ഇനി ഉയരം കുറഞ്ഞ തെങ്ങുകളുടെ കാലം
Posted on: 08 Feb 2015
കെ.കെ. ശ്രീരാജ്
തൃശ്ശൂര്‍: ആകാശം തൊട്ടുനില്ക്കുന്ന തെങ്ങുകള്‍ ഇനി കേരളത്തില്‍ അധികനാള്‍ കാണില്ല. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള കുറിയ ഇനം തെങ്ങുകളെ പ്രോത്സാഹിപ്പിക്കാന്‍ കൃഷിവകുപ്പ് ആരംഭിച്ച പദ്ധതി വ്യാപകമാകുന്നതോടെയാണിത്. ഈ വര്‍ഷം തന്നെ 25,000 തെങ്ങുകളില്‍നിന്ന് കൃത്രിമ പരാഗണം വഴി കുറിയ ഇനം തെങ്ങിന്‍തൈകള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യാനാണ് ശ്രമം.
ഒരു സീസണില്‍ ഒരു തെങ്ങില്‍നിന്ന് ശരാശരി 25 വിത്തുതേങ്ങകളാണ് ലഭിക്കുക. അറുപതു തേങ്ങകള്‍ വരെ ലഭിക്കുന്ന തെങ്ങുകളും ഉണ്ട്. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് കൃത്രിമ പരാഗണം നടത്തുക. 100 വര്‍ഷം വരെ ആയുസ്സുള്ള സാധാരണ തെങ്ങ് ഓരോ വര്‍ഷവും ഒരടിവെച്ച് ഉയരം വെയ്ക്കുമ്പോള്‍ പുതിയത് വര്‍ഷം 15 സെന്റീമീറ്റര്‍ എന്ന തോതിലേ വളരുകയുള്ളു. ആയുസ്സ് 50 വര്ഷമാണുതാനും. ദീര്‍ഘകാലം കര്ഷകന് സ്വന്തമായി വിളവെടുപ്പു നടത്താം എന്നത് ഇതിന്റെ ആകര്‍ഷണമാണ്.
തെങ്ങുകയറ്റത്തിന് ആളെ കിട്ടാത്തതും കൂലിവര്‍ദ്ധനയും നീര ഉത്പാദന സാധ്യതയുമെല്ലാമാണ് ഇത്തരത്തില്‍ കുറിയ തെങ്ങുകള്‍ വ്യാപിപ്പിക്കാന്‍ പ്രേരണയാകുന്നത്. ചെന്തെങ്ങിന്റെ വിത്തുതേങ്ങകള്‍ ഇപ്പോള്‍തന്നെ കൃഷിവകുപ്പ് സംഭരിക്കുന്നുണ്ട്. കുറിയ ഇനം വ്യാപകമാക്കുകയാണ് ലക്ഷ്യം. പുതിയ ഇനം കരിക്കിനും നീരയ്ക്കും നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചെന്തെങ്ങ്, പതിനെട്ടാംപട്ട, കുറിയയിനം മഞ്ഞത്തെങ്ങ് എന്നിവയാണ് നാടന്‍ ഇനങ്ങളുമായി കൃത്രിമ പരാഗണം നടത്തുന്നത്. തെങ്ങുകയറുന്ന ഒരാളും അമ്പതോളം ഇത്തരം തെങ്ങുകളും ഒരുപ്രദേശത്തുണ്ടെങ്കില് അവിടെ ഇത്തരത്തില്‍ കൃത്രിമ പരാഗണ യൂണിറ്റ് ആരംഭിക്കും. തെങ്ങുകയറുന്ന ആള്‍ക്ക് കൃഷിവകുപ്പ് പരിശീലനം നല്‍കും.