ഇലക്കറിയിലെ നവാതിഥി ചായമാന്‍സ

Posted on: 28 Sep 2014പോഷകസമൃദ്ധവും ഔഷധ മൂല്യവുമുള്ള ഏകദേശം എണ്‍പതില്‍പ്പരം ഇലകള്‍ നമ്മുടെ ചുറ്റുപാടുമുണ്ട്. മുരിങ്ങ, അഗത്തി, താള്, തകര, ചീര, മണിത്തക്കാളി, തഴുതാമ, സൗഹൃദച്ചീര, മധുരച്ചീര തുടങ്ങി ചൊറിയണംവരെ ഇതില്‍പ്പെടുന്നു. എന്നാല്‍, ഇന്ന് ഇവയുടെ ഉപയോഗം കുറഞ്ഞുവരികയാണ്.

ഇലക്കറികളിലെ നവാതിഥിയാണ് ചായമാന്‍സയെന്ന കുട്ടിച്ചീര. യുബോര്‍ബിയേസിയ വംശത്തില്‍പ്പെട്ട ഇത് മധ്യ അമേരിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍നിന്നാണ് പ്രചാരത്തിലായത്. മധ്യ അമേരിക്കയിലെ ഗോത്രസമൂഹമായ പുരാതന മായന്‍ ജനതയുടെ ഇഷ്ടഭോജനമായ ചായമാന്‍സ അവരുടെ ഉത്തമ ഭക്ഷണവും ഔഷധവുമാണ്.
.
ഏതുകാലാവസ്ഥയിലും മണ്ണിലും ഇത് വളരും. ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം, വിറ്റാമിന്‍ എ ഇവ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇത്. കടുത്ത പച്ചനിറത്തിലുള്ള ഈ ചെടി തറയിലോ ചട്ടിയിലോ നടാം. ജൈവവേലിയായി അതിരുകളില്‍ വളര്‍ത്തുകയും ചെയ്യാം. കൊളസ്‌ട്രോള്‍, അമിതവണ്ണം, ചുമ, ശ്വാസതടസ്സം എന്നിവ ഇല്ലാതാക്കുന്നതിനും ഇത് ഉത്തമമാണ്.

40 സെ.മീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത് കമ്പുകള്‍ മരച്ചീനി നടുന്നതുപോലെ മണ്‍കൂനകളിലോ മണ്ണിളക്കിയോ നട്ടുവളര്‍ത്താം. ഇളം തണ്ടുകള്‍ പെട്ടെന്ന് കിളിര്‍ക്കും. മുറിച്ചവ തറയില്‍ വെറുതേ ഇട്ടാല്‍പ്പോലും കാലാന്തരത്തില്‍ വളര്‍ന്നുവരും. വല്ലപ്പോഴും ജൈവവളം നല്‍കി മണ്ണിളക്കിക്കൊടുത്താല്‍ ചെടി പുഷ്ടിയോടെ വളരും. തണ്ട് നട്ട് രണ്ടുമാസമാകുമ്പോള്‍ ഇല പറിക്കാം. ഏകദേശം 25 സെ.മീറ്റര്‍ നീളത്തിലുള്ള തണ്ടിന്റെ അറ്റത്തുള്ള ഇലകളാണ് ഉപയോഗിക്കേണ്ടത്. തണ്ടോടെ അടര്‍ത്തി എടുക്കുമ്പോള്‍ ഞെട്ടില്‍ നിന്ന് വെളുത്ത നിറത്തിലുള്ള കറ ഉണ്ടാകും. അടര്‍ത്തിയ ഭാഗത്ത് വീണ്ടും ഇലകള്‍ ഉണ്ടാവും. തോരനായോ പയറുചേര്‍ത്ത് കറിയായോ പാചകംചെയ്യാം. ആദ്യമായി കഴിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടുമെങ്കിലും ക്രമേണ സ്വാദിഷ്ടമായി തീരും.

ഇതിന്റെ വ്യാപനത്തിന് സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, ശാന്തിഗ്രാം എന്നിവ മുന്‍കൈ എടുക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് ശാന്തിഗ്രാം 0471 2269780.

എം.പി. അയ്യപ്പദാസ്‌


Stories in this Section