പാവല്‍ തോട്ടത്തിന്റെ പരിചരണം

Posted on: 29 Dec 2014


വീട് നില്ക്കുന്നത് കഴിച്ച് ഒരു സെന്റോളം സ്ഥലമാണ് എനിക്കധികമുള്ളത്. ഇവിടെ പാവല്‍ നട്ടു. ഇതിന്റെ വളപ്രയോഗം എങ്ങനെ?


സിദ്ധാന്ത് ജി. നായര്‍, മാങ്കാവ്


പാവല്‍ നടുമ്പോള്‍ത്തന്നെ കമ്പോസ്‌റ്റോ കാലിവളമോ 10 കിലോ അളവില്‍ ചേര്‍ക്കണം. കൂടാതെ ഒരു സെന്റിന് ആവശ്യമായ ജൈവവളങ്ങള്‍ ഇപ്രകാരം. എല്ലുപൊടി (475 ഗ്രാം), ചാരം (830 ഗ്രാം), കപ്പലണ്ടി പിണ്ണാക്ക് (2.10 കിലോ); രാസവളങ്ങളാണെങ്കില്‍ നേര്‍വളങ്ങള്‍ ഇങ്ങനെ: യൂറിയ (330 ഗ്രാം), രാജ് ഫോസ് (500 ഗ്രാം), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (165 ഗ്രാം). വളപ്രയോഗസമയത്ത് നനയ്ക്കണമെന്ന് ഓര്‍ക്കുക. എങ്കിലും നന ആവശ്യത്തിന് മാത്രം മതി. പൂവും കായുമുള്ളപ്പോള്‍ ഒന്നിരാടം നനയ്ക്കുക. നടുമ്പോഴും ഒരു മാസം പ്രായമാകുമ്പോഴും തടമൊന്നിന് 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് ഇടുക. ഉണക്കമീന്‍ കെണിയോ, ഫിറമോണ്‍ കെണിയോ പന്തലില്‍ തൂക്കി കായീച്ചശല്യം തടയാം. പാവലിന് നട്ട് മുപ്പതാംപക്കവും (വള്ളി വീശുമ്പോള്‍) അറുപതാം പക്കവും (പൂവിടുമ്പോള്‍) ആണ് വളം ചേര്‍ക്കേണ്ടത്.

കരിമ്പ്‌കോതല്‍ യന്ത്രം

കരിമ്പിന്റെ ശിഖരങ്ങള്‍ കോതുന്ന യന്ത്രം നിലവിലുണ്ടോ? ഇതിന്റെ വിശദാംശം അറിയിക്കാമോ?

അജ്മല്‍ ഖാന്‍, പന്തളം

കരിമ്പിന്റേത് കൊമ്പുകോതുന്ന യന്ത്രം എന്നു പറയാന്‍ കഴിയില്ല. ഇതൊരു ചെറിയ ഉപകരണമാണ്. പേര് 'കെയിന്‍ സീഡ്‌ലിങ് പ്രൂണര്‍'. ഒരു പിടിയും ഉള്‍ഭാഗത്ത് കത്തി ഘടിപ്പിച്ച കൊളുത്തുമാണിതിന്റെ ഭാഗങ്ങള്‍. തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാലയുടെ പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ് വിഭാഗമാണ് ഈ ഉപകരണം കണ്ടുപിടിച്ചത്. ശിഖരം കോതല്‍ കരിമ്പിന്റെ വളര്‍ച്ചയ്ക്കും വിളവര്‍ധനയ്ക്കും സഹായിക്കും. നിലവില്‍ ഇതിന് സഹായകമായ ഒരുപകരണമില്ല. കൈകൊണ്ട് തണ്ട് വളച്ച് മാതൃകാണ്ഡം കോതുമ്പോള്‍ അതിലെ അരംകൊണ്ട് തൊഴിലാളികളുടെ കൈ മുറിയുക പതിവാണ്. എന്നാല്‍, പുതിയ ഉപകരണംകൊണ്ട് ഒറ്റ വളയ്ക്കലിനുതന്നെ കരിമ്പിന്‍തണ്ട് വളച്ച് അനായാസം കോതിവിടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ്, തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാല, കോയമ്പത്തൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മതി. ഫോണ്‍: 04226611566.

സുരേഷ് മുതുകുളംStories in this Section