കൈതാരത്ത് വീട് ഇത് കൃഷിവീട്

Posted on: 17 Aug 2014

ഡോ. ഡി. ഷൈന്‍കുമാര്‍
വേലയുടെ പെരുമയുള്ള നെന്മാറയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വന്നാല്‍ കൃഷിവേലകളുടെ ഒരു കുടമാറ്റം കാണാം. പൈക്കളും ആട്ടിന്‍കുട്ടികളും മുയല്‍ക്കുട്ടന്മാരും താറാവും പൂവന്‍കോഴികളുമൊക്കെ കളിച്ചും പറന്നുമുല്ലസിക്കുന്ന ഒരിടം. പാലും മുട്ടയുമൊക്കെ സമൃദ്ധമായി കിട്ടുന്ന ഒരു സ്വര്‍ഗം.

പാലക്കാട് ഇലവഞ്ചേരിയിലെ കൈതാരത്ത് വീട്. ഇവിടെ ഷാജി ഏലിയാസ് ആന്റണിയെന്ന 43-കാരനുണ്ട്. ഒരേക്കര്‍ ഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഷാജിയും കുടുംബവും കൊയ്‌തെടുക്കുന്നത് ആരും കൊതിക്കുന്ന അന്നംതന്നെ. അതിന്റെ അംഗീകാരമെന്നോണം ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന്റെ മികച്ച സമ്മിശ്ര മൃഗപരിപാലകനുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് കൈതാരത്ത് വീട്ടിലേക്കെത്തി.

ഷാജിയുടെ കഥ വ്യത്യസ്തമാണ്. പ്രൈവറ്റ് ബസ്സില്‍ ക്ലൂനറും ഡ്രൈവറും മുതലാളിയുമൊക്കെയായി മാറിയ ജീവിതവഴികള്‍ ഷാജിയെ കൊണ്ടുചെന്നെത്തിച്ചത് വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ലോകത്താണ്. അവിടെ മത്സരമോ സംഘര്‍ഷങ്ങളോ ഇല്ല. ഉല്ലാസത്തിന്റെയും വരുമാനത്തിന്റെയും നാളുകള്‍ മാത്രം.

ഒരു പശുവിലാണ് ഷാജി തുടങ്ങിയത്. ഇന്നത് നാല്പതിലെത്തിനില്‍ക്കുന്നു. ആടുകള്‍ മലബാറി ഇനത്തിലായി അറുപതോളമുണ്ട്. മുയല്‍ക്കുട്ടന്മാര്‍ ഇരുന്നൂറ്റമ്പതോളം വരും. ഇരുനൂറോളം വരുന്ന കുട്ടനാടന്‍ താറാവുകള്‍ക്കായി വലിയതടാകങ്ങള്‍. ടര്‍ക്കിയും വാത്തകളും യഥേഷ്ടം.

കൃഷിയായാല്‍ അത് സമ്മിശ്രമാകണമെന്ന് ഷാജിക്ക് നിര്‍ബന്ധമുണ്ട്. ഒന്നില്‍ പിഴച്ചാല്‍ മറ്റൊന്നില്‍ കിട്ടും. പശുക്കള്‍ക്കായി നാലുനിരയായി 28 മീറ്റര്‍ നീളമുള്ള ഷെഡുകള്‍. സൂര്യതാപത്തെ വെല്ലാന്‍ ഓലമേഞ്ഞ മേല്‍ക്കൂരകള്‍. പൈക്കളില്‍ ഇരുപത്തഞ്ചോളം അയര്‍ലന്‍ഡുകാരികളായ ഹോള്‍സ്റ്റീന്‍, മറ്റുള്ളവരില്‍ ഏറെയും സുനന്ദിനി പൈക്കള്‍. പാല്‍ക്കൊഴുപ്പ് കൂട്ടാന്‍ ഗുജറാത്തില്‍ സ്വന്തം ഗിര്‍ പൈക്കള്‍ ഒരു ഡസനോളം.

തീറ്റയ്ക്കുമുണ്ട് ഒരു ഷാജിസ്പര്‍ശം. ഒരു കിലോ പൊടിയരിക്കഞ്ഞി, നാലുകിലോ തവിട്, രണ്ടരക്കിലോ തേങ്ങാപ്പിണ്ണാക്ക്, ഒന്നരക്കിലോ ചോളപ്പൊടി എന്ന സ്വയംമിശ്രിത തീറ്റയാണ് പൈക്കള്‍ക്ക്. വാഴപ്പഴത്തിന്റെ തൊലിയും പച്ചക്കറിച്ചന്തയിലെ അവശിഷ്ടങ്ങളും ദിനംപ്രതി എത്തിച്ച് തീറ്റയാക്കും. പ്രതിദിനം ഇരുന്നൂറ്റമ്പതോളം ലിറ്റര്‍ പാലുണ്ട്. പാല്‍ പകുതി 28 രൂപയ്ക്ക് ക്ഷീരസംഘത്തിലും മറുപകുതി 33 രൂപയ്ക്ക് പ്രാദേശികമായും വില്‍ക്കും. രണ്ടേക്കര്‍ പറമ്പില്‍ ആണ്ടോടാണ് വിളഞ്ഞ് സമൃദ്ധമായിക്കിടക്കുന്ന തീറ്റപ്പുല്‍.

ആടുകള്‍ക്കായി പനന്തടിയില്‍ ഉണ്ടാക്കിയ നാലടി പൊക്കമുള്ള ഷെഡുകള്‍. മുയലുകള്‍ക്ക് പുല്ലും പയര്‍, കടല അവശിഷ്ടങ്ങളും ചോറുമാണ് തീറ്റ. സമ്മിശ്ര കൃഷിയുടെ രസതന്ത്രത്തിന് മാറ്റുകൂട്ടാന്‍ ഷാജി മറ്റൊരടവ് പയറ്റുന്നുണ്ട്. മലമ്പുഴ സര്‍ക്കാര്‍ഫാമില്‍നിന്ന് രണ്ടായിരത്തോളം പൂവന്‍കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരും. 40 ദിവസം സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ഒരേക്കര്‍പറമ്പിലേക്ക് തുറന്നുവിട്ട് തീറ്റിക്കും. ആറാംമാസമെത്തുമ്പോള്‍ നാടന്‍മിശ്രിതമുള്ള പൂവന്‍കോഴികള്‍ രണ്ടുകിലോ എത്തും. കിലോ 120 രൂപയ്ക്ക് തൂക്കിവില്‍ക്കും.

പത്താംതരമേ പഠിച്ചിട്ടുള്ളൂവെങ്കിലും പ്രതിവര്‍ഷം 20 ലക്ഷത്തോളം വരുമാനം നേടുന്നുണ്ട്. അതിലേറെ മനഃസമാധാനവും. ഭാര്യ നിഷയും മക്കളായ ഷൈനും അന്നയും എല്ലാ ദിനവും കൃഷിപ്പറമ്പിലെത്തും. (ഷാജി ഏലിയാസ് ആന്റണി ഫോണ്‍: 9747125551).


Stories in this Section