തെങ്ങിനൊരു പുതിയ ശത്രു

Posted on: 27 Jan 2015

ചിഞ്ചു വി.എസ്.
തേങ്ങയുടെ വിലത്തകര്‍ച്ചയില്‍നിന്ന് ഒരുവിധം കരകയറി വരുന്ന കേര കര്‍ഷകര്‍ വിനാശകാരിയായ ഇലതീനി വണ്ടിന്റെ ആക്രമണ നിഴലിലാണെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.

ഏതാനും വര്‍ഷംമുമ്പ് തെങ്ങിനെ ആക്രമിച്ച മണ്ഡരിയേക്കാളും പതിന്മടങ്ങ് അപകടകാരിയാണ് ബ്രോണ്‍റ്റിസ്പ ലോം ഗിസ്സിമ എന്ന ഇലതീനി വണ്ടെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്നു.

മാലെദ്വീപ്, മ്യാന്‍മര്‍, ചൈന, തായ്‌ലന്‍ഡ്, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഏതു നിമിഷവും ഈ ഭീകരര്‍ നമ്മുടെ നാട്ടിലെത്താം. ദിവസവും തിരുവനന്തപുരത്തുനിന്ന് മാലെദ്വീപിലേക്ക് മൂന്നു വിമാന സര്‍വീസുകള്‍ ഉള്ളതിനാല്‍ കേരളത്തിലാകും ഇതിന്റെ ആക്രമണം ആദ്യം ഉണ്ടാകാന്‍ സാധ്യത.

സഞ്ചാരികളുടെ ശരീരത്തിലോ ബാഗിലോ വസ്ത്രങ്ങളിലോ ഇലതീനി വണ്ടോ അതിന്റെ കുഞ്ഞുങ്ങളോ മുട്ടയോ മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. അലങ്കാരപ്പനകളുടെ ഇറക്കുമതിയിലൂടെയും ഇവ നമ്മുടെ വീട്ടുപടിക്കല്‍ എത്താം.

പേരുപോലെതന്നെ ഇലതീനി വണ്ടും അതിന്റെ കുഞ്ഞുങ്ങളും തെങ്ങിന്റെ ഇളംഓലകള്‍ കൂട്ടമായി ഭക്ഷിക്കുന്നു. തന്മൂലം വളര്‍ച്ച മുരടിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു. തുടര്‍ച്ചയായി ആക്രമണം ഉണ്ടായാല്‍ എത്ര വലിയ തെങ്ങും കരിഞ്ഞുണങ്ങിപ്പോവുകയും ചെയ്യും. കേരളത്തിലെ കാലാവസ്ഥ ഈ വണ്ടിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായതിനാല്‍, ഒരിക്കല്‍ വന്നുപെട്ടാല്‍ ഇവ നമ്മുടെ തെങ്ങുകള്‍ക്ക് മേല്‍ സംഹാരതാണ്ഡവം ആടുകതന്നെ ചെയ്യുമെന്നാണ് മറ്റു രാജ്യങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത്.

ഇതിനെതിരെ ശത്രുകീടങ്ങള്‍ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും. തേങ്ങയിടാന്‍പോലും ആളില്ലാത്ത നാട്ടില്‍ ഓരോതെങ്ങിലും കയറി മരുന്നടിക്കുന്നത് ഏതാണ്ട് അപ്രായോഗികവുമാണ്. അതുകൊണ്ടുതന്നെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കര്‍ശനമായ ക്വാറെന്റെന്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഇലതീനി വണ്ടിന്റെ വരവ് തടയാന്‍ കഴിയുകയുള്ളൂ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതാണ് നല്ലതെന്ന ആപ്തവാക്യം ഇലതീനി വണ്ടിന്റെ കാര്യത്തില്‍ നൂറുശതമാനം ശരിയാണ്.


Stories in this Section