വിസ്മൃതിയിലാവുന്ന നാടന്‍ പച്ചക്കറികള്‍

Posted on: 28 Sep 2014

രാജേഷ് കാരാപ്പള്ളില്‍കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പഴയകാലത്ത് വളര്‍ത്തിയിരുന്ന ഒട്ടേറെ നാടന്‍ പച്ചക്കറിയിനങ്ങള്‍ ഉണ്ട്. കാര്യമായ പരിചരണമോ കീടനാശിനി പ്രയോഗമോ ഒന്നും വേണ്ടാതെ സമൃദ്ധമായി വിളവ് തരുന്നവ. അവയില്‍ ചിലതിനെ പരിചയപ്പെടാം. ഒപ്പം തൊടിയില്‍ കൃഷി ചെയ്യാന്‍ ശ്രമിക്കാം.

നിത്യവഴുതന
ചെറുമരങ്ങളിലും വേലികളിലുമൊക്കെ ചുറ്റിപ്പടര്‍ന്ന് നിത്യവും കായ്കള്‍ തരുന്ന പച്ചക്കറിയാണ് നിത്യവഴുതന.


കായ്കളില്‍ കാണുന്ന കറനീക്കി രുചികരമായ കറികള്‍ വെക്കാന്‍ േയാജിച്ച നിത്യവഴുതിന വിളയുന്നതിനുമുമ്പ് ശേഖരിച്ച് ഉപയോഗിക്കണം.

നട്ടുവളര്‍ത്തുന്ന സ്ഥലങ്ങളില്‍ വിത്തുകള്‍ വീണ് എല്ലാകാലവും ഇവ നിലനില്‍ക്കുകയും ചെയ്യും.

ചതുരപ്പയര്‍


പയര്‍ വര്‍ഗത്തില്‍ ഏറ്റവുമധികം സ്വാഭാവിക മാംസ്യം അടങ്ങിയ വിളയാണ് ചതുരപ്പയര്‍. കായ്കളില്‍ ചിറകുപോലെയുള്ള ഭാഗം കാണാം.

വേനല്‍ക്കാലത്ത് മഞ്ഞു പരക്കുന്നതോടെ വിളവ് ലഭിക്കും. ചതുരപ്പയറിന്റെ വിത്തും പൂവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. പന്തലില്‍ പടര്‍ത്തിയാണ് വളര്‍ത്തേണ്ടത്.


അടതാപ്പ്


കാച്ചില്‍ ഇനത്തിലുള്ള അടതാപ്പിന്റെ വള്ളികളില്‍ ഉണ്ടാകുന്ന കിഴങ്ങുകള്‍പോലെയുള്ള കായ്കള്‍ കറിവെക്കാന്‍ ഉപയോഗിക്കാം.

ഉരുളക്കിഴങ്ങിന് പകരമായി ഇവ പഴയതലമുറയിലെ വീട്ടമ്മമാര്‍ പാചകം ചെയ്തിരുന്നു. വേനല്‍ക്കാലത്ത് വിളയുന്ന കായ്കള്‍ ശേഖരിച്ച് മഴക്കാലത്തും ഉപയോഗിക്കാന്‍ സാധിക്കും.

തക്കാളി വഴുതന


തക്കാളിയുടെ രൂപമുള്ള കായ്കള്‍ ഉണ്ടാകുന്ന വഴുതന വര്‍ഗ ചെടിയാണ് തക്കാളി വഴുതന. കായ്കള്‍ ഇളംപ്രായത്തിലാണ് കറിവെക്കാന്‍ അനുയോജ്യം. രണ്ടുവര്‍ഷത്തോളം തുടര്‍ച്ചയായി ഇവ വിളവുതരും.

വാളമര


വാളരിയെന്നും വിളിപ്പേരുള്ള വാളമരയുടെ കായ്കളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

പടര്‍ന്ന് വളരുന്നവയും കുറ്റിച്ചെടിയായി കാണുന്ന ഇനങ്ങളുമുണ്ട്. ഇളം പ്രായത്തിലെ കായ്കള്‍ ആണ് രുചികരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് (ഫോണ്‍: 9447808417)


Stories in this Section