മകള്‍ ബാക്കിയാക്കുന്നു. മരംകോച്ചുന്ന തണുപ്പില്‍ തപം ചെയ്ത് നില്‍ക്കുന്ന അനേകം കൂളിക്കാവുകളും തുടിനാദവും ഇഴപിരിഞ്ഞ സംസ്‌കൃതിയും ജന്മിമാരുടെ തറവാടുകളോട് ചേര്‍ന്ന് അടിയാന്മാരുടെ കുടിലുകള്‍ക്ക് താഴെ ഇണങ്ങിയും പിണങ്ങിയും ഈ പാടങ്ങള്‍ കാലങ്ങളോളം വസന്തമാഘോഷിച്ചു. ഓരോ വീടും വയലുകളിലേക്ക് മുഖംനോക്കിയാണ് ഉയര്‍ന്ന് വന്നത്. കൃഷി എന്നാല്‍ കൃഷിമാത്രം. ഇറതാണ ചെറിയ വീടിനോട് ചേര്‍ന്ന് തന്നെ നെല്ല്‌മെതിക്കാനുള്ള വിശാലമായ കളങ്ങള്‍ എവിടെയുമുണ്ട്. വൃശ്ചിക മാസമാവുന്നതോടെ ഇവയെല്ലാം ചെത്തികോരി വൃത്തിയാക്കി ചാണകമെഴുകി കര്‍ഷകര്‍ ഒരു കൊയത്ത്കാലത്തെ കാത്തിരിക്കും. ഓരോ പ്രദേശത്തും ജന്മിമാരുടെ അറപ്പുരകള്‍ ഉണ്ട്. കടമായും പതമ്പിനും യഥേഷ്ടം ധാന്യങ്ങള്‍ ഇവര്‍ ചോദിക്കുന്ന ആര്‍ക്കും നല്‍കി. കൊയത്തുകാലമെത്തിയാല്‍ തിരികെ നല്‍കണമെന്ന് മാത്രമാണ് വ്യവസ്ഥ. അങ്ങിനെ പട്ടിണിയെന്തന്നറിയാതെ നെല്‍വയലുകള്‍ നാടിനെ ഒന്നാകെ കാലങ്ങളോളം തീറ്റിപ്പോറ്റി.

വയനാട്ടിലെ അരിയുത്പാദനം

(ഇക്കണോമിക്‌സ് & സ്റ്റാറ്റിക്‌സ് സര്‍വെ 2012)
വര്‍ഷം വിസ്തൃതി(ഹെക്ടര്‍) ഉത്പാദനം(മെട്രിക്ടണ്‍)
1986-87 19471 57718
1988-89 14502 40210
1989-90 13897 39810
1991-92 13420 26321
2007-08 12056 14000
2008-09 11967 13987
2010-11 11489 12990
2011-12 11000 12345

ആദിവാസികള്‍ക്കും കാര്‍ഷികജീവിതം നിഷിദ്ധമായിരുന്നില്ല. കുറിച്യരും അടിയാന്മാരും പുലയരുമെല്ലാം സ്വന്തമായി നെല്‍കൃഷി നടത്തിയവരാണ്. ജന്മിമാരുടെ പത്തായപുരയിലേക്ക് ചേറിലും പൊടിയിലും വിയര്‍പ്പൊഴുക്കി ധാന്യങ്ങള്‍ നിറച്ച് കൊടുക്കുമ്പോഴും ഒരാണ്ട് കഴിയുന്നതിനുള്ള നെല്ല് കൂലിയായി ഇവര്‍ക്ക് ലഭിച്ചുപോന്നു. അങ്ങനെ വയല്‍ ഇക്കൂട്ടരുടേയും വാഗ്ദത്ത ഭൂമിയായി.

