റബ്ബര്‍തോട്ടത്തിലെ ചിതലിനെ നിയന്ത്രിക്കാം

Posted on: 15 Dec 2014

കെ.കെ. രാമചന്ദ്രന്‍പിള്ള



ഏപ്രില്‍മാസം വരെയുള്ള വേനല്‍ക്കാലത്ത് മിക്ക റബ്ബര്‍തോട്ടങ്ങളിലും റബ്ബര്‍നഴ്‌സറികളിലും ചിതല്‍ബാധ അനുഭവപ്പെടാറുണ്ട്. റബ്ബറിനെ ആക്രമിക്കുന്ന ചിതലിന്റെ ശാസ്ത്രനാമം ഓഡന്‍ടോ ടെര്‍മിസ് ഒബീസസ് എന്നാണ്.

എല്ലാ പ്രായത്തിലുമുള്ള മരങ്ങളുടെ ഉണങ്ങിയ പുറംചട്ട ഇത് തിന്ന് നശിപ്പിക്കുന്നു. റബ്ബര്‍ത്തൈകളെ ഉണക്കില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടി അവയുടെ ചുവട്ടില്‍ വെച്ചിട്ടുള്ള ഉണക്കച്ചവറും കൂടകളും ചെടികളുടെ വെള്ളയടിച്ച പുറംതൊലിയും ചിതല്‍ തിന്ന് നശിപ്പിക്കുന്നതിനാല്‍ വെയിലേറ്റ് തൈകള്‍ ഉണങ്ങിപ്പോകാനുള്ള സാധ്യത വര്‍ധിക്കുന്നു. ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന മരങ്ങളുടെ വെട്ട്ചാലിലും റബ്ബര്‍ കറ ശേഖരിക്കുന്നതിനുള്ള ചിരട്ടയിലും ഇവ മണ്‍ അറകള്‍ നിര്‍മിച്ച് സുഗമമായ ടാപ്പിങ്ങിന് തടസ്സം സൃഷ്ടിക്കുന്നു.
.
ചെറുതൈകള്‍ക്കോ മരങ്ങള്‍ക്കോ ചിതല്‍ ആക്രമണം ഉണ്ടായാല്‍ അവയുടെ ചുവട്ടിലുള്ള മണ്ണില്‍ ടാറ്റാ ബാന്‍20 EC, ഡുര്‍സ്ബാന്‍20 EC, സൈഫോസ്20 EC എന്നീ കീടനാശിനികളില്‍ ഏതെങ്കിലും ഒരെണ്ണം അഞ്ച് മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ കലര്‍ത്തിയ ലായനി ഒഴിച്ച് കുതിര്‍ത്ത് ചിതലില്‍ നിന്ന് അവയെ സംരക്ഷിക്കാം. ഈ കീടനാശിനികള്‍ നിയന്ത്രിത ഉപയോഗത്തിനുവേണ്ടി മാത്രം ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. (ഫോണ്‍: 04712572060)


Stories in this Section