വിഷക്കൂണിനെ ഒഴിവാക്കാം

Posted on: 24 Aug 2014


വിറ്റാമിനുകളും ധാതുക്കളും മാംസ്യവും ഊര്‍ജവും ധാരാളമടങ്ങിയ പോഷകസമ്പുഷ്ടമായ കൂണ്‍ പച്ചക്കറി ഇറച്ചി എന്നാണ് അറിയപ്പെടുന്നത്. മഴക്കാലം കൂണുകള്‍ കൂട്ടത്തോടെ മുളച്ചുപൊന്തുന്ന കാലംകൂടിയാണ്. പോഷകസമ്പുഷ്ടവും മനോഹരവുമാണെങ്കിലും എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല.

ലോകത്ത് ഏകദേശം 45,000 കൂണിനങ്ങള്‍ ഉണ്ടെങ്കിലും 2,000 കൂണിനങ്ങള്‍ മാത്രമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. കുടയില്‍ ശ്രദ്ധിച്ചാല്‍ തന്നെ വിഷക്കൂണുകളെ തിരിച്ചറിയാം. കുടയില്‍ തഴമ്പോ അരിമ്പാറയോ പോലുള്ള പാടുകള്‍ കാണുന്നുണ്ടെങ്കില്‍ അത്തരം കൂണുകള്‍ ഉപേക്ഷിക്കാം. കുടയുടെ കീഴെയായി കാണുന്ന ഗില്ലുകള്‍ക്ക് വണ്ടിച്ചക്രത്തിന്റെ ഇലയുടെ ആകൃതി കാണുന്നുണ്ടെങ്കിലും കൂണ്‍കൂട്ടത്തെ ഒഴിവാക്കണം. കൂണിന്റെ ചുവടുഭാഗം സാധാരണയില്‍ കവിഞ്ഞ് വീര്‍ത്തിരിക്കുന്നുണ്ടെങ്കിലും വിഷക്കൂണാവാനാണ് സാധ്യത.

ചാണകത്തിലോ ചാണകക്കുഴിക്ക് സമീപമോ മുളച്ചുനില്‍ക്കുന്ന ശരിയായി തിരിച്ചറിയാന്‍ കഴിയാത്ത കൂണുകള്‍ ഭക്ഷ്യയോഗ്യമല്ല.
കൂണ്‍ ഭക്ഷ്യയോഗ്യമാണോയെന്ന് കണ്ടെത്താന്‍ ഇത്തിരി ശാസ്ത്രീയപരിശോധനയും ആകാം. ഇതിനായി പൂര്‍ണവളര്‍ച്ചയെത്തിയ കൂണ്‍ എടുത്ത് കുട തണ്ടില്‍നിന്നും വേര്‍പെടുത്തുക. ഗില്ലുകള്‍ അടിഭാഗത്ത് വരത്തക്കവിധം വെള്ളപ്പേപ്പറിന്റെ മുകളില്‍ കുട കമഴ്ത്തിവെക്കാം. ഇനി ഒരു ജാര്‍ ഉപയോഗിച്ച് മൂടാം. അല്പസമയത്തിനുശേഷം ജാര്‍ മാറ്റി പരിശോധിക്കണം. ഗില്ലുകളില്‍ നിന്ന് വീഴുന്ന സ്‌പോറുകള്‍ പച്ചയോ ചുവപ്പോ നിറമുള്ളതാണെങ്കില്‍ വിഷക്കുമിളാണെന്ന് ഉറപ്പിക്കാം. ഇനിയും സംശയം തീര്‍ന്നില്ലെങ്കില്‍ കൂണ്‍ പാകംചെയ്യുമ്പോള്‍ ഒരു പുതിയ വെള്ളിനാണയം കൂടി ഇടാം. പാചകത്തിനുശേഷം നാണയത്തിന് കറുപ്പുനിറം കാണുന്നുണ്ടെങ്കില്‍ വിഷക്കൂണാകാനുള്ള സാധ്യതയും കൂടുന്നു.

കൃഷി ചെയ്ത് തയ്യാറാക്കുന്ന കൂണുകളെല്ലാം കണ്ണുമടച്ച് കഴിക്കാം. അതേസമയത്ത് മഴയത്ത് മുളച്ചുപൊന്തുന്ന കൂണുകള്‍ കൂടുതല്‍ രുചികരവും പോഷകസമൃദ്ധവുമാണെങ്കിലും വിഷമയമായവ തിരിച്ചറിഞ്ഞ് കഴിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും.


Stories in this Section