കുറിച്യര്‍-കുടുംബകൃഷിയുടെ പ്രചാരകര്‍

Posted on: 03 Aug 2014

രമേഷ്‌കുമാര്‍ വെളളമുണ്ട
അന്താരാഷ്ട്ര കുടുംബ കൃഷി വര്‍ഷമായി ഇത്തവണ ഐക്യരാഷ്ട്ര സഭ ആചരിക്കുന്നവേളയില്‍ ഇന്ത്യന്‍ ഹരിത വിപ്‌ളവത്തിന്റെ പിതാവ് ഡോ എം എസ് സ്വാമിനാഥനില്‍ നിന്നാണ് വയനാട് ജില്ലയിലെ എടത്തന തറവാട് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.പാരമ്പര്യമായി കൃഷി പരിപാലിക്കുന്ന വര്‍ഷങ്ങള്‍ നീണ്ട ചരിത്രത്തില്‍ ഒടുവിലെത്തിയ അംഗീകാരവും ഇവരെ മടിയന്‍മാരാക്കിയില്ല.നാല്‍പ്പതോളം കുടുംബാംഗങ്ങള്‍ നെല്‍കൃഷിയില്‍ സക്രിയമാവുകയാണ് ഈ മഴക്കാലത്തും.കുടുംബകാരണവര്‍ എടത്തന ചന്തുവും അനുയായികളും വാളാട് എന്ന ഗ്രാമത്തില്‍ നടത്തുന്ന ഗ്രാമീണ കാര്‍ഷിക വിപ്ലവത്തിനും ഇതോടെ പുറം ലോകത്തിന്റെ പിന്തുണയും കൈവരുകയാണ്.

മണ്ണിന്റെ മനസ്സറിഞ്ഞാണ് കൃഷിയെല്ലാം. ജൈവകൃഷിയും അതിന്റെ താളവുമാണ് ഈ നാടിനെ ഇന്നും ഉണര്‍ത്തുന്നത്.നാട്ടിപ്പാട്ടിന്റെ ഈണത്തില്‍ ഞാറ്റടികള്‍ നട്ടുപോകുമ്പോള്‍ ചേറുപുരണ്ട പാടത്ത് പച്ചപ്പുകള്‍ നിരക്കുകയായി.പരമ്പരാഗതമായി കൈമാറി വന്ന വയനാട്ടിലെ അത്യപൂര്‍വ്വ പാരമ്പര്യ വിത്തുകളാണ് ഇന്നും ഈ പാടത്ത് വിളയുന്നത്. എടത്തന തറവാട്ടിലുള്ള കുട്ടികളടക്കം വയലുകളില്‍ നാട്ടിപണി പൂര്‍ത്തിയാകുന്നതുവരെ അവിശ്രമം ഓടി നടക്കുന്നു.നെല്‍കൃഷി ഇന്നും ഇവര്‍ക്കൊരു ആഘോഷമാണ്.

നൂറോളം കുടുംബങ്ങളടങ്ങുന്നതാണ് എടത്തന തറവാട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന എടത്തന കുടുംബാംഗങ്ങള്‍ നിലമൊരുക്കലിനും വിത്തിറക്കലിനും കൊയ്ത്തിനുമെല്ലാം ഒരുമയോടെ ഒത്തുചേരും. ഞാറു നടീല്‍ ഇവിടെ ഉല്‍സവം തന്നെയാണ്. കുടുംബാംഗങ്ങള്‍ക്കുപുറമേ നിരവധി നാട്ടുകാരും വാളാട് എടത്തന തറവാട്ടിനു കീഴിലുള്ള വയലില്‍ നടക്കുന്ന ചടങ്ങിന് സാക്ഷികളാവും. പോയ കാലത്തിന്റെ കാര്‍ഷിക ശീലങ്ങള്‍ പാട്ടും കൊട്ടും താളങ്ങളുമായി ഇവിടെ പുനര്‍ജനിക്കുന്നു. ചേറും ചെളിയും നിറഞ്ഞ പാടത്തേക്ക് വിത്തിറക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് പൈതൃകമായ പൂജാകര്‍മ്മങ്ങളും നടക്കും. വിത്തിറക്കല്‍ മുതല്‍ വിളവെടുപ്പ് വരെ നെല്‍കൃഷി ഇവര്‍ക്ക് ഒരനുഷ്ഠാനമാണ്. മണ്ണും മനുഷ്യനും പ്രകൃതിയുടെ മടിത്തട്ടില്‍ ഇവിടെ ഒന്നായി മാറുന്നു.

