വീട്ടില്‍ മുന്തിരി വിളയുമെന്ന് പ്രിയ മോഹന്‍ദാസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഇതാ വീട്ടുമുറ്റത്ത് മുന്തിരിക്കുലകള്‍ തൂങ്ങിക്കിടക്കുന്നു. കോഴിക്കോട് ജില്ലയില്‍ വേങ്ങേരിയിലെ പറപ്പള്ളിപറമ്പില് പ്രിയമോഹന്ദാസിന് നിലമ്പൂരിലെ സുഹൃത്തില്‍നിന്ന് മൂന്ന് തൈകള്‍ കിട്ടിയപ്പോള്‍ ഒരു കൈ നോക്കാമെന്നു കരുതി.
കൂടകളില്‍ പോട്ടിങ് മിശ്രിതം നിറച്ച് അതില്‍ കമ്പുകള്‍ മുറിച്ചുനട്ടാണ് തൈകള്‍ തയ്യാറാക്കിയത്. മുറ്റത്തിന് താഴെ ഒന്നര അടി ആഴത്തില്‍ തയ്യാറാക്കിയ കുഴിയില്‍ പകുതിഭാഗം ചപ്പുചവറുകള്‍ നിറച്ചു. മണ്ണും മണലും ചാണകപ്പൊടിയും ചാരവും മിശ്രിതമാക്കി കുഴി നിറച്ച് അതില്‍ തൈ നട്ടു. വളര്‍ന്നു വരുമ്പോള്‍ കീടാക്രമണം തടയുന്നതിനായി വേപ്പിന്‍പിണ്ണാക്ക് വെള്ളത്തില്‍ കലക്കി ഒഴിച്ചു. വളമായി ചാണകപ്പൊടിയും വെണ്ണീറും കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കലക്കിയതിന്റെ തെളിയും നല്കി. പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞതില്‍ ചാണകവും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന പ്രത്യേക വളക്കൂട്ട് ഇടയ്ക്കിടെ ഉപയോഗിച്ചു. രാവിലെയും വൈകുന്നേരവും നന നിര്‍ബന്ധമാണ്.
കയറുപയോഗിച്ച് പടര്‍ത്തിയപ്പോള്‍ തൂങ്ങിയ മുന്തിരിക്കുലകളുടെ ഭാരത്താല്‍ നിലംപൊത്തുന്ന അവസ്ഥയെത്തി. ഇരുമ്പു ഫ്രെയിമിലാണ് ഇപ്പോള്‍ വള്ളി നില്‍ക്കുന്നത്. പൂത്തു തുടങ്ങിയാല്‍ രണ്ടിലയ്ക്ക് മേലെയുള്ള മുകുളങ്ങള്‍ മുറിച്ചുനീക്കി കൂടുതല്‍ മുകുളങ്ങളാല്‍ സമ്പുഷ്ടമാക്കാന്‍ കഴിയും. തന്മൂലം പൂങ്കുലകളുടെ എണ്ണം കൂടുകയും ചെയ്യുന്നു.
നല്ല സൂര്യപ്രകാശം ആവശ്യമുള്ളതിനാല്‍ ടെറസ്സില്‍ പടര്‍ത്താന്‍ സൗകര്യമുള്ളവര്‍ക്ക് മുറിക്കകത്ത് തണലും തണുപ്പും നല്കാന് സഹായിക്കും. ഒരു വള്ളി പടര്‍ത്തിയാല്‍ ഏതാണ്ട് മുപ്പത് വര്‍ഷത്തോളം കേടുവരാതെ നിലനിര്‍ത്താം. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പച്ചക്കറികള്‍ സ്വയം കൃഷി ചെയ്യുന്ന ശീലക്കാരിയാണ് പ്രിയ. ചേമ്പ്, ചേന, പയര്‍, വെണ്ട, ചീര, വഴുതന, കുരുമുളക്, കോഴിവളര്‍ത്തല്‍ തുടങ്ങിയവയിലെല്ലാം ശ്രദ്ധേയമായ നേട്ടം അവര്‍ വരിച്ചിട്ടുണ്ട്. ഭര്‍ത്താവ് മോഹന്‍ദാസും വിദ്യാര്‍ഥികളായ മക്കള്‍ വൈശാഖും സഞ്ജയും പിന്തുണയ്ക്കുന്നത് തളരാതെ മുന്നേറാന്‍ പ്രചോദനമാകുന്നതായി അവര്‍ പറയുന്നു. ഫോണ്‍: 9633582152.