നഞ്ച,പുഞ്ച എന്നിങ്ങിനെ രണ്ട് കൃഷിക്കും വയനാട്ടിലെ കാലാവസ്ഥ അനുകൂലമാണെങ്കിലും ജൂണ്‍മാസം വിത്ത് വിതച്ച് നവംബറില്‍ വിളവെടുക്കുന്ന നഞ്ച കൃഷി തന്നെയാണ് പ്രധാനം. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വെണ്ണിയോട്, വേമം, മാത്തൂര്‍ വയലുകളില്‍ ഓരോ മഴക്കാലവും കൃഷിയുടെ ആരവങ്ങളോടെയാണ് കടന്നുപോയത്. വരമ്പിന് മുകളില്‍ തുടിയൊച്ചകള്‍ താളമുറുക്കുമ്പോള്‍ നാട്ടിപാട്ടുപാടി ആദിവാസി സ്ത്രീകള്‍ ചടുലവേഗത്തില്‍ ഞാറ് നട്ടുപോകുന്നത് ഗതകാലസ്മരണയില്‍ വേറിട്ട കാഴ്ചയാണ്. ഗോത്രസമുദായങ്ങള്‍ ഓരോന്നും അവരുടേതായ രീതിയില്‍ ഈ കാര്‍ഷിക വിളയെ ജീവിതത്തോട് വിളക്കിചേര്‍ത്തു.

ഓരോ വീടിനോട് ചേര്‍ന്ന് നെല്ലുകുത്ത് പുരകള്‍ കാണാമായിരുന്നു. ആവശ്യത്തിനുള്ള അരി ഉലക്കയും ഉരുളും ഉപയോഗിച്ച് ഈ പുരകളില്‍നിന്നും വേര്‍തിരിച്ച് എടുത്തിരുന്നു. സ്ത്രീകളാണ് ഈ ഉറക്കോടുകളില്‍നിന്നും നെല്ല്കുത്ത് പാട്ടിന്റെ ഈണത്തോടെ അരി വെളുപ്പിച്ചെടുക്കുന്നത്. നല്ലൊരു വ്യായാമമുറയായും ഇതിനെ പ്രകീര്‍ത്തിക്കുന്നവര്‍ കുറവല്ല.

മകംനാളില്‍ കതിര് കുളിപ്പിച്ചും വിഷുവിന് വിത്തിടലും കുത്തരി ആഘോഷവും വയനാട്ടുകാരുടെ ജീവിതശൈലിയില്‍ ഒഴിച്ച് കൂടാനാവാത്തതാണ്. തികഞ്ഞ ആദരവോടെ മുന്‍കാല കര്‍ഷക ജനത ഇതെല്ലാം കാലങ്ങളോളം കാത്തുവെച്ചു. സ്വയംപര്യാപ്തമായ ഭൂതകാലം പൊയ്മറഞ്ഞു. കന്നുകാലികളും കാര്‍ഷിക ഉപകരണങ്ങളുമില്ലാത്ത ആധുനിക വയനാട് അരി കാത്തുകഴിയുന്നു. കര്‍ഷക നാടിന്റെ വിശപ്പകറ്റാന്‍ നുകം തോളിലേന്തിയ ഉഴവ് കാളകളും അറവ്ശാലയിലേക്ക് നടന്നുനിങ്ങി.

മൂന്നും നാലും ജോഡി ഉഴവുമാടുകള്‍ മുമ്പ്കാലത്ത് സ്വന്തമായി ഉണ്ടായിരുന്നു. ലാഭനഷ്ട കണക്കുകള്‍ നോക്കതെ ഇവയൊക്കെ സ്വതന്ത്രമായി കര്‍ഷകര്‍ക്ക് കൂട്ടായി നിന്നിരുന്നു. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ വളരെക്കാലം ഇവ മേഞ്ഞുനടന്നു. ആദിവാസികള്‍ക്ക് വരുമാനമായ ഒരു തൊഴില്‍ കൂടിയായിരുന്നു 'കാലിനോട്ടം'. വിശാലമായ പാടത്തിന്റെ നടുക്ക് മുളകമ്പുകള്‍ ആഴത്തില്‍ താഴ്ത്തി വേലികെട്ടി അതിനുള്ളിലാണ് ഒരുപറ്റം കുന്നുകാലികളെ സന്ധ്യയാവുമ്പോഴേക്കും ഒന്നിച്ചുകയറ്റുക. പിടാവുകള്‍ എന്നാണ് ഈ തൊഴുത്തുകള്‍ പഴയകാലത്ത് അറിയപ്പെട്ടിരുന്നത്. ഇവിടെ അടിഞ്ഞുകൂടുന്ന ചാണകം പുതുമഴയത്ത് വയലിലൊന്നാകെ പരന്നൊഴുകുന്നതും പതിവാണ്. അങ്ങിനെ ഫലഭൂയിഷ്ടമായ നിലം ഒരുക്കുന്നതില്‍ കന്നുകാലികളും ഭാഗഭാക്കായി. നഞ്ചയും പുഞ്ചയും മാറിമാറി കൃഷിനടന്നിരുന്ന കാലഘട്ടത്തില്‍ ഈ കന്നുകാലികളും നെല്ലുല്‍പ്പാദനത്തിനായി അക്ഷീണം പണിചെയ്തു. ഒടുവില്‍ ആധുനികതയുടെ അവതാരമായി ട്രാക്ടര്‍ എത്തിയതോടെ ഈ അരുമ മൃഗങ്ങളേയും കര്‍ഷകര്‍ക്ക് പടിയിറക്കിവിടാന്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

