കൃഷിയില്‍ കൃത്യത, ലാഭം പതിന്മടങ്ങ്‌

Posted on: 31 Aug 2014

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍
ഭക്ഷ്യോത്പാദനം കൂടുതല്‍ ലാഭകരമാക്കാന്‍ കൃത്യതകൃഷി കര്‍ഷകര്‍ക്ക് സഹായകരമാവുകയാണ്. പരമ്പരാഗത കൃഷിയില്‍നിന്ന് ഈ രീതിയിലേക്ക് ചുവടുമാറ്റിയ കൊല്ലം പടിഞ്ഞാറേ കല്ലട, കാരാളിമുക്ക് സ്വദേശി ജി. വിജയന്‍ പിള്ള ലാഭമിപ്പോള്‍ അഞ്ചിരട്ടിയായെന്ന് സാക്ഷ്യപ്പെടുത്തുന്നു.

2009-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പ്രിസിഷന്‍ ഫാമിങ് രണ്ടര ഏക്കറിലേക്ക് വ്യാപിച്ചിട്ടുണ്ട്. 10 വര്‍ഷം മുമ്പ് ബിസിനസ്സില്‍നിന്ന് കൃഷിയിലേക്ക് തിരിഞ്ഞ് കൃഷി ലാഭകരമാക്കാന്‍ പല മാര്‍ഗങ്ങള്‍ മാറിമാറി പരീക്ഷിച്ച് ഒടുവിലാണ് കൃത്യതകൃഷിയിലേക്കെത്തുന്നത്. തുറസ്സായ കൃത്യതകൃഷിരീതിയില്‍ വെണ്ട, വഴുതന, പാവല്‍, പടവലം, പയര്‍, തക്കാളി, അമര, ബീന്‍സ്, സവാള തുടങ്ങി പല വിളകള്‍ കൃഷിചെയ്യുന്നു. സങ്കരയിനങ്ങളാണ് കൃഷിചെയ്യുന്നതെല്ലാം. ശാസ്ത്രീയമായി ശുപാര്‍ശ ചെയ്യുന്ന നടീലകലത്തില്‍ത്തന്നെ ഇവ നട്ട് തടങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് പുതയിട്ടിരിക്കുന്നു.

വേണ്ട അളവിലുള്ള വെള്ളം തുള്ളിനനയിലൂടെ ചെടികളുടെ ചുവട്ടിലെത്തിക്കും. ഈ വെള്ളം നേരിട്ട് വലിച്ചെടുക്കാമെന്നതിനാല്‍ പാഴാകല്‍ ഇല്ലാതാകുന്നു, പ്ലാസ്റ്റിക് പുത, വെയിലേറ്റ് മണ്ണില്‍നിന്ന് വെള്ളം ആവിയാകുന്നത് തടയുകയും െചയ്യും. ഇങ്ങനെ, നനയ്ക്കാന്‍ വേണ്ട വെള്ളത്തിന്റെ അളവ് പകുതിയായി കുറയ്ക്കാനാവുന്നുണ്ട്.

നനയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളവുമായി ദ്രവരാസവളങ്ങള്‍ ലയിപ്പിച്ച് വിളകളുടെ ചുവട്ടിലെത്തിക്കാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. നാലുദിവസത്തിലൊരിക്കല്‍ വീതമാണ് ഈവിധം വളം നല്കുന്നത്. ദ്രവരാസവളത്തിന് വില കൂടുമെങ്കിലും ഇവ ഒട്ടും പാഴാകാതെ വേരുപടലത്തിലെത്തുന്നതിനാല്‍ പാഴാകല്‍ കുറയുന്നു.

വളര്‍ച്ചയെയും വിളവിനെയും ഉത്തേജിപ്പിക്കുന്ന പഞ്ചഗവ്യം, ഫിഷ് അമിനോ, എഗ് അമിനോ തുടങ്ങിയ വളര്‍ച്ചാ ഉത്തേജകങ്ങളും നല്കുന്നുണ്ട്. വെര്‍ട്ടിസീലിയം, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, ബവേറിയ തുടങ്ങിയ ജീവാണുക്കള്‍ ഉപയോഗിച്ച് കീടരോഗനിയന്ത്രണം നടത്തുന്നു. സസ്യജന്യ കീടനാശിനികളുടെ ഉപയോഗവും ഫെറമോണ്‍ കെണികളുമാണ് കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന മറ്റുമാര്‍ഗങ്ങള്‍.

സാധാരണ ലഭിക്കുന്നതിനേക്കാള്‍ നാലുമുതല്‍ അഞ്ച് ഇരട്ടി വിളവ് കൃത്യതകൃഷിയിലൂടെ കിട്ടുന്നുണ്ടെന്ന് വിജയന്‍ പിള്ള പറഞ്ഞു. വിളകള്‍ക്ക് വളവും വെള്ളവും തത്തുല്യമായി ഒരേ സമയത്ത് ലഭിക്കുന്നതിനാല്‍ വിളവും വിളവെടുപ്പുകാലവും സമാനമായിരിക്കും.
മഴമറയ്ക്കുള്ളിലെ പച്ചക്കറികൃഷിയും പച്ചക്കറി തൈയുത്പാദനവുമാണ് വിജയന്‍ പിള്ളയുടെ മറ്റൊരു സംരംഭം. മൂന്നു സെന്റിലുള്ള മഴമറയില്‍ തക്കാളിവര്‍ഗ പച്ചക്കറികളും ക്വാളിഫ്ലവര്‍, കാരറ്റ്, കാബേജ് തുടങ്ങിയ ശീതകാല പച്ചക്കറികളുമാണ് മുഖ്യമായും കൃഷിചെയ്യുന്നത്. ഇവയുടെ തൈകളുമുണ്ടാക്കുന്നു.

എട്ട് സങ്കരയിനം പശുക്കളുമുണ്ട്. തീറ്റപ്പുല്ലും ചോളവും കൂടുതല്‍ നല്കും കാലിത്തീറ്റയുടെ അളവ് കുറയ്ക്കും. അങ്ങനെയാണ് ഇവയെ വളര്‍ത്തുന്നത്. ഒന്നര ഏക്കറില്‍ കോ-1 തീറ്റപ്പുല്ലും ചോളവും കൃഷിചെയ്യുന്നുണ്ട്. പാല്‍ വീട്ടില്‍നിന്നുതന്നെ വാങ്ങാന്‍ ആള്‍ക്കാരെത്തുന്നു. ഭാര്യ ശോഭതന്നെയാണ് കൃഷിയിലും വിജയന്‍ പിള്ളയുടെ ഉറ്റപങ്കാളി.
(വിജയന്‍ പിള്ള - ഫോണ്‍: 9895550199.)


Stories in this Section