യന്ത്രങ്ങള്‍ പാടത്തേക്കിറങ്ങുമ്പോള്‍....

Posted on: 14 Jul 2014

-ഇ.വി.ജയകൃഷ്ണന്‍, evjkmbi@gmail.com
മേട പുലരി പിറന്നാല്‍ അവര്‍ കൂട്ടത്തോടെ പാടത്തേക്കിറങ്ങുകയായി...മുണ്ടും ഷര്‍ട്ടുമിട്ട സ്ത്രീകളാകും കൂടുതല്‍.ചാറ്റല്‍ മഴയേയും വെയിലിനേയും തടയിടുന്നതിനായി ഓരോരുത്തരും തുണികൊണ്ട് തല മറച്ചു കെട്ടിയിട്ടുണ്ടാകും.കട്ട പൊളിക്കുന്നതില്‍ തുടങ്ങി കതിരു കൊയ്യുന്നതുവരെയുള്ള നാളുകള്‍.ഇടവപ്പാതിയും കര്‍ക്കിടകമഴയും കഴിഞ്ഞ് ചിങ്ങം വന്നു ചേരുന്നതു വരെയുള്ള ഒന്നാം വിളക്കാലം..നാട്ടിപാട്ടുകള്‍ മുഴങ്ങുന്ന വയലേലകള്‍.കഥയും കടങ്കഥയും പറഞ്ഞ് കള പറിച്ചും കതിരുകൊയ്തും ഉത്സാഹഭരിതരാകുന്നവര്‍...സ്ത്രീ തൊഴിലാളികളുടെ നാട്ടിപ്പാട്ടിന് താളം കൊടുക്കുന്നത് പോലെ കാളകളെ കൊണ്ട് നിലം ഉഴുതുന്ന പുരുഷന്‍മാര്‍...നമ്മുടെ നെല്‍ പാടങ്ങളില്‍ ഒന്നര പതിറ്റാണ്ടു മുമ്പു വരെ ഇത്തരമൊരു കാഴ്ചയുണ്ടായിരുന്നു.ഇപ്പോഴത്തെ തലമുറക്ക് ഇതെല്ലാം കേള്‍ക്കുമ്പോള്‍ അതിശയമായിരിക്കും.കാരണം നാട്ടിന്‍ പുറങ്ങളിലെ അവശേഷിക്കുന്ന വയലുകളില്‍ അവര്‍ കാണുന്നത് യന്ത്രങ്ങളാണ്.നാട്ടിപ്പാട്ടുകള്‍ ഉയര്‍ന്ന വയലേലകളില്‍ ഇന്ന് യന്ത്രങ്ങളുടെ കാതിടിപ്പിക്കുന്ന ശബ്ദം അലയടിക്കുന്നു.

നീളമുള്ള മരമുട്ടി കൊണ്ട് പൊട്ടിച്ചിരുന്ന പാടത്തെ കട്ടകള്‍ക്ക് മുകളിലേക്ക് ടില്ലറും ടാക്ടറുമെത്തി. പിന്നിടിങ്ങോട്ട് മനുഷ്യന്‍ ചെയ്യുന്ന ഓരോ ജോലിയും യന്ത്രങ്ങള്‍ ഏറ്റെടുത്തു തുടങ്ങി.വയലുകളെ പച്ചപ്പണിയിക്കുന്ന യന്ത്രങ്ങളെ സ്വാഗതം ചെയ്യാതിരിക്കാനാകില്ലെന്ന തിരച്ചറിവ് കമ്പ്യൂട്ടറിന്റെ കാര്യത്തിലെന്ന പോലെ പാടത്തെ പ്രതിഷേധക്കാരിലും ഉണ്ടായി.അതുകൊണ്ടു തന്നെ ടാക്ടറുകള്‍ വന്നപ്പോള്‍ അതിനെതിരെ കൊടിപിടിച്ചവര്‍ പോലും ഇപ്പോള്‍ യന്ത്രങ്ങളെത്തിക്കാന്‍ മത്സരിക്കുന്നു.

