ബയോഗ്യാസ് പ്ലാന്റുകള്‍ പണിമുടക്കുമ്പോള്‍

Posted on: 08 Feb 2015

മാത്യു തോമസ്‌ഫെറോസിമന്റ് ബയോഗ്യാസ് പ്ലാന്റുകളും പോര്‍ട്ടബിള്‍ പ്ലാന്റുകളും പ്രവര്‍ത്തനം നിലച്ച് കാഴ്ചവസ്തുവാകുന്നത് നിത്യസംഭവമാണ്. ഇവ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും. ഓരോ പ്ലാന്റിനും അതില്‍ നിക്ഷേപിക്കാവുന്ന മാലിന്യങ്ങള്‍ക്ക് കൃത്യമായനിരക്ക് കണക്കാക്കിയിട്ടുണ്ട്. ഈ കണക്കില്‍ ക്കവിഞ്ഞ് പ്ലാന്റില്‍ അകപ്പെടുന്ന മാലിന്യത്തോടൊപ്പം പ്ലാന്റില്‍ കിടക്കുന്ന മാലിന്യവും യഥാര്‍ഥ രീതിയില്‍ സംസ്‌കരണ പ്രക്രിയയ്ക്ക് വിധേയമാകാതെ വരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്ലാന്റ് നിറഞ്ഞ് മാലിന്യവും വെള്ളവുംകൂടെ ജീവാണുക്കളും പുറത്തേക്കൊഴുകി നശിച്ച് പരിസരമാകെ ദുര്‍ഗന്ധം പരക്കും.

ചെറിയ തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്ലാന്റുകളില്‍ നാരങ്ങ, വിനാഗിരി, പുളി, എരിവ്, ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്ന വെള്ളം തുടങ്ങിയവ പ്രത്യേകിച്ച് പോര്‍ട്ടബിള്‍ പ്ലാന്റില്‍ ഇടരുത്. വലിയ പ്ലാന്റുകളില്‍ ചാരം കുമ്മായം ഡെറ്റോള്‍, ലോഷനുകള്‍, മറ്റ് രാസപാനീയങ്ങള്‍ തുടങ്ങിയവ കലരാന്‍ പാടില്ല. ഇവയെല്ലാം സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നവയാണ്.

എല്ലാ ജൈവമാലിന്യത്തിലും ബാക്ടീരിയ വളരുമെങ്കിലും ചാണകത്തിലാണ് ഇവ പെട്ടെന്ന് വളര്‍ന്ന് പ്രവര്‍ത്തനസജ്ജമാകുന്നത്. അതുകൊണ്ട് ഏത് തരം പ്ലാന്റിലും ആദ്യം ചാണകവും വെള്ളവും യോജിപ്പിച്ച് നിറയ്ക്കണം.
ഓരോ പ്ലാന്റിന്റെയും അളവനുസരിച്ച് നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അതെ അളവില്‍ത്തന്നെയുള്ള വേസ്റ്റ് പുറത്തുവരണമെന്നതാണ് ബയോഗ്യാസ് പ്ലാന്റിന്റെ അടിസ്ഥാനതത്ത്വം.

പ്ലാന്റിലെ സൂക്ഷ്മാണുക്കള്‍ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇവയ്ക്ക് ഓക്‌സിജന്റെ അഭാവത്തില്‍ മാത്രമേ വളരാനും പ്രവര്‍ത്തിക്കാനും കഴിയുകയുള്ളൂ. ഇവ 3080 ഡിഗ്രിവരെ ചൂടില്‍ വളരാന്‍ കഴിയുന്നവയാണ്. നാം പ്ലാന്റില്‍ നിക്ഷേപിക്കുന്ന മാലിന്യത്തില്‍ ആദ്യഘട്ടം പ്രവര്‍ത്തിക്കുന്നത് ഹൈഡ്രോളിറ്റിക് ബാക്ടീരിയയാണ്. ഇവ പ്ലാന്റിലെ മാലിന്യത്തില്‍ പ്രവര്‍ത്തിച്ച് അതിനെ കുഴമ്പുരൂപമാക്കുന്നു.

കുഴമ്പുരൂപമായി മാറിയ ലായനിയില്‍ രണ്ടാംഘട്ടം പ്രവര്‍ത്തിക്കുന്നത് അസട്ടോ െജനിക് ബാക്ടീരിയയാണ്. ഇവയുടെ പ്രവര്‍ത്തനഫലമായി പ്ലാന്റിനുള്ളിലെ ലായനി മുഴുവനും ജൈവസ്വഭാവം വിട്ട് രാസ സ്വഭാവം സ്വീകരിക്കുന്നു. പിന്നീട് ലായനി പൂര്‍ണമായും അമോണിയയ്ക്ക് സമമാണ്. അസട്ടോെജനിക് ബാക്ടീരിയയുടെ പ്രവര്‍ത്തനംകൊണ്ടും പ്ലാന്റിനുള്ളിലെ കടുത്ത ചൂടുംകൊണ്ടും സ്‌ളറിയിലെ രോഗാണുക്കളും വിഷാംശങ്ങളും നിര്‍വീര്യമാകുന്നു.

മൂന്നാംഘട്ടം പ്രവര്‍ത്തിക്കുന്നത് അനെയ്‌റോബിക് ബാക്ടീരിയയാണ് ഇവയുടെ പ്രവര്‍ത്തനഫലമായി പ്ലാന്റില്‍ ഒട്ടേറെ വാതകങ്ങള്‍ രൂപംകൊള്ളുന്നു. ഈ വാതകങ്ങളെല്ലാം പ്ലാന്റിന്റെ കാലിയായ ഭാഗത്ത് സംഗമിക്കുന്നു. ഈ വാതകങ്ങളില്‍ മീഥൈന്‍ എന്ന ഘടകം 7580 ശതമാനമാകുമ്പോഴാണ് നാം സ്റ്റൗവിലൂടെ പാചകവാതകമായി ഉപയോഗിക്കുന്നത്.

പ്ലാന്റ് പല കാരണങ്ങളാലാണ് പ്രവര്‍ത്തനരഹിതമാകുന്നത്. വായുവിന്റെ അഭാവത്തില്‍ മാത്രം വളരുന്ന ബാക്ടീരിയയാണ് ബയോഗ്യാസ് പ്ലാന്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് തടസ്സമാകുംവിധം പ്ലാന്റിനുള്ളില്‍ ഒന്നുകില്‍ വായുസമ്പര്‍ക്കം ഉണ്ടായതാകാം, പ്ലാന്റില്‍ നിക്ഷേപിക്കുന്നവയില്‍ അമ്‌ളതയുള്ളവയും ചാരം, കുമ്മായം, ഡെറ്റോള്‍ തുടങ്ങിയവും കലര്‍ന്നതുമാവാം, പ്ലാന്റ് ഓവര്‍ലോഡായി ബാക്ടീരിയകള്‍ സഹിതം പുറംതള്ളപ്പെടുന്നതുമാകാം. ഗ്യാസ് എടുക്കുന്നതിനായി ഉപയോഗിക്കുന്ന ട്യൂബ്, വാല്‍വുകള്‍ തുടങ്ങിയവ അയഞ്ഞ് ഗ്യാസ് നഷ്ടപ്പെടുന്നതുമാകാം (ഫോണ്‍: 9446527305).


Stories in this Section