ആനക്കൊമ്പന്റെ സമൃദ്ധി

Posted on: 03 Aug 2014

ഡോ. ഡി. ഷൈന്‍കുമാര്‍
രണ്ടുമൂന്ന് വെണ്ടക്കായ ഉണ്ടെങ്കില്‍ കറി തയ്യാര്‍. ഇതാ ആനക്കൊമ്പന്‍ വെണ്ട. ആനക്കൊമ്പുപോലെ വളഞ്ഞ ഈ വെണ്ടയുടെ സമൃദ്ധി കാണണമെങ്കില്‍ ചേര്‍ത്തല കുട്ടംചാലുവെളി ശുഭകേശന്റെ വീട്ടിലേക്ക് വരിക. നല്ലപോലെ വളം നല്‍കി വളര്‍ത്തിയാല്‍ 40 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും ഈ വെണ്ടക്കയ്ക്ക്. പാകിയാല്‍ നാലാം ദിവസംതന്നെ വിത്തില്‍നിന്ന് തൈ മുളച്ചുവരും.

ചാണകപ്പൊടിയും കോഴിവളവും മാത്രം മതി ആനക്കൊമ്പന് വളരാന്‍. വാരം കോരി ഒരടി പൊക്കത്തിലുള്ള തടങ്ങളില്‍ വെണ്ട സമൃദ്ധമായി വളരും. ചെടികള്‍ തമ്മില്‍ മൂന്നടി അകലവും വാരങ്ങള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലവുമാകാം. ദിവസവും നന വേണം. നന്നായി നോക്കിയാല്‍ ചെനപ്പ് പൊട്ടി ഇരുപത്തെട്ടാംപക്കം തന്നെ വെണ്ട പൂവിടും. ഒന്നരയാഴ്ച കൂടുമ്പോള്‍ വളം ചേര്‍ത്താല്‍ മുപ്പത്താറാംപക്കം തന്നെ ആദ്യ കായ് വിരിയും.

തുടര്‍ന്ന് ആറ്് മാസത്തോളം വിളവ് കിട്ടുമെന്നതാണ് ആനക്കൊമ്പന്റെ മറ്റൊരു മേന്മ. ഒരു ചെടിയില്‍നിന്ന് 70 കായ്വരെ കിട്ടും.സത്കീര്‍ത്തി, കിരണ്‍, അര്‍ക്ക, അനാമിക തുടങ്ങിയ സാധാരണ വെണ്ടകളില്‍ 10 മുതല്‍ 20 വിത്തുകള്‍ വരെയുണ്ടെങ്കില്‍ ആനക്കൊമ്പനില്‍ വിത്ത് കുറയും. കാഴ്ചയില്‍ ഇളംപച്ചനിറം.

ഇല ചുരുട്ടിയും മറ്റുമാണ് ആനക്കൊമ്പന്റെ ഏക ശത്രുക്കള്‍. അവയെ തുരത്താന്‍ ശുഭകേശന്റെ കാന്താരി പ്രയോഗം ധാരാളം മതി. ഒരു പിടി കാന്താരി അര ലിറ്റര്‍ വെള്ളം ചേര്‍ത്ത് മിക്‌സിയിലരച്ച് 10 ഗ്രാം ബാര്‍സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത മിശ്രിതത്തിലാക്കി തളിച്ചാല്‍ പുഴു പമ്പ കടക്കും. ഒക്ടോബര്‍, നവംബര്‍, ഡിസംബറിലെ മഞ്ഞുകാലം ഒഴിവാക്കിയാല്‍ ആനക്കൊമ്പന്‍ സര്‍വത്രയിടത്തും കൃഷിചെയ്യാം.

വെണ്ടയില്‍നിന്ന് വിത്തെടുക്കാന്‍ ശുഭകേശന് പ്രത്യേക രീതിയുണ്ട്. ആനക്കൊമ്പനെ ഉണക്കി തോട് പൊളിച്ച് വിത്തെടുത്ത് തണലത്തുണക്കി ഡിറ്റര്‍ജന്റ് പൗഡറില്‍ കഴുകി വീണ്ടും നന്നായുണക്കി ജാറുകളില്‍ ശേഖരിക്കും. 10 മുതല്‍ 20 വരെ വിത്തുകള്‍ നിറച്ച പായ്ക്കറ്റുകളാണ് ശുഭകേശന്‍ വിപണനത്തിന് തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് അത് പോസ്റ്റ് വഴി അയച്ചുകൊടുക്കുന്നുമുണ്ട് ശുഭകേശന്‍.
ഫോണ്‍: 9744024981.


Stories in this Section