സ്വന്തമായുള്ള 16 ഏക്കര്‍ ഭൂമിയാണ് കൃഷിയിടം. പരമ്പരാഗതവും പ്രകൃതിക്ക് കൂടുതല്‍ അനുയോജ്യവുമായ പല കൃഷിരീതികളും അന്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് കൂട്ടുകുടുംബത്തിന്റെ ജൈവകൃഷിയുടെ പ്രസക്തി. കുട്ടികള്‍ക്ക്‌പോലും കൃഷിയുടെ പാഠങ്ങളെല്ലാം ഒന്നും തെററാതെ അറിയാം.കൃഷി പഠിക്കുന്നവര്‍ക്കും എടത്തന ഒരു കാര്‍ഷിക സര്‍വകലാശാലയാണ്.

വയലുകളില്‍ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ കൃഷി ചെയ്യും. തറവാട്ടിലെ കുടുംബങ്ങള്‍ ഈ നെല്ല് വീതിച്ചെടുക്കും. ഹരിതവിപ്ലവത്തിന്റെ പ്രലോഭനങ്ങളില്‍ കണ്ണ് മഞ്ഞളിച്ച് കര്‍ഷകരില്‍ ഭൂരിഭാഗംപേരും പരമ്പരാഗത കൃഷിയിനങ്ങളെ ഒഴിവാക്കി അന്തകവിത്തുകള്‍ക്ക് പിന്നാലെ പോകുമ്പോഴാണ് പാരമ്പര്യത്തെയും കൃഷിയെയും ഈ തറവാട് കാത്തുസൂക്ഷിക്കുന്നത്.

നാടന്‍ നെല്ലുകളുടെ വിവിധയിനം വിത്തുകള്‍ എടത്തനക്കാര്‍ കൃഷിചെയ്ത് സംരക്ഷിക്കുന്നു. ഓരോ തരം നെല്ലിനും ക്ഷേത്രാചാരപ്രകാരം വ്യത്യസ്തമായ ഉപയോഗങ്ങളുണ്ട്. ചെന്നെല്ല്, ഞവര, ഗന്ധകശാല, ജീരകശാല, അടുക്കന്‍, മുണ്ടകന്‍, തൊണ്ടി, വെളിയന്‍ തുടങ്ങി വിശിഷ്ടമായ ഒട്ടേറെ ഇനങ്ങള്‍ കൃഷി ചെയ്യുന്ന കൂട്ടത്തിലുണ്ട്.

ഈ കൂട്ടുകുടുംബത്തിന്റെ ആകെ സ്വത്തായി ഇന്നും പരമ്പരാഗത കൃഷിരീതി തുടരുകയാണ്. നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കുടുംബ കാരണവരായ കോളിച്ചാല്‍ അച്ചപ്പന്‍ വൈദ്യര്‍ സമ്മതിക്കില്ല. വംശീയ വൈദ്യന്മാരില്‍ പ്രശസ്തനായ ഇദ്ദേഹം പരമ്പരാഗത കൃഷി രീതികളുടെ സംരക്ഷകനും കൂടിയാണ്. ഭക്ഷ്യ ഉപഭോഗത്തിനുമെന്നപോലെ ചികില്‍സക്കും ചെന്നെല്ല്, നവര പോലുള്ള ഇനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ചെറുപ്പക്കാരായ പുതുതലമുറയെ ഈ ചിട്ടവട്ടങ്ങളിലേക്ക് കൊണ്ടുവരാന്‍ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

പൈതൃക നെല്‍വിത്ത് സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരാകുമ്പോഴും മറ്റു സഹായങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പോയ കാലത്തിന്റെ കൃഷിയറിവുകള്‍ നാളേക്കായി കരുതിവെക്കുന്ന വിരലിലെണ്ണാവുന്ന തറവാടുകളില്‍ ഒന്നായി മാറുകയാണ് ഈ തറവാടും. കൃഷിയും വയലുകളും അപ്രത്യക്ഷമാകുന്ന ഈ കാലത്തിലും കാര്‍ഷികവൃത്തിയില്‍ വിജയഗാഥ ഉയര്‍ത്തുകയാണ് എടത്തന തറവാട്.

പരമ്പരാഗതമായ നെല്‍വിത്തു സംരക്ഷണനത്തിന് ഭാരത കൃഷി മന്ത്രാലയം ഏര്‍പ്പെടുത്തിയ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയ ചാരിതാര്‍ത്ഥ്യം കൂടിയാണ് എടത്തന കുറിച്യത്തറവാട് പങ്കുവെക്കുന്നത്.വയനാട്ടില ഇരുപതോളം കുറിച്യത്തറവാടുകളും കുടുംബകൃഷിയുടെ പ്രചാരകരാണ്.ഹെക്ടര്‍ കണക്കിന് പാടത്ത് ഇവരുടെ കാര്‍ഷിക മുന്നേറ്റങ്ങള്‍ അവിസ്മരണീയമാണ്.

