സുലൈമാന്റെ സ്വന്തം കറവയന്ത്രം

Posted on: 11 Jan 2015

ഡോ. സി.കെ. ഷാജിബ്‌
പശുവളര്‍ത്തല്‍ തുടങ്ങിയപ്പോള്‍ സുലൈമാന്‍ കണ്ടത് ഈ മേഖലയിലെ വിലകൂടിയ യന്ത്രങ്ങളാണ്. അഞ്ച് ഹോള്‍സ്റ്റിന്‍ പശുക്കളെ വാങ്ങിയാണ് തുടക്കം. വലിയ പശുക്കളുടെ കറവ ഒരു പ്രശ്‌നമായപ്പോഴാണ് കറവയന്ത്രത്തെക്കുറിച്ച് അന്വേഷിച്ചത്. അമ്പത്തിയാറായിരം എന്ന വലിയ വില വാങ്ങാന്‍ തടസ്സമായി. കറവയന്ത്രത്തിന്റെ പ്രവര്‍ത്തനരീതി കണ്ട് മനസ്സിലാക്കി. ആയിരം രൂപകൊടുത്ത് കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന പഴയ കറവയന്ത്രത്തിന്റെ പാത്രം സ്വന്തമാക്കി. ആക്രിക്കടയില്‍നിന്ന് അഞ്ഞൂറ് രൂപകൊടുത്ത് ഒരു പഴയ ഫ്രിഡ്ജിന്റെ കംപ്രസറും സ്വന്തമാക്കി കറവയന്ത്രം നിര്‍മിച്ചു. സുലൈമാന്റെ കരവിരുതില്‍ വിപണിയിലെ ഓട്ടോമാറ്റിക് യന്ത്രത്തേക്കാള്‍ ശബ്ദം കുറഞ്ഞതും നന്നായി പ്രവര്‍ത്തിക്കുന്നതുമായ കറവയന്ത്രം തയ്യാര്‍.

പതിന്നാല് സെന്റ് സ്ഥലത്തെ പശുവളര്‍ത്തല്‍ സൃഷ്ടിച്ച പരിസരദുര്‍ഗന്ധമായിരുന്നു അടുത്ത പ്രശ്‌നം. ബയോഗ്യാസ് പ്‌ളാന്റിനെക്കുറിച്ച് അറിഞ്ഞ് അത് വാങ്ങാനായി ചെന്നപ്പോള്‍ വന്‍വില. ബയോഗ്യാസിന്റെ അടിസ്ഥാനതത്ത്വം മനസ്സിലാക്കിയ സുലൈമാന്‍ സ്വന്തം ആശയത്തില്‍ ഒരു പ്‌ളാന്റ് നിര്‍മിച്ചു. ആകെ ചെലവായത് നാലായിരം രൂപമാത്രം. അടുക്കളയിലെ പാചകത്തിന് ഗ്യാസ് ലഭിച്ചപ്പോള്‍ ഭാര്യ സാബിറയ്ക്കും അതീവസന്തോഷം. ബയോഗ്യാസിലെ വെള്ളം വയലിലെ വാഴകൃഷിക്ക് ഉപയോഗിക്കുന്നതിനാല്‍ നല്ല വിളവും ലഭിക്കുന്നു. തൊഴുത്തും പരിസരവും വൃത്തിയാക്കാന്‍ വലിയ മുതല്‍മുടക്കില്ലാതെ പൂട്ടിപ്പോയ കാര്‍വാഷിങ് കടയില്‍നിന്ന് ചെറിയവിലയ്ക്ക് വാഷര്‍ സംഘടിപ്പിച്ചു. കുറഞ്ഞ വെള്ളത്തില്‍ വൃത്തിയാക്കാമെന്നതിനാല്‍ വേനല്‍ക്കാലത്തെ ജലക്ഷാമവും സുലൈമാന് ഒരു പ്രശ്‌നമല്ല.(സുലൈമാന്‍ ഫോണ്‍:9946821809).


Stories in this Section