പി. ഗിരീഷ് കുമാര്‍
കൊയിലാണ്ടി പന്തലായനിയില്‍ കുടുംബശ്രീപ്രവര്‍ത്തകര്‍ ആരംഭിച്ച 'കുറുമ്പ്രനാട് ആട്ഫാം' കൂട്ടായ്മയുടെ വിജയമാകുന്നു. ആട്ടിന്‍പാലിനും ആട്ടിറച്ചിക്കും ഏറെ വിപണന സാധ്യതയുള്ളതിനാല്‍ നല്ലയിനം ആടുകളെ വളര്‍ത്തി വരുമാനമുണ്ടാക്കുന്നതിന് മാതൃക കാട്ടുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.
പന്തലായനിയിലെ ഊട്ടേരിതാഴ, പാറളം, വെള്ളിലാട്ട്, പുഞ്ചിരി എന്നീ നാല് കുടുംബശ്രീ യൂണിറ്റുകളിലെ പ്രവര്‍ത്തകരായ റീന, ഷീബ, ഗീത, ബിന്ദു, തുളസിറാണി എന്നിവര്‍ ചേര്‍ന്നാണ് കുറുമ്പ്രനാട് ആട് ഫാം തുടങ്ങിയത്. ബിന്ദു പ്രസിഡന്റും തുളസിറാണി സെക്രട്ടറിയുമായ സംഘമാണ് ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
നാല് ലക്ഷം രൂപയാണ് ഫാം തുടങ്ങാന്‍ വേണ്ടി വന്നതെന്ന് സെക്രട്ടറി തുളസിറാണി പറഞ്ഞു. ഇതിനായി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 3,80,000 രൂപ വായ്പയെടുത്തു. 20,000 രൂപ മുടക്കുമുതലായി അംഗങ്ങള്‍ തന്നെ എടുക്കുകയായിരുന്നു. യു.ഡബ്യു,എസ്.പി. പദ്ധതി പ്രകാരമാണ് ലോണ്‍ അനുവദിച്ചത്.
ഒരുലക്ഷത്തി മുപ്പത്തിമൂവായിരം രൂപ കുടുംബശ്രീ ജില്ലാ മിഷന് ഇതിന് സബ്സിഡിയായി നല്കി. എട്ട് മീറ്റര്‍ വീതിയും 11 മീറ്റര്‍ നീളവുമുളള ഫാമിന് രണ്ടര ലക്ഷം രൂപ ചെലവായി. ആറടി ഉയരത്തില്‍ പനകൊണ്ട് അടിതട്ട് നിര്മിച്ചിനാല് ഫാമിനുള്ളില്‍ യഥേഷ്ടം കാറ്റും വെളിച്ചവും ലഭിക്കും. ആട്ടിന്‍ കാഷ്ഠവും മൂത്രവും ശേഖരിക്കാന്‍ പ്രത്യേക സജ്ജീകരണമുണ്ട്. ക്ഷുദ്ര ജീവികള്‍ ആടുകളെ ആക്രമിക്കാതിരിക്കാന്‍ കൂടിന് പലകയടിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്.
ആട് വളര്‍ത്തലില്‍ മലമ്പുഴ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പെരുവണ്ണാമൂഴിയില്‍ നിന്നും ഇവര്‍ക്ക് പരിശീലനം ലഭിച്ചിരുന്നു. കൂത്തുപറമ്പിലെ കുടുംബശ്രീ ആട് ഗ്രാമത്തില്‍ നിന്നാണ് ഫാമിലേക്ക് ആടുകളെ കൊണ്ടുവന്നത്. കിലോയ്ക്ക് 250 രൂപ നിരക്കിലാണ് ആടുകളെ വാങ്ങിയത്.
ഫാമില്‍ മലബാറി ഇനത്തിലും സങ്കരയിനമായ ജമിനാപാരിയിലുംപെട്ട ആടുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ രണ്ടെണ്ണം മുട്ടനാടുകളാണ്. ഉടന്‍തന്നെ ആട് ഫാം വികസിപ്പിക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. ഫാം വികസനത്തിനായി കുടുംബശ്രീ ജില്ലാ മിഷന് ആറ് മാസം കഴിഞ്ഞാല്‍ 50,000 രൂപ വീണ്ടും നല്‍കും. 50 ആടുകളെ വരെ വളര്‍ത്താനുള്ള സൗകര്യം ആട് ഫാമിനുണ്ട്. ആട് പെല്ലറ്റാണ് പ്രധാന തീറ്റ. കൂടാതെ പ്ലാവിലയും പുല്ലുമെല്ലാം ഉത്സാഹത്തോടെ നല്കി നാട്ടുകാരും ഫാമിന്റെ പ്രര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്.
രോഗങ്ങള്‍ വരാതിരിക്കാന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തുന്നു. ആടുകള്‍ക്ക് വയറിളക്കം ബാധിച്ചാല്‍ പേരയിലയും കടുപ്പത്തില്‍ കട്ടന്‍ ചായയുമാണ് നല്‍കുന്നത്. ആഴ്ചയിലൊരിക്കല്‍ ബ്രഷ് ഉപയോഗിച്ചു രോമങ്ങള്‍ വൃത്തിയാക്കും. ദിവസവും കൂട് ശുചീകരിക്കും. കൊയിലാണ്ടി നഗരസഭാധ്യക്ഷ കെ. ശാന്തയും കൗണ്‍സിലര്‍ എം.എം. ഷൈമയും ഫാമിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്.
പന്തലായനി കുറുമ്പ്രനാട് ആട്ഫാമിന്റെ വിജയത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കൊയിലാണ്ടി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആട് ഫാം തുടങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'മലബാര്‍ മീറ്റ്സു'മായി സഹകരിച്ച് മുന്നോട്ടുപോകുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. ഫോണ്‍: 9645652906 (തുളസിറാണി).