കുറിച്ച്യര്‍കൃഷിക്കാരാവാന്‍ മത്സരിച്ചു.പഴശ്ശിപോരാട്ട കാലത്താണ് കുറ്ച്യ കുലത്തിന് സവര്‍ണ്ണര്‍ക്കിടയില്‍ നല്ലൊരു സ്ഥാനം ലഭിക്കുന്നത്.പഴശ്ശിക്കെപ്പം പടപൊരുതാന്‍ അസ്ത്ര വിദ്യയില്‍ നിപുണരായ കുറിച്യര്‍ വന്നതോടെ ബ്രട്ടീഷ് സൈന്യം ചിതറി ഒടേണ്ടിവന്നതായി ചരിത്രം പറയുന്നു.നിങ്ങള്‍ കുറിച്യരെ മാറ്റി നിര്‍ത്തേണ്ടതില്ല ഇവരെ ഒപ്പം നിര്‍ത്തി മുന്നേറണം.ഇവര്‍ ആദിവാസികള്‍ക്കിടയിലെ ബ്രാഹ്മണരാണ്. പഴശ്ശി നായര്‍പടയാളികളോടായി ഇങ്ങനെയാണ് പറഞ്ഞത്.തലയ്ക്കല്‍ ചന്തുവിനെ പോലയുള്ള കുറിച്യപടയാളികള്‍ പഴശ്ശികലാപത്തിന് നല്കിയതും കരുത്തുറ്റ സംഭാവനയാണ്.വീറുറ്റ പോരാട്ട വീര്യത്തില്‍ സായുധരായ കുറിച്യര്‍ക്ക് മുമ്പില്‍ പലതവണ ഇംഗ്‌ളീഷ് സൈന്യത്തിന് തോല്‍വി സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.പഴശ്ശിസമരരേഖകള്‍ ഇതിന് സാക്ഷ്യം പറയുന്നു.

പഴശ്ശികലാപത്തിലും കുറിച്യര്‍ പോരാടിനിന്നു.അസ്ത്രവിദ്യയില്‍ നിപുണരായ കുറിച്യര്‍ കുറിക്കു കൊള്ളിച്ചവന്‍ എന്ന അര്‍ത്ഥത്തിലാണ് കുലത്തില്‍ അറിയപ്പെട്ടിരുന്നത്.ഒളിയുദ്ധത്തിന്റെ കുറിച്യ വീര്യത്തിന് മുമ്പില്‍ പലതവണ ബ്രിട്ടീഷ് സൈന്യം തോറ്റുപോയിട്ടുണ്ട്.കാര്‍ഷിക വൃത്തിയായിരുന്നു കുറിച്യരുടെ കുലത്തൊഴില്‍. നെല്ല് ഇവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു.വിശാലമായ നെല്‍ വയലുകളില്‍ സുഗന്ധനെല്ലിനങ്ങളും കൃഷിയിറക്കി.

നെല്ലുകുത്തുപുരകളും കന്നുകാലികളും ഇവരുടെ തറവാടിന്റെ ഐശ്വര്യമായിരുന്നു.മലക്കാരി ഇഷ്ട ദൈവമായതിനാല്‍ ആരാധനാമൂര്‍ത്തിയുടെ അനുഗ്രഹം ഒഴിച്ചുകൂടാനാവത്തതാണ്.നൂറിലധികം തിറക്കളങ്ങള്‍ ഇവരുടെത് മാത്രമായി വയനാട്ടില്‍ ഉണ്ടായിരുന്നു.പുറംകാലന്‍മാരും ദൈവങ്ങളും ആചാരനിര്‍വൃതിയോടെ തിറക്കളങ്ങളില്‍ നിറഞ്ഞാടി.നായാട്ട് നടത്തുന്ന ഏക ഗോത്രവിഭാഗമെന്ന നിലയില്‍ വയനാടിന്റെ ഗതകാലം വീരകഥകളുടെത് കൂടിയാണ്.വനവാസികളുടെ സ്വാതന്ത്ര്യം കാട്ടിനുളളില്‍ പരിമിതമായതോടെ ഇവര്‍ ഇതില്‍ നിന്നും പിന്‍തിരിഞ്ഞു നടന്നു.കാട്ടുപന്നികളെയടക്കം നായാടി വര്‍ഷത്തിലൊരിക്കല്‍ തുലാംപത്തിന് ഇവര്‍ വേട്ടക്കാലത്തിന്റെ ഓര്‍മ്മ പുതുക്കിയിരുന്നു.എന്നാല്‍ വനനിയമങ്ങള്‍ കര്‍ക്കശമായതോടെ നായാട്ട് ഇവരില്‍ നിന്നും അന്യം നിന്നു. കാര്‍ഷിക നന്മയുടെ കുറിചൃകുലത്തിന്റെ ജീവിത പരിസരങ്ങളും അടിവരയിടുന്നത് ഒന്നിനും പകരം വെക്കാനില്ലാത്ത സംസ്‌കാരമാണ്.


Stories in this Section