പഠിപ്പും പത്രാസുമൊക്കെയായപ്പോള്‍ കര്‍ഷക കുടുംബങ്ങളിലെ പുതു തലമുറക്കാര്‍ക്ക് മണ്ണിനോടും വയലിനോടും വെറുപ്പ്.അവര്‍ പട്ടണത്തില്‍ ജോലിക്കാരായി..ഉദ്യോഗസ്ഥരായി.അപ്പോള്‍ കര്‍ഷകരായ മാതാപിതാക്കളും അവര്‍ക്കൊപ്പം നിലകൊണ്ടു.വയലുകളില്‍ നിന്നുള്ള പിന്‍മാറ്റം നഷ്ടകണക്ക് പറഞ്ഞു കൊണ്ടായിരുന്നു.പിന്നീടത് തൊഴിലാളിക്ഷാമത്തിന്റെ ചൂണ്ടിക്കാട്ടലിലേക്കെത്തി.തൊണ്ണൂറുകളുടെ അവസാനത്തോടെ പാടങ്ങള്‍ തരിശ്ശിടാന്‍ തുടങ്ങി.വയല്‍ നികത്തി കെട്ടിടങ്ങള്‍ പണിതു.പ്രതി വര്‍ഷം മൂന്നു വിളകള്‍ വരെ അനുഗ്രഹിച്ച് നല്കിയ പാടങ്ങള്‍ മണ്ണിനടിയിലായി.

എത്തിയത് യന്ത്രങ്ങളാണെങ്കിലും ഒഴിഞ്ഞ ഒട്ടേറെ പാടങ്ങള്‍ പച്ച പുതച്ചു.തൊഴിലാളികളെ കിട്ടാനില്ലെന്ന പരിഭവം പറച്ചലില്ല.സ്വന്തമായ നെല്ലുല്‍പാദനം ലക്ഷ്യം. അതുകൊണ്ടുതന്നെ ലാഭ-നഷ്ട കണക്കുകള്‍ ഇവിടെ അപ്രസക്തമാകുന്നു.എന്‍ജിനിയര്‍മാരും ഡോക്ടര്‍മാരും മറ്റു ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ പാടങ്ങളിലേക്ക് യന്ത്രങ്ങളെത്തിക്കുന്നു.രാസവളമിടാത്ത അരി കുറച്ചെങ്കിലും കൈയിലെത്തുമല്ലോയെന്ന ലക്ഷ്യത്തോടെ.

ഇടക്കാലത്തില്ലാതായ വയലുകള്‍ പുതിയ തരത്തില്‍ പുനര്‍ജനിക്കുമ്പോള്‍ നാട് പ്രതീക്ഷയിലാണ്.പാടത്തേക്ക് യന്ത്രങ്ങളെത്തിക്കാന്‍ അഗ്രോസര്‍വ്വീസ് സൊസൈറ്റികള്‍പ്രവര്‍ത്തിക്കുന്നുണ്ട്.ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 35 അഗ്രോസര്‍വ്വീസ് സൊസൈറ്റികള്‍ തുടങ്ങിയിട്ടുണ്ട്.ഇതില്‍ 21 എണ്ണം കൃഷിവകുപ്പിന് കീഴിലും ബാക്കിയുള്ളവ കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുമാണ്.ഞാറ്റടികള്‍ തെയ്യാറാക്കുന്നതു മുതല്‍ കൊയ്ത്തുമെതിവരെയുള്ള എല്ലാ കാര്യങ്ങളും അഗ്രോസര്‍വ്വീസ് സൊസൈറ്റിക്കാരും കൃഷി ഉദ്യോഗസ്ഥരും യന്ത്രങ്ങളെത്തിച്ച് ചെയ്ത് കൊടുക്കുന്നുണ്ട്.

കണ്ണൂരിലെയും കാസര്‍ക്കോട്ടെയും ഒട്ടേറെ പാടങ്ങളില്‍ നെല്‍കൃഷി പുനര്‍ജനിച്ചുവെന്ന കണക്കുകളാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.ഇടക്കാലത്ത് പാടങ്ങളെ മറന്നെന്ന് പഴി കേട്ട വയല്‍ ഗ്രാമമമാണ് കല്ല്യശ്ശേരി.ഇക്കുറി ഇവിടുത്തെ കൃഷി ഉദ്യോഗസ്ഥരെ തേടി കൂട്ടത്തോടെ പുരസ്‌കാരങ്ങളെത്തിയതിന് പിന്നിലും നെല്‍പ്പാടങ്ങളുടെ പുനര്‍ജനി തന്നെ.


ഒടുവിലെത്തിയത് ഞാറു നടല്‍ യന്ത്രം

നെല്‍പാടങ്ങളില്‍ ഒടുവിലെത്തിയത് ഞാറു നടല്‍ യന്ത്രമാണ്.ടാക്ടര്‍ മാതൃകയില്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന വാഹനമെന്നിതിനെ വിശേഷിപ്പിക്കാം.പാലക്കാടും ആലപ്പുഴയിലും പരീക്ഷിച്ച് വിജയിച്ച ഈ യന്ത്രം ഇപ്പോള്‍ വടക്കന്‍ ജില്ലയിലും വ്യാപകമായെത്തി.കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ തരിശ്ശിട്ട ഏക്കര്‍ കണക്കിന് പാടങ്ങള്‍, ഞാറു നടല്‍ യന്ത്രമെത്തിയതോടെ വീണ്ടും പച്ചപ്പണിഞ്ഞു.

