റബ്ബര്‍ തോട്ടത്തിലെ ഒച്ചുശല്യം

Posted on: 09 Aug 2014

കെ.കെ. രാമചന്ദ്രന്‍പിള്ളതണുപ്പുള്ള മാസങ്ങളിലാണ് ഒച്ചുകളുടെ ആക്രമണം അനുഭവപ്പെടാറുള്ളത്. റബ്ബര്‍ തൈകളുടെ മുകുളങ്ങളെ ആക്രമിച്ച് കേടുവരുത്തുക, ടാപ്പുചെയ്തുകൊണ്ടിരിക്കുന്ന റബ്ബര്‍ മരങ്ങളില്‍നിന്ന് റബ്ബര്‍കറ കുടിക്കുക, വെട്ടുചാലില്‍ കറയൊഴുക്കിനെ തടസ്സപ്പെടുത്തി കറ കവിഞ്ഞൊഴുകാന്‍ ഇടയാക്കുക, ചിരട്ടയില്‍ ശേഖരിച്ചിരിക്കുന്ന കറ മലിനപ്പെടുത്തുക എന്നിവയാണ് ഒച്ചുമൂലമുണ്ടാകുന്ന പ്രധാന ഉപദ്രവങ്ങള്‍.

ഇവ പകല്‍സമയം തോട്ടത്തില്‍ വീണുകിടക്കുന്ന ഉണക്ക ഇലകളുടെയും വളര്‍ന്നുനില്‍ക്കുന്ന പുല്ലുകളുടെയും ആവരണ വിളകളുടെയും ഇടയില്‍ വസിക്കുന്നു. രാത്രി പുറത്തുവരുന്ന ഇവ മൂന്നുവര്‍ഷംവരെ പ്രായമുള്ള ചെറുതൈകളില്‍ കയറി അവയുടെ അഗ്രഭാഗത്തെയും പാര്‍ശ്വഭാഗങ്ങളിലെയും മുകുളങ്ങള്‍ക്ക് മുറിവുണ്ടാക്കി അവിടെനിന്ന് ഒഴുകിവരുന്ന റബ്ബര്‍കറ കുടിക്കുന്നു. ഇപ്രകാരം കേടുവന്ന മുകുളങ്ങളുടെ വളര്‍ച്ച നിലയ്ക്കുകയും അവയുടെ താഴെനിന്ന് പുതിയ ശിഖരങ്ങള്‍ വളരുകയും ചെയ്യും. ഈ ശിഖരങ്ങളുടെ മുകുളങ്ങളെയും ഇവ ആക്രമിക്കും. അങ്ങനെ അവയുടെ വളര്‍ച്ചയും നിലയ്ക്കും.

വീണ്ടും വീണ്ടും ഉണ്ടാകുന്ന ശിഖരങ്ങളുടെ മുകുളങ്ങള്‍ ഇവയുടെ ആക്രമണത്തിന് വിധേയമാകുന്നതിനാല്‍ ചെടിയുടെ വളര്‍ച്ച മുരടിക്കും. രാത്രികാലങ്ങളില്‍ മരങ്ങളുടെ മുകളില്‍ കയറുന്ന മിക്ക ഒച്ചുകളും പ്രഭാതവേളയില്‍ താഴേക്കിറങ്ങിവരും. മരങ്ങള്‍ ടാപ്പു ചെയ്തുകൊണ്ടിരിക്കുന്നവയാണെങ്കില്‍ ഇവ വെട്ടുചാലിലും കറ ശേഖരിക്കാന്‍ വെച്ചിരിക്കുന്ന ചിരട്ടയിലും ഇഴഞ്ഞുകയറി റബ്ബര്‍കറ കുടിക്കാറുണ്ട്.

തായ്ത്തടിയില്‍ ഒട്ടുബന്ധത്തില്‍നിന്ന് മുകളിലോട്ട് 30 സെന്റിമീറ്റര്‍ ഉയരത്തില്‍ 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് ബ്രഷുപയോഗിച്ച് നന്നായി പുരട്ടി ഒച്ചുകളുടെ ആക്രമണം തടയാവുന്നതാണ്. തോട്ടത്തില്‍ ഒച്ചുശല്യം നിലനിന്നാല്‍ 30 മുതല്‍ 45 ദിവസങ്ങള്‍ക്കുശേഷം വീണ്ടും ബോര്‍ഡോ കുഴമ്പ് പുരട്ടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2572060.

Stories in this Section