റബ്ബര്‍ കൃഷി: ആദായനഷ്ടം ഒഴിവാക്കാന്‍ പൊടിക്കുമിളിനെ തടയാം

Posted on: 16 Feb 2015

പി.ജി. സലിംകുമാര്‍സ്വാഭാവിക ഇലപൊഴിച്ചിലിനെത്തുടര്‍ന്ന് റബ്ബര്‍മരങ്ങളൊക്കെ തളിരിട്ടുകഴിഞ്ഞു. തോട്ടങ്ങളിലെയും നഴ്‌സറിയിലെയും തളിരിലകളെ ഇപ്പോള്‍ ബാധിക്കാവുന്ന രോഗമാണ് 'പൊടിക്കുമിള്‍'. ഓയിഡിയം ഹീവിയേ എന്ന കുമിള്‍ മൂലമാണ് രോഗമുണ്ടാകുന്നത്.

കാറ്റിലൂടെയെത്തുന്ന കുമിളിന്റെ രേണുക്കള്‍ തളിരിലകളുടെ അടിവശത്തും മുകള്‍വശത്തും ഇലത്തണ്ടുകളിലും ഇളന്തണ്ടുകളിലും രോഗമുണ്ടാക്കുന്നു. ഇലകളില്‍ വെളുത്ത പൊടിയോ ചാരമോ വീണതുപോലെ പൂപ്പല്‍ വളര്‍ന്നുവരുന്നു. രോഗം ബാധിച്ച ഇലകള്‍ അരിക് ചുളുങ്ങിക്കരിഞ്ഞ് ഉള്ളിലേക്ക് വളയുകയും ക്രമേണ കൊഴിയുകയും ചെയ്യും. ഇലകള്‍ കൊഴിഞ്ഞശേഷം ഇലത്തണ്ടുകള്‍ ചൂലുപോലെ മരങ്ങളില്‍ കാണാം. പ്രതിരോധനടപടികള്‍ യഥാസമയം ചെയ്യാതിരുന്നാല്‍ രോഗം ബാധിച്ച് തളിരിലകള്‍ കൊഴിയും. വീണ്ടും പുതിയ തളിരുകള്‍ ഉണ്ടാകുമെങ്കിലും അവയും രോഗബാധമൂലം കൊഴിയും.

റബ്ബര്‍ത്തോട്ടങ്ങളിലെ 10 ശതമാനം മരങ്ങളിലെങ്കിലും തളിരിലകള്‍ വരുന്ന സമയത്ത് ഗന്ധകപ്പൊടി അടിച്ചാല്‍ പൊടിക്കുമിള്‍ രോഗത്തെ ഫലപ്രദമായി തടയാം. 325 മെഷ് വലിപ്പത്തില്‍ തരികളുള്ള (40 മൈക്രോണ്‍) പൊടി 70 ശതമാനം ഗന്ധകവും 30 ശതമാനം ടാല്‍ക്കവും ചേര്‍ന്നത് വിപണിയില്‍ ലഭ്യമാണ്. ഒരു ഹെക്ടര്‍ തോട്ടത്തിലേക്ക് ഒരുതവണ 11 മുതല്‍ 14 വരെ കിലോഗ്രാം പൊടി വേണ്ടിവരും. തളിരിലകള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ ഒന്നുരണ്ടാഴ്ച ഇടവിട്ട് മൂന്നുനാലു തവണ പൊടിയടിക്കണം.

അതിരാവിലെയുള്ള നിശ്ചലമായ അന്തരീക്ഷത്തില്‍ പൊടിയടിക്കണം. അന്തരീക്ഷം വളരെ ശാന്തമായിരിക്കുന്ന അതിരാവിലെ ഗന്ധകപ്പൊടി നന്നായി ഉയര്‍ന്ന് ഇലകളിലെ മഞ്ഞുതുള്ളികളില്‍ പറ്റിപ്പിടിക്കുന്നതിനാലാണ് രോഗനിയന്ത്രണം സാധിക്കുന്നത്. ? രാവിലെ നാലുമണിയോടെയെങ്കിലും തുടങ്ങി 10 മണിക്കുമുമ്പായി ജോലിതീര്‍ക്കണം.

ഗന്ധകപ്പൊടി നന്നായി പരക്കുന്നതിനാല്‍ മരങ്ങളുടെ നാലു നിരകള്‍ക്കിടയില്‍ മണിക്കൂറില്‍ മൂന്നുനാലുകിലോമീറ്റര്‍ വേഗത്തില്‍ ഡസ്റ്റര്‍ ഒരുക്കല്‍ കൊണ്ടുനടന്നാല്‍ മതി. ഇതിനായി പവര്‍ഡസ്റ്ററോ ഡസ്റ്റര്‍കം സ്‌പ്രേയറോ ഉപയോഗിക്കാം. കൂടാതെ കപ്പുതൈ നഴ്‌സറിയിലും തോട്ടത്തിലെ ചെറുതൈകളിലും ഗന്ധകപ്പൊടി വിതറുകയോ വെള്ളത്തില്‍ കലക്കാവുന്ന ഗന്ധകം (വെറ്റബിള്‍ സള്‍ഫര്‍സള്‍ഫക്‌സ്, വെറ്റ്‌സള്‍ഫ്) 10 ഗ്രാം നാലുലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കുകയോ ചെയ്യണം.

ബാവിസ്റ്റിന്‍ എന്ന കുമിള്‍നാശിനി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കിത്തളിച്ചും രോഗനിവാരണം ഉറപ്പാക്കാം. വെറ്റബിള്‍ സള്‍ഫറും ബവേസ്റ്റിനും ഒന്നിടവിട്ട തവണകളില്‍ 7 മുതല്‍ 14 ദിവസം ഇടവിട്ട് തളിക്കുന്നത് വളരെ ഫലപ്രദമാണ്.
Stories in this Section