ഞാറുകള്‍ പറിച്ചുനടുകയെന്നത് ശ്രമകരമായ ജോലിയാണ്.മറ്റു പല യന്ത്രങ്ങള്‍ പാടത്തിറങ്ങിയിട്ടും വയലുകള്‍ പൂക്കാതിരുന്നത് ഞാറ്റടികള്‍ മാറ്റി നടാനാളുകളെ കിട്ടാത്തതിനാലാണ്.കൂട്ട നിറയെ വിത്തുകളുമായെത്തി കൈകൊണ്ട് വിതറിയെറിയുന്ന രിതീയല്ല,മറിച്ച് വയലിലെ ചെറിയൊരു സ്ഥലത്ത് വിത്തുല്‍പാദനം നടത്തും.ഞാറ്റടികളായാല്‍ അവയെടുത്ത് യന്ത്രത്തില്‍ കയറ്റും.ക്രമപ്രാകരമുള്ള സഞ്ചാരത്തിനിടെ ഈ ഞാറുകള്‍ യന്ത്രത്തിന്റെ പല്ലുകള്‍ വിലിച്ചെടുത്ത് ഒന്നിന് പിറകെ ഒന്നായി വയ്ക്കുന്നു.

രണ്ടുമണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ പാടം ഞാറുകളാല്‍ സമൃദ്ധമാകും.തൊഴിലാളികളെ കൊണ്ടാണ് ഈ പണി ചെയ്യിപ്പിക്കുന്നതെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും.പതിനഞ്ച് മുതല്‍ 20 ദിവസം വരെയായി 18 തൊഴിലാളികള്‍ എടുക്കുന്ന ജോലിയാണ് യന്ത്രം രണ്ടുമണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്നതെന്ന് കൃഷിഉദ്യോഗസ്ഥര്‍ പറയുന്നു.

ആദ്യം പാടത്തിറങ്ങിയത് ടില്ലര്‍

നെല്‍പാടത്തേക്ക് ആദ്യമിറങ്ങിയ യന്തം പവര്‍ടില്ലറാണ്.കാളകളെ കൊണ്ട് കലപ്പ വലിപ്പിച്ച് നിലം ഉഴുതുന്നതിന് പകരക്കാരനായാണ് ടില്ലറെത്തിയത്.ടില്ലര്‍ യന്ത്രത്തെ ഉന്തിക്കൊണ്ട് വേണം നിലമുഴുതാന്‍.ടില്ലര്‍ പരിഷ്‌കരിക്കപ്പെട്ട് ടാക്ടറെത്തി.കാളപ്പൂട്ടില്‍ പലകവച്ച് നിലം നിരപ്പാക്കുന്നതും പിന്നീട് ടാക്ടര്‍ ഏറ്റെടുത്തു.

ഇപ്പോള്‍ അത്യാധുനിക രീതിയിലുള്ള ലേസര്‍ നിയന്ത്രിത നിരപ്പാക്കല്‍ യന്ത്രവുമെത്തിയിട്ടുണ്ട്. കൈത്തൊഴിലിനു പകരക്കാരായെത്തിയ ഡിസ്‌ക് കലപ്പ,ഇരട്ടക്കലം,ടൈന്‍ടൈപ്പ് കള്‍ട്ടിവേറ്റര്‍,ഡിസ്‌ക് ഹാരോ,ചെളി കലക്കി തുടങ്ങിയ ചെറു മിഷ്യനുകള്‍ക്കും ഇപ്പോള്‍ നെല്‍വയലുകളില്‍ സ്ഥാനമില്ല.ഇവയുടെ മുഴുവന്‍ പ്രക്രിയകളും ഒരുമിച്ച് ചെയ്യുന്ന യന്ത്രങ്ങള്‍ എത്തി കഴിഞ്ഞു.ഇടയിളക്കാന്‍ കോണോവീഡറും കതിര്‍ സംരക്ഷണത്തിന് നാപ്‌സിക് സ്‌പെയറും ഉപോയോഗിക്കുന്നുണ്ട്.