അന്തകവിത്തുകള്‍ നാടുവാഴുന്നു..

ഹരിതവിപ്ലവത്തെക്കുറിച്ചും സങ്കരയിനം വിത്തിനെങ്ങളെക്കിറിച്ചും കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന വയനാട്ടുകാരെ വളരെ എളുപ്പമാണ് മറുനാടന്‍ അന്തകവിത്തുകള്‍ കീഴടക്കിയത്.പരമ്പരാഗതമായി കൈമാറിവന്ന വിത്തിനങ്ങളെ കൈവിട്ട് സര്‍ക്കാര്‍ ഒത്താശയോടെ കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്ന പുതിയ വിത്തിനങ്ങളിലേക്ക് കര്‍ഷകരെല്ലാം ആകര്‍ഷിക്കപ്പെട്ടു.ഭാരതി,കാഞ്ചന,ജ്യോതി തുടങ്ങിയ നാടന്‍ പേരുകളിലാണ് സീല്‍ ചെയ്ത ബാഗുകളില്‍ ഇവയെത്തുന്നത്.അത്യുല്പാദന ശേഷിയും രോഗപ്രതിരോധവും പഴയ വിത്തിനെക്കാള്‍ കൂടുതലുണ്ടെന്ന വാഗ്ദാനത്തില്‍ വിശ്വസിക്കുകയായിരുന്നു കര്‍ഷകര്‍.എന്നാല്‍ വയനാട്ടിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാതെ രോഗവും വിളനാശവും ഈ വിത്തുകളെ എളുപ്പം കീഴടക്കി.കൊയ്ത് മെതിച്ചാല്‍ പകുതിയും പതിരായി പോകുന്നതായി കര്‍ഷകര്‍ പറയുന്നു.ഈ കുള്ളന്‍ നെല്‍ച്ചെടികള്‍ ഇതോടെ കര്‍ഷകര്‍ക്ക് പ്രീയമല്ലാതായി.

ഒരുവര്‍ഷത്തെ വിളവിന് ശേഷം ഇതേവിത്തുകള്‍ കൃഷിഭവനുകളില്‍ ചെന്ന് വിലകൊടുത്തു വാങ്ങേണ്ടി വരുമെന്നതാണ് കര്‍ഷകരുടെ ഗതികേട്.പരമ്പരാഗത വിത്തിനങ്ങളെ കൈവിട്ട് പോയതിന്റെ സങ്കടത്തലാണ് കര്‍ഷകരെല്ലാം.നൂറ്റിയമ്പതില്‍പ്പരം നെല്‍വിത്തിനങ്ങള്‍ വയനാട്ടില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.പൊന്നരയന്‍,ഒലന്ത,തൊണ്ണൂറാന്‍,പാലി,തെക്കന്‍,ഞവര,കതിരാന്‍,കുന്തിപ്പുല്ല്,കറുത്ത ചിറ്റേനി,ചെന്നെല്ല്.ചെറ്റുവിരിപ്പ്,ചൊന്നൂട്ടി,ചൊവ്വരിയന്‍,ചുവന്നചീര.ചുവന്നചിറ്റേനി,ജീരകശാല,ഗന്ധകശാല, തൊണ്ടി,വെളിയന്‍,ചോമാല,കക്കന്‍ തുടങ്ങിയ വയനാടന്‍ നെല്‍വിത്തുകള്‍ അരങ്ങൊഴിയുകയാണ്.ചിലത് മാത്രം പേരിന് പരമ്പരാഗത കര്‍ഷകര്‍ക്കിടയില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ വിണ്ടെടുക്കാനാവാത്ത വിധം നഷ്ടമായി.

