തേനീച്ച പണം തരും

Posted on: 16 Feb 2015

വീണാറാണി ആര്‍.മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കിയിട്ടുണ്ട് കാസര്‍കോട് കോളിച്ചാല്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി. ഇതിനു നേതൃത്വം നല്‍കുന്ന ചാര്‍ളി മാത്യുവിന്റെ വിശേഷങ്ങള്‍...


റബ്ബര്‍ കൃഷി ആദായകരമല്ലെന്നത് അടുത്തകാലത്തെ അനുഭവം. എന്നാല്‍ റബ്ബറില്‍ നിന്ന് ഊറിപ്പോകുന്ന തേന്‍കണങ്ങള്‍ ശേഖരിച്ചാല്‍ത്തന്നെ തോട്ടം ആദായകരമാക്കാമെന്ന് കോളിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ചാര്‍ളി മാത്യു പറയുന്നു.

സംസ്ഥാനത്തെ ഏതാണ്ട് മൂന്നു ലക്ഷം കര്‍ഷകരെ തേന്‍ വഴിയില്‍ കൈപടിച്ച് നടത്തിയിട്ടുണ്ട് ചാര്‍ളിമാത്യുവിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി. സ്വന്തമായി പത്ത് സെന്റ് സ്ഥലംപോലുമില്ലാത്തവരാണ് തേനീച്ചകര്‍ഷകരെന്നത് ശ്രദ്ധേയം.

പരിശീലനം നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് തേനീച്ചക്കൂടും പെട്ടിയും അനുബന്ധ ഉപകരണങ്ങളും സൊസൈറ്റി നല്‍കും.
കൃഷിവകുപ്പിന്റെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി, കുടുംബശ്രീ മിഷന്‍, ഖാദി ബോര്‍ഡ്, റബ്ബര്‍ബോര്‍ഡ്, ത്രിതല പഞ്ചായത്ത് പദ്ധതികള്‍ എന്നിവയിലൂടെ 50 ശതമാനം സബ്‌സിഡി നിരക്കിലാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇന്ന് സംസ്ഥാനത്തെ അരലക്ഷത്തോളം കര്‍ഷകര്‍ തേനീച്ച വളര്‍ത്തല്‍ വരുമാനമാര്‍ഗമായി സ്വീകരിച്ചതിന്റെ പിന്നിലെ രഹസ്യം സൊസൈറ്റിയുടെ മികച്ച പ്രവര്‍ത്തനം തന്നെ. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ ഇതില്‍പ്പെടും. ഒറ്റദിവസംകൊണ്ട് പരിശീലനം നല്‍കി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതല്ല ചാര്‍ളിമാഷിന്റെ രീതി. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട മഴക്കാലസംരക്ഷണം, കൂട് വിഭജനം, തേനുത്പാദനം എന്നീ വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് ഓരോ സമയത്തും അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നു. മാസത്തില്‍ ഒരു തവണയെങ്കിലും കര്‍ഷകരുമായി നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുകൊണ്ടാണ് മധുരംനിറഞ്ഞ വരുമാനമായി പലരും തേനീച്ചവളര്‍ത്തല്‍ സ്വീകരിച്ചത്. ഇരുപതു വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചാര്‍ളിയുടെ ദിവസം തുടങ്ങുന്നത് തേനീച്ചകൃഷി ക്ലാസ്സിലൂടെയാണ്. എല്ലായിടത്തും ക്ലാസ്സെടുക്കാന്‍ പോയി ഇപ്പോള്‍ ആളുകള്‍ക്ക് അദ്ദേഹം ചാര്‍ളിമാഷാണ്.

പഠനത്തോടൊപ്പം വരുമാനവും എന്ന ആശയം മുന്‍നിര്‍ത്തി സ്‌കൂളുകളിലും കോളേജുകളിലും പരിശീലനം സംഘടിപ്പിക്കാറുണ്ട്. തേനീച്ചയില്‍ നിന്നുമുള്ള ഏറ്റവും വിലകൂടിയ ഉത്പന്നങ്ങളായ റോയല്‍ ജെല്ലിയും ബീവെനവും തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് ചാര്‍ളിമാഷിന്റെ നേതൃത്വത്തിലുള്ള കാസര്‍കോട്ടെ തേനീച്ചക്കര്‍ഷകര്‍.

തേനില്‍നിന്നുമുള്ള ഫെയ്‌സ്പാക്ക്, സോപ്പ്, ഷാംപു, മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളിലെല്ലാം തേനീച്ചക്കര്‍ഷകര്‍ക്ക് പരിശീലനവും വിപണി സാധ്യതയും സൊസൈറ്റി ഉറപ്പു നല്‍കുന്നു. ഫോണ്‍: ചാര്‍ളി മാത്യു 9447775041Stories in this Section