വിളവെടുപ്പ് ഉപകരണങ്ങള്‍:

അരിവാളും കയറുമായെത്തുന്ന സ്ത്രീത്തൊഴിലാളികള്‍ കതിര്‍സമ്പന്നമായ പാടത്തിറങ്ങി കൊയ്ത്തു നടത്തുന്നത് പഴയകാലം.ഇന്ന് വിളവെടുപ്പിനും അതിന് ശേഷമുള്ള പ്രക്രിയകള്‍ക്കും യന്ത്രങ്ങളുണ്ട്. കൊയ്ത്ത് യന്ത്രം തന്നെയാണ് ഇതില്‍ പ്രധാനി.യന്ത്രം ടാക്ടറില്‍ ഘടിപ്പിച്ചാണ് കൊയ്ത്ത്.കൊയ്ത്ത് കഴിഞ്ഞാല്‍ കറ്റ കെട്ടുന്നതും യന്ത്രം കൊണ്ട് തന്നെ. മുന്‍കാലങ്ങളില്‍ കതിരുകള്‍ ചവുട്ടി മെതിച്ച് നെല്ലിനെ വേര്‍പ്പെടുത്തുകയാണ് ചെയ്തിരുന്നത്.ഇപ്പോള്‍ മെതിയന്ത്രം അതെല്ലാം ഭംഗയായി ചെയ്യും.ബഹുവിള മെതിയന്ത്രം,നെല്ലുമെതിയന്ത്രം എന്നിങ്ങനെ വിവിധ പേരുകളിലാണ് മെതിയന്ത്രങ്ങളുള്ളത്.


വിത്തു മുളപ്പിക്കുന്ന രീതി

പുതിയ ഞാറു നടല്‍ യന്ത്രം എത്തിയതോടെ വിത്തുവിതയ്ക്കല്‍ യന്ത്രത്തിന് പ്രസക്തിയില്ലാതായി.ഇപ്പോള്‍ ഒരിടത്ത് വിത്ത് മുളപ്പിച്ച ശേഷം അത് പാടം മുഴുവനുമെത്തിക്കുകയാണ്.ഒരേക്കര്‍ സ്ഥലത്ത് ഞാറു നടാന്‍ ആവശ്യമായ വിത്ത് മുളപ്പിക്കാന്‍ ഒരു സെന്റ് സ്ഥലം ധാരാളം.വിത്തുല്പാദന രീതി അവലംബിക്കുന്നത് പലയിടത്തും പല രീതിയിലാണ്.വിത്തിടുന്നതും പാകപ്പെടുത്തുന്നതുമെല്ലാം സമാനമാണെങ്കിലും ഉപയോഗിക്കുന്ന ജൈവ വളങ്ങളും അവയുടെ തോതുമെല്ലാം വിത്യസ്തമാകുന്നുണ്ട്.

ജൈവ കൃഷിയിലൂടെ കാന്താരി മുളക് മുതല്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നെല്ലുല്‍പ്പാദനത്തിലും വരെ വിജയഗാഥ സൃഷ്ടിച്ച കാഞ്ഞങ്ങാട് മേലാങ്കോട്ടെ ഗുരുദത്ത് പറയുന്നത് കേള്‍ക്കുക:നാടന്‍ പശുവിന്റെ മൂത്രവും ചാണകവും ചേര്‍ത്ത് ബീജാമൃതം തെയ്യാറാക്കും.ഒപ്പം തന്നെ ചാണകം,കറുത്തവെല്ലം,കടലപ്പൊടി എന്നിവയും കുറച്ച് ചുണാമ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് അതില്‍ വിത്തിടും.ഒരു ദിവസം മുഴുവന്‍ വിത്ത് കുതിരണം.അതിനു ശേഷം നേരത്തെ തെയ്യാറാക്കിയ ബീജാമൃതത്തില്‍ മുക്കി ഒരു ദിവസം ചാക്കില്‍ കെട്ടി വയ്ക്കും.

പാടത്ത് വിത്ത് മെത്തയൊരുക്കുകയാണ് അടുത്ത ജോലി.രണ്ട് ആദ്യം പ്ലാസ്റ്റിക്ക് ഷീറ്റു വിരിച്ച് മണ്ണ് വിതറും.അതിനു മുകളില്‍ ചാണകപ്പൊടിയും ഇടും.ഇതിലേക്കാണ് ചാക്കില്‍ കെട്ടിവച്ച വിത്തുകള്‍ ഇടുക.15 മുതല്‍ 20 ദിവസം കൊണ്ട് ഞാറുകളാകും.ഇത്തരത്തില്‍ ഞാറ് മുളപ്പിച്ച് നെല്ല് ഇത്പാദിപ്പിക്കാന്‍ ഏക്കറിന് 4,500 രൂപ ചെലവു വരുമെന്നും ഗുരുദത്ത് പറഞ്ഞു
Stories in this Section