പണം പാഴാക്കി തൊഴിലുറപ്പ് പദ്ധതി.

പണം പാഴാക്കലിന് ഒരു ഉദാഹരണമാണ് വയനാട്ടിലെ തൊഴിലുറപ്പ് പദ്ധതി.കാര്‍ഷിക മേഖലയില്‍ ഇടപെടുന്നതിന് പകരം റോഡ് അടിച്ചുവാരിയും മറ്റും ആസ്തി രഹിത മേഖലയില്‍ ചെലവാക്കിയത് കോടികളാണ്.തൊഴിലാളികളെ രണ്ടു തട്ടായി വിഭജിച്ച് കാര്‍ഷിക വയനാടിനെ തകര്‍ക്കുകയാണ് ഇന്ന് മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി.നെല്‍കൃഷിയിലെക്കും മറ്റു കാര്‍ഷിക മേഖലയിലേക്കും പദ്ധത് വ്യാപിപ്പിച്ചാല്‍ ഉത്പാദനമേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെങ്കിലും തീരുമാനം വൈകുകയാണ്.2006 മുതല്‍ 2010 വരെ 143 കോടിരൂപയാണ് വയനാട്ടില്‍ എം.എന്‍.ആര്‍.ജി.എ ചെലവഴിച്ചത്.2012ല്‍ മാത്രം 50 കോടിരൂപയാണ് ചെലവായത്.ഒരു കോടി തൊഴില്‍ ദിനങ്ങള്‍ പ്രത്യേകിച്ച് ഒരു ആസ്ഥിയുമില്ലാതെ പാഴായത് മാത്രമാണ് മിച്ചം.

പഞ്ചവത്സര പദ്ധതികളില്‍ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനം പ്രത്യാശയോടെയാണ് വയനാട്ടുകാര്‍ കണ്ടത്. വയല്‍നികത്തലിനെതിരെ ശക്തമായ നടപടികള്‍ കൊണ്ടുവരണം. വനഗ്രാമങ്ങളുടെ നടുക്കുള്ള വയലുകളില്‍ റിസോര്‍ട്ടുകളും ഹട്ടുകളും ഉയരുന്നു. തിരുനെല്ലിയും ബേഗൂരും തൃശ്ശിലേരിയുമെല്ലാം ശേഷിക്കുന്ന നെല്‍പ്പാടങ്ങളെ നോക്കി കര്‍ണ്ണാടകയില്‍ നിന്നും മുതലാളികള്‍ എത്തുന്നു. വയനാടിന്റെ വിനോദസഞ്ചാര സാദ്ധ്യത മുന്‍കൂട്ടി കണ്ടാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്. മലബാര്‍ ടൂറിസം പദ്ധതിയുടെ നോഡല്‍ കേന്ദ്രമായ ജില്ലയില്‍ വിനോദസഞ്ചാരികളുടെ വരവ് ഇരുനൂറ് ശതമാനം വര്‍ദ്ധിച്ചു. ഫോര്‍ഡ് ഫൗണ്ടേഷന്‍ വിഭാവനം ചെയ്ത ഇന്റന്‍സീവ് അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് പ്രൊജക്ട് വയനാട്ടില്‍ ഇതുവരെ നടപ്പിലായില്ല. ആലപ്പുഴയും പാലക്കാടും ഈ പാക്കേജില്‍ നെല്‍കൃഷി വ്യാപിപ്പിച്ചപ്പോള്‍ ജില്ലയില്‍ അവഗണനമാത്രം. ബോണസ് തുകയുയര്‍ത്തി ഓരോ കര്‍ഷകനും പ്രൊഡക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നല്‍കേണ്ട ചുമതല അധികൃതര്‍ ഏറ്റെടുക്കണം. ശേഷിക്കുന്ന നെല്‍വയലുകള്‍ സമൃദ്ധമാവാന്‍ ഇതുമാത്രമാണ് പോംവഴിയെന്ന് കര്‍ഷകര്‍ അടിവരയിടുന്നു.
Stories in this Section