അഭിരാമിയുടെ അടുക്കളത്തോട്ടം

Posted on: 09 Nov 2014

അനുപമ ജി.കെ.
കാട്ടാക്കട ഗ്രീന്‍പാലസ് വീട്ടിലെ അഭിരാമി എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ കുട്ടിക്കര്‍ഷകയായി അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി. ആരായിത്തീരാന്‍ മോഹമെന്ന് ചോദിച്ചാല്‍ അറിയപ്പെടുന്ന കര്‍ഷകയാകണം എന്നേ പറയൂ. അടുക്കളമുറ്റത്തെ 23 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ പച്ചക്കറി കൃഷിചെയ്യുന്നത്.

വെണ്ട, പയര്‍, വഴുതന, മുളക്, തക്കാളി എന്നിവ പ്രത്യേകം വരികളിലാക്കി നട്ടുവളര്‍ത്തിയിരിക്കുന്നു. ഒരോ വിളകളും മാറിമാറിയാണ് കൃഷിചെയ്യുന്നത്. അതിനാല്‍ കീടാക്രമണം കുറയുന്നു. ഭക്ഷണത്തിനായി ജാഗ്രത വേണമെന്ന മുന്നറിയിപ്പും രാസവളങ്ങളുടെയും കീടനാശിനികളുടെയും ദൂഷ്യഫലങ്ങള്‍ തന്റെ അച്ഛനില്‍ നിന്ന് കേട്ടറിഞ്ഞ അഭിരാമി 2009 ഒക്ടോബര്‍ 16ന് ലോക ഭക്ഷ്യദിനത്തില്‍ തുടങ്ങിയ പച്ചക്കറി കൃഷി ആറ്് വര്‍ഷമായിട്ടും മുടക്കിയിട്ടില്ല. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്റെ െ്രെപവറ്റ് സെക്രട്ടറി രാമുവിന്റെ മകളാണ് അഭിരാമി.

രാവിലെ കോളേജില്‍ പോകുന്നതിന് മുമ്പും പിന്നെ മടങ്ങിയെത്തി സന്ധ്യയാകുംവരെയും പച്ചക്കറിത്തോട്ടത്തിലാണ്. കോഴിവളം, ചാണകം, ചാരം എന്നിവയാണ് ഉപയോഗിക്കാറുള്ളത്. മണ്ണില്‍ കുഴി നിര്‍മിച്ച ശേഷം ചാണകം, അറക്കപ്പൊടി, മേല്‍മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ തയ്യാറാക്കിയ മിശ്രിതം കുഴികളില്‍ നിറച്ച് നടുന്നു. തടിഅറുപ്പ് മില്ലില്‍ നിന്ന് ശേഖരിക്കുന്ന അറക്കപ്പെടി കൂട്ടിചേര്‍ക്കുന്നതിനാല്‍ മണ്ണ് കട്ടപിടിക്കാതിരിക്കുകയും വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നുണ്ടെന്നാണ് അഭിരാമിയുടെ അനുഭവം. കീടാക്രമണം ഉണ്ടായാല്‍ വിളക്കുകെണി, പഴക്കെണി എന്നിവ സ്ഥാപിക്കും.

ഒരു മാസത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചീരവിത്ത് വിതയ്ക്കുന്നതിനാല്‍ മുടങ്ങാതെ മാസം മുഴുവനും ചീര ലഭിക്കും. ഇപ്പോള്‍ അടുക്കളത്തോട്ടത്തില്‍ നീളന്‍ പയര്‍ കായ്ച്ച് തുടങ്ങിയത്, പടര്‍ന്ന് തുടങ്ങിയത്, നാല് ഇല പരുവമെത്തിയത്, വിത്ത് നട്ടത് എന്നിങ്ങനെ വിവിധതരത്തില്‍ ഉണ്ട്. അഭിരാമിയുടെ നിരന്തരമുള്ള നടീല്‍മൂലം മാസത്തില്‍ മുടങ്ങാതെ ചീരയും വെണ്ടയും പയറും ഉത്പാദിപ്പിക്കുന്നു. പച്ചക്കറികള്‍ വീട്ടാവശ്യം കഴിഞ്ഞ് വില്‍ക്കാനും ഉണ്ട്.


